കൈയിൽ കാശുകിട്ടിയാൽ അതെവിടെ നിക്ഷേപിക്കുന്നതാണ് ഉചിതം? എല്ലാവരും ചിന്തിക്കുന്ന കാര്യമാണിത്. ഓഹരി വിപണിയിൽ ഇട്ടാൽ ‘പണി’ കിട്ടുമോ? കാശ് മൊത്തം പോകുമോ? അതോ സ്വർണം വാങ്ങണോ? അതുമല്ലെങ്കിൽ കുറച്ച് സ്ഥലം വാങ്ങിയിട്ടാലോ? ഇങ്ങനെ ആകെ കൺഫ്യൂഷൻ!
20 കൊല്ലം മുൻപ് നിങ്ങൾക്ക് ഒരുലക്ഷം രൂപ കിട്ടിയിരുന്നു എന്നിരിക്കട്ടെ.
അതു നിങ്ങൾ ഓഹരി വിപണിയിലോ സ്വർണത്തിലോ റിയൽ എസ്റ്റേറ്റിലോ നിക്ഷേപിച്ചിരുന്നുവെന്നും കരുതുക. ഏത് നിക്ഷേപമായിരിക്കും ഏറ്റവുമധികം നേട്ടം നൽകിയിട്ടുണ്ടാവുക? നോക്കാം:
∙ഓഹരി വിപണി
വിപണിനിരീക്ഷകരായ ഫണ്ട്സ്ഇന്ത്യയുടെ ഉൾപ്പെടെ വിലയിരുത്തലുകൾ പ്രകാരം ഒരുലക്ഷം രൂപ നിക്ഷേപം ഇക്കാലയളവിൽ ഓഹരി വിപണി 15.2 ലക്ഷം രൂപയാക്കിയാണ് വളർത്തിയത്.
ശരാശരി 14.6% വാർഷിക വളർച്ചയും 20 വർഷത്തിനിടെ ഓഹരി നിക്ഷേപം രേഖപ്പെടുത്തി.
ഓഹരി വിപണി 20 വർഷത്തിനിടെ ഉയർച്ച താഴ്ചകൾ നേരിട്ടെങ്കിലും നേട്ടം തിരികെപ്പിടിച്ച് മുന്നേറുകയാണുണ്ടായത്. ഓഹരികളിലെ ദീർഘകാല നിക്ഷേപത്തിന്റെ മികവ് ഇതു വ്യക്തമാക്കുന്നു.
നിക്ഷേപകരുടെ വിവിധ ലക്ഷ്യങ്ങൾ നിറവേറ്റാനും ഓഹരി വിപണി സഹായകമാവുകയും ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് കണ്ടെത്തുകയെന്ന ലക്ഷ്യം നേടാൻ ഏറ്റവും ഉപകാരപ്പെട്ടത് ഓഹരി വിപണിയിലെ നിക്ഷേപമാകുമെന്നും റിപ്പോർട്ട് പറയുന്നു.
∙ സ്വർണനിക്ഷേപം
സ്വർണം ഇന്ത്യക്കാർക്ക് ആഭരണം മാത്രമല്ല, വിശ്വസ്ത നിക്ഷേപവുമാണ്.
കഴിഞ്ഞ 20 വർഷത്തിനിടെ സ്വർണനിക്ഷേപം നൽകിയ നേട്ടവും അത് വ്യക്തമാക്കുന്നു. 20 വർഷം മുൻപത്തെ ഒരുലക്ഷം രൂപ നിക്ഷേപം സ്വർണം 15.5 ലക്ഷം രൂപയാക്കിയാണ് വളർത്തിയത്.
ശരാശരി വാർഷിക വളർച്ച 14.7 ശതമാനവും.
എന്നാൽ, ഓഹരികളുമായി താരതമ്യം ചെയ്യുമ്പോൾ സ്വർണത്തിന്റെ വളർച്ചയെ മറ്റൊരുതരത്തിലാണ് നിരീക്ഷകർ കാണുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധം പോലുള്ള സാഹചര്യങ്ങളുടെ ബലത്തിലായിരുന്നു സ്വർണത്തിന്റെ പൊടുന്നനേയുള്ള കുതിപ്പ്.
അത്തരം സാഹചര്യങ്ങൾ ഒഴിഞ്ഞുനിന്നിരുന്നെങ്കിൽ സ്വർണത്തിൽനിന്ന് ഇത്ര വലിയ നേട്ടം ഉണ്ടാകുമായിരുന്നില്ലെന്നും റിപ്പോർട്ട് പറയുന്നു.
∙ റിയൽ എസ്റ്റേറ്റ്
ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നമാണ് സ്വന്തമായി ഭൂമി. നിക്ഷേപമായും ഇന്ത്യക്കാർ റിയൽ എസ്റ്റേറ്റിനെ കാണുന്നു.
എന്നാൽ, ഓഹരിയും സ്വർണവുമായി താരതമ്യം ചെയ്യുമ്പോൾ റിയൽ എസ്റ്റേറ്റിൽ നിന്നുള്ള നേട്ടം അത്ര മെച്ചമല്ല. 20 വർഷത്തെ വാർഷിക ശരാശരി വളർച്ച 7.7% മാത്രം.
ഒരുലക്ഷം രൂപ നിക്ഷേപം ഈ ദീർഘമായ കാലയളവിൽ വളർത്തിയത് 4.4 ലക്ഷം രൂപയായി മാത്രം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]