
ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിലും സമ്പദ്വ്യവസ്ഥയിലും സ്വർണത്തിന് പ്രധാന പങ്കുണ്ട്. സ്വർണത്തിന്റെ വില എല്ലാ ദിവസവും ഉയരുമ്പോൾ, ഇന്ത്യൻ സ്ത്രീകൾ കൈയ്യിൽ വച്ചിരിക്കുന്ന സ്വർണത്തിന്റെ അളവ് കേട്ട് ഞെട്ടുകയാണ് ലോകമൊട്ടാകെ. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ സ്വർണ നിക്ഷേപം ഇന്ത്യൻ സ്ത്രീകളുടെ കൈയിലാണ്. ലോകത്തിലെ മുൻനിരയിലുള്ള അഞ്ച് രാജ്യങ്ങളുടെ മൊത്തം സ്വർണശേഖരത്തേക്കാൾ കൂടുതലാണ് ഇത്.
കണക്കുകൾ പ്രകാരം അമേരിക്ക, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, റഷ്യ എന്നീ രാജ്യങ്ങൾക്ക് ഒന്നിച്ചുള്ളതിനേക്കാൾ കൂടുതൽ സ്വർണം ഇന്ത്യൻ സ്ത്രീകൾ കൈവശം വച്ചിട്ടുണ്ട്. ഇന്ത്യൻ സ്ത്രീകളുടെ കൈവശം ആകെ 24,000 ടൺ സ്വർണം ഉണ്ടെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ട് പറയുന്നു. അമേരിക്ക (8,133 ടൺ), ജർമ്മനി (3,362 ടൺ), ഇറ്റലി (2,451 ടൺ), ഫ്രാൻസ് (2,436 ടൺ), റഷ്യ (2,298 ടൺ) എന്നിങ്ങനെയാണ് രാജ്യങ്ങളുടെ സ്വർണ കരുതൽ ശേഖരം.
സംസ്കാരം-പാരമ്പര്യം
ഇന്ത്യൻ സംസ്കാരത്തിൽ സ്വർണത്തിന് ആഴത്തിലുള്ള മതപരവും ആത്മീയവുമായ അർത്ഥമുണ്ട് .ഹിന്ദു സംസ്കാരവുമായി ഇഴചേർന്ന് കിടക്കുന്ന സ്വർണത്തിന്റെ പ്രാധാന്യം എല്ലാ ആചാര–അനുഷ്ടാനങ്ങളിലും കാണാം. സമൃദ്ധിയുടെ ദേവതയായ ലക്ഷ്മി വഴി കുടുംബത്തിന് ധാരാളം അനുഗ്രഹങ്ങൾ ലഭിക്കുമെന്ന് പൊതുവെ ഇന്ത്യക്കാർ വിശ്വസിക്കുന്നു. അതുകൊണ്ടാണ് കുടുംബങ്ങൾ വധുവിന് ധരിക്കാനും സുരക്ഷിതമായി സൂക്ഷിക്കാനും ആഭരണങ്ങളുടെയോ സ്വർണ്ണക്കട്ടികളുടെയോ രൂപത്തിൽ സ്വർണം നൽകുന്നത്.
ഇത് ശുഭകരമായും കണക്കാക്കപ്പെടുന്നു. ഹിന്ദു വിവാഹങ്ങളിൽ സ്വർണ്ണാഭരണങ്ങൾ വധുവിന്റെ വിശുദ്ധിയെയും സാമ്പത്തിക സുരക്ഷയെയും കാണിക്കുന്നു. ഇതുകൊണ്ടുതന്നെ സ്വർണം എല്ലാ ഇന്ത്യൻ കുടുംബങ്ങളുടെയും ഭാഗമാണ്. മിക്ക ഇന്ത്യക്കാരും ഇതിനെ കുടുംബ പാരമ്പര്യമായി കണക്കാക്കുന്നു. കുടുംബ പാരമ്പര്യം നിലനിർത്തുന്നതിനായി ആഭരണങ്ങൾ അടുത്ത തലമുറകളിലേക്ക് കൈമാറ്റം ചെയ്യാറുണ്ട്. ഹിന്ദുക്കളുടെ ഇടയിൽ മാത്രമല്ല, ക്രിസ്ത്യാനികളുടെ ഇടയിലും, മുസ്ലിമുകളുടെ ഇടയിലും വിവാഹ സമയങ്ങളിൽ വധുവിന് സ്വർണം കൊടുക്കുന്നത് ഒഴിവാക്കാൻ സാധിക്കാത്ത കാര്യമാണ്.
