സംസ്ഥാനത്ത് സർക്കാർ സ്കൂളുകളുടെ മുഖച്ഛായ മാറുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേരളത്തിൽ ഇപ്പോൾ കുട്ടികൾക്ക് പഠിക്കാൻ എസി മുറികൾ പോലുമുണ്ട്. കേരളം വിട്ട് പോയിക്കഴിഞ്ഞാൽ കൊച്ചുകൊച്ചു മാടക്കടകൾ പോലെ കെട്ടിവച്ച സ്ഥാപനങ്ങളിലാണ് കുട്ടികൾ പഠിക്കുന്നത്. സംസ്ഥാനത്ത് കിഫ്ബിയുടെ പിന്തുണയോടെ പുതുമോടിയിലെത്തുന്നത് 973 സർക്കാർ സ്കൂളുകളാണെന്നും 52,000 ക്ലാസ് മുറികൾ ഹൈടെക് ആക്കിയെന്നും മന്ത്രി പറഞ്ഞു. 3.75 ലക്ഷത്തോളം ഉപകരണങ്ങളും കിഫ്ബി വഴി വാങ്ങിനൽകി.

973 സ്കൂളുകൾക്ക് കിഫ്ബി വഴി ഫണ്ട് അനുവദിച്ചതിൽ 519 ഇടത്ത് പദ്ധതികൾ പൂർത്തിയായി. 454 ഇടത്ത് പുരോമഗിക്കുന്നു. എസിയുള്ള ക്ലാസ് മുറികളും ലിഫ്റ്റ് വച്ച സ്കൂളുകളുമാണ് കുട്ടികളുടെ ആവശ്യവും ആകര്‍ഷണവും. കെട്ടിട നിര്‍മാണത്തില്‍ മാത്രമല്ല, ഹൈടെക്കും സ്മാര്‍ട്ടുമായി ക്ലാസ് മുറികളെ മാറ്റി വിദ്യാഭ്യാസരംഗം ഡിജിറ്റൽവൽകരിക്കുന്നതിലും കിഫ്ബിക്ക് വലിയ പങ്കുണ്ടെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. 

5 കോടി, 3 കോടി, 1 കോടി എന്നിങ്ങനെയുള്ള കിഫ്ബി ധനസഹായമാണ് പ്രാരംഭഘട്ടത്തിൽ സ്കൂളുകൾക്ക് വിഭാവനം െചയ്തിട്ടുള്ളത്. ഫിഷറീസ് വകുപ്പിലൂടെയും മത്സ്യത്തൊഴിലാളികളുടെ കുട്ടികൾ പഠിക്കുന്ന 57 സ്കൂളുകൾക്ക് 66 കോടി രൂപ ഭൗതിക സൗകര്യ വികസനത്തിനായി പ്രയോജനപ്പെടുത്തി. കായികവകുപ്പിന്റെ 5 സ്കൂളുകളുടെ കളിസ്ഥലം നിർമാണവുമായി ബന്ധപ്പെട്ട് 76.38 കോടി രൂപയുടെ പദ്ധതികൾക്കും കിഫ്ബി ധനസഹായം ലഭിച്ചു.

V Sivankutty. Photo Credit : Rahul R Pattom / Manorama

ക്ലാസ് റൂമുകൾ, ടീച്ചേഴ്സ് റൂം, എച്ച്എമ്മിന്റെയും പ്രിൻസിപ്പലിന്റെയും മുറികൾ, ഗ്രൗണ്ട് തുടങ്ങിയവയുടെ നവീകരണവും നടത്തി. അടുത്ത പത്തിരുപതു വർഷക്കാലത്തേക്ക് മറ്റൊരു നിർമാണപ്രവർത്തനങ്ങളും ആവശ്യമില്ലാത്ത നിലയിലുള്ള സംവിധാനങ്ങളാണ് ക്ലാസ് മുറികളിലുള്ളത്. സാങ്കേതിക തികവുള്ള ക്ലാസ് റൂമുകളിൽ പരിശീലിപ്പിക്കാൻ അധ്യാപകർക്കും സാങ്കേതിക പരിശീലനം കൊടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English Summary:

KIIFB Funds Revolutionize Education in Kerala with 973 Upgraded Schools, Says Minister V. Sivankutty