
തിരുവനന്തപുരം ∙ കേരളത്തിൽ നെൽ–പച്ചക്കറി കൃഷി വിസ്തൃതിക്കു പുറമേ തോട്ട വിള–ഫലവർഗ–ഔഷധസസ്യ കൃഷിയുടെ വിസ്തൃതിയും കുറയുന്നു. തോട്ടവിള കൃഷിവിസ്തൃതി ഒരു വർഷത്തിനിടെ 0.25% കുറഞ്ഞു. 2020–21ൽ 6,87,014.15 ഹെക്ടർ സ്ഥലത്തായിരുന്നത് 2021–22ൽ 6,85,309 ഹെക്ടറായി കുറഞ്ഞതായി സംസ്ഥാന സാമ്പത്തിക സ്ഥിതി വിവര റിപ്പോർട്ടിൽ പറയുന്നു.
ഔഷധസസ്യക്കൃഷി ഒരു വർഷത്തിനിടെ 8.58% കുറഞ്ഞു. 1395.72 ഹെക്ടർ ആയിരുന്നത് 1276 ഹെക്ടറായി. ഫലവർഗക്കൃഷിയിൽ പൈനാപ്പിൾ ഒഴികെയുള്ളവയുടെ കൃഷി വിസ്തൃതി ഗണ്യമായി കുറഞ്ഞു. മാങ്ങക്കൃഷി മേഖല ആറു വർഷത്തിനിടെ 4,152 ഹെക്ടർ കുറഞ്ഞു (2015–16ൽ 79,992 ഹെക്ടർ; 2021–22 ൽ 75,840 ഹെക്ടർ). കേരളത്തിലെ ഫലവർഗക്കൃഷി നടക്കുന്നതിന്റെ 24.77% സ്ഥലത്ത് മാങ്ങയും 16.01% സ്ഥലത്ത് വാഴയുമാണ്. 2021–22 കണക്കു പ്രകാരം കേരളത്തിൽ 3,06,202 ഹെക്ടർ സ്ഥലത്താണ് ഫലവർഗക്കൃഷി. 101 ഹെക്ടറിൽ ഓറഞ്ചും 481 ഹെക്ടറിൽ നാരങ്ങയും (ചെറുതും വലുതും) കൃഷി ചെയ്യുന്നു. 13,273 ഹെക്ടറിൽ റംബൂട്ടാൻ, മാങ്കോസ്റ്റിൻ എന്നിവയുമുണ്ട്. ആകെ ഫലവർഗക്കൃഷിയിൽ 11.83% പാലക്കാട്ടാണ്. ഇടുക്കി (10.09%), മലപ്പുറം (8.90%) എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
എട്ടു വർഷത്തിനിടെ വാഴക്കൃഷിയിൽ 15.04% കുറവുണ്ടായി (2013–14ൽ 62, 261 ഹെക്ടർ; 2021–22 ൽ 49,020 ഹെക്ടർ). പൈനാപ്പിൾക്കൃഷി ഒരു വർഷത്തിനിടെ 4.45% വർധിച്ചു. നിലവിൽ 11,508 ഹെക്ടർ സ്ഥലത്താണ് കൃഷി. ഇതിൽ 51.29% (5,903 ഹെക്ടർ) എറണാകുളം ജില്ലയിലാണ്. കശുവണ്ടിക്കൃഷി 2011–12ൽ 54,052 ഹെക്ടർ ആയിരുന്നത് 2021–22 ൽ 32,369 ഹെക്ടറായി. കിഴങ്ങുവർഗക്കൃഷി 2020–21ൽ 14,949 ഹെക്ടർ ആയിരുന്നത് 21–22ൽ 14,019 ഹെക്ടറായി.
ചക്കക്കൃഷി വിസ്തൃതി: 4,334 ഹെക്ടറിന്റെ കുറവ്
കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയുടെ കൃഷിയിൽ 2 വർഷത്തിനിടെ 4,334 ഹെക്ടറിന്റെ കുറവുണ്ടായി (2019–20ൽ 93,209 ഹെക്ടർച 2021–22 ൽ 88,873 ഹെക്ടർ). ഫലവർഗക്കൃഷി മേഖലയിൽ ആകെ വിസ്തൃതിയുടെ 29.02% ചക്കയാണ് കൃഷി ചെയ്യുന്നത്. ഉൽപാദനവും വിൽപനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായി 2018ലാണ് ചക്ക ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചത്. ചക്കയെ പ്രത്യേക ബ്രാൻഡ് ആക്കുന്നതിലൂടെയും വാണിജ്യപരമായി ഉപയോഗപ്പെടുത്തുന്നതിലൂടെയും 30,000 കോടി രൂപ വരുമാനം ഉണ്ടാക്കുമെന്നായിരുന്നു കൃഷി വകുപ്പിന്റെ പ്രഖ്യാപനം.
Content Highlight: Agriculture is declining in Kerala
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]