ഇന്ത്യൻ ആചാരങ്ങളുടെ കേന്ദ്രബിന്ദുവാണ് സ്വർണസമ്മാനവും. ചടങ്ങുകളിൽ ഇന്ത്യയിൽ എല്ലാ മതക്കാരും, സ്വർണം സമ്മാനമായി നൽകാറുണ്ട്. ദീപാവലി, ധന്തേരസ്, അക്ഷയ തൃതീയ തുടങ്ങിയ ഉത്സവങ്ങൾ സ്വർണം വാങ്ങുന്നതിനുള്ള പ്രധാന അവസരങ്ങളായി ഇന്ത്യക്കാർ കണക്കാക്കുന്നതിനാൽ ആ സമയങ്ങളിൽ സ്വർണ വില ഉയരാറുണ്ട്.
പ്രത്യേക ദിനങ്ങളിലും, സമയങ്ങളിലും സ്വർണം വാങ്ങിയാൽ അത് സമ്പത്തും ഭാഗ്യവും കൊണ്ടുവരുമെന്ന വിശ്വാസമാണ് ഇതിന് കാരണം. സാംസ്കാരിക ആചാരങ്ങൾക്കപ്പുറം, ഇന്ത്യൻ കുടുംബങ്ങൾക്ക് സ്വർണം പ്രിയപ്പെട്ട നിക്ഷേപ മാർഗവുമാണ്.
സൗത്ത് ഇന്ത്യ മുന്നിൽ
ഇന്ത്യൻ സ്ത്രീകളുടെ കൈവശം ഉള്ള സ്വർണത്തിന്റെ മൊത്തം വിഹിതത്തിന്റെ 40% ദക്ഷിണേന്ത്യയിലാണ് എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 28% വരുന്ന തമിഴ്നാടാണ് ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണം കൈവശം വച്ചിരിക്കുന്നത്. ഇന്ത്യൻ കുടുംബങ്ങളുടെ സ്വർണ ശേഖരം രാജ്യത്തിന്റെ ജിഡിപിയുടെ 40% വരും എന്നാണ് ഏകദേശ കണക്കുകൾ.
ഓക്സ്ഫോർഡ് ഗോൾഡ് ഗ്രൂപ്പാണ് ഇതിനെ കുറിച്ചുള്ള റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യൻ ആദായനികുതി നിയമങ്ങൾ പ്രകാരം വിവാഹിതരായ സ്ത്രീകൾക്ക് നികുതി ചുമത്താതെ 500 ഗ്രാം സ്വർണം കൈവശം വയ്ക്കാൻ അനുവാദമുണ്ട്. അവിവാഹിതരായ സ്ത്രീകൾക്ക് 250 ഗ്രാം, പുരുഷന്മാർക്ക് 100 ഗ്രാം എന്നിങ്ങനെയും കൈവശം സൂക്ഷിക്കാം.
സ്വർണത്തിന്റെ പ്രതിശീർഷ ഉപഭോഗത്തിൽ കേരളം മുന്നിലാണെന്ന് കണക്കുകൾ പറയുന്നു. സ്വർണ വ്യവസായത്തിനായുള്ള മാർക്കറ്റ് ഡവലപ്മെന്റ് ഓർഗനൈസേഷൻ പങ്കിട്ട കണക്ക് പ്രകാരം കേരളത്തിൽ സ്വർണ, വെള്ളി ആഭരണങ്ങൾ വ്യാപാരം ചെയ്യുന്ന 15,000-ത്തിലധികം സ്ഥാപനങ്ങളുണ്ട്.
ശരിയായ നിക്ഷേപം
പരമ്പരാഗത ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കാൻ അറിയാത്തത് മൂലവും നിരവധി ഗ്രാമീണ ഇന്ത്യക്കാർ സ്വർണത്തിൽ നിക്ഷേപിക്കാൻ ഇഷ്ടപ്പെടുന്നുണ്ട്. പെട്ടെന്ന് പണത്തിനു ആവശ്യം വരുമ്പോൾ പണയം വച്ച് പണം കണ്ടെത്താനും ഉപകരിക്കുമെന്നതിനാൽ സ്വർണം എപ്പോഴും സ്ത്രീകൾക്ക് (പ്രത്യേകിച്ച് ഗ്രാമീണ മേഖലയിൽ) ആഭരണമെന്നതിലുപരി സാമ്പത്തിക അത്താണി ആണ്.
നഗരങ്ങളിലെ സ്ത്രീകളും, ഓഹരിയിലും, റിയൽ എസ്റ്റേറ്റിലും നിക്ഷേപിക്കാനിഷ്ടപ്പെടുന്നതിനൊപ്പം സ്വർണത്തിലും നിക്ഷേപിക്കാറുണ്ട്. ആസ്തികൾ വൈവിധ്യവൽക്കരിക്കുന്നതിന്റെ ഭാഗമായും ഇന്ത്യയിൽ സ്വർണ നിക്ഷേപം ഉയരുന്നുണ്ട്.
മ്യൂച്ചൽഫണ്ട് മാനേജർമാർ ഇവർക്ക് പിന്നിൽ
സ്വർണത്തിൽ നിന്ന് ലഭിക്കുന്ന ആദായംചില വർഷങ്ങളിൽ മ്യൂച്വൽ ഫണ്ടുകളിൽ നിന്നോ, ഓഹരികളിൽ നിന്നോ ലഭിക്കുന്നതിലും കുറവാണെങ്കിലും, 1925 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ, സ്വർണം തിളക്കമുള്ള ആദായം സ്ഥിരമായി നൽകിയതായി കാണാം. മ്യൂച്വൽ ഫണ്ട് മാനേജർമാർ പോലും സ്ഥിരതയാർന്ന ആദായം നൽകാൻ ബുദ്ധിമുട്ടുമ്പോൾ സ്വർണം വർഷാവർഷം കുറഞ്ഞത് 12 ശതമാനമെങ്കിലും ആദായം നല്കുന്നതിനാലാണ് ഇന്ത്യൻ സ്ത്രീകളാണ് ലോകത്തിലേക്കും വച്ച് ഏറ്റവും നല്ല അസറ്റ് മാനേജർമാർ എന്ന് ചിലർ അഭിപ്രായപ്പെടുന്നത്.
2024-ൽ ഇറക്കുമതി നികുതി കുറച്ചത് ഇന്ത്യയിലെ സ്വർണ ആവശ്യകത വർദ്ധിപ്പിച്ചു. ലോകം ഒരു സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ചാലും സ്വർണം കൈവശമുള്ളവർ രക്ഷപ്പെടുമെങ്കിൽ ഇന്ത്യൻ സ്ത്രീകൾ ആയിരിക്കും ആ അവസ്ഥയിൽ കുലുങ്ങാതെ നിൽക്കുക എന്ന് പറയാം.
ഇന്ത്യക്കാർ സ്വർണത്തെ പരിശുദ്ധിയുടെയും സൗന്ദര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി കാണുന്നതിന്റെ കൂടെ ഇനി മുതൽ സാമ്പത്തിക ശക്തി ആയും കാണാൻ തുടങ്ങാം. മൂല്യം ഒരിക്കലും താഴാതെ, വർഷങ്ങളോളം നല്ല ആദായം നൽകിയിരുന്ന സ്വർണം ഭാവിയിലും അങ്ങനെ തന്നെ ആയിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]