ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്നോട് നീരസമുണ്ടെന്ന് വെളിപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിൽ ഒരു പാർട്ടി പരിപാടിക്കിടെയായിരുന്നു ട്രംപിന്റെ പ്രതികരണം.
ട്രംപ് പറഞ്ഞതിങ്ങനെ : ‘‘സർ, ഞാൻ താങ്കളുടെ അടുത്തുവന്നോട്ടെ എന്നു ചോദിച്ച് മോദി എന്നെ കാണാൻ വന്നു.
എനിക്ക് മോദിയുമായി നല്ല ബന്ധമുണ്ട്. പക്ഷേ, അദ്ദേഹം ഇപ്പോൾ എന്റെയടുത്ത് അത്ര സന്തോഷവാനല്ല.
അവർ അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് ഇപ്പോൾ വലിയ തീരുവയാണ് അടയ്ക്കുന്നത്. റഷ്യൻ എണ്ണയാണ് പ്രശ്നം.
പക്ഷേ, ഇപ്പോൾ അവർ റഷ്യൻ എണ്ണ വാങ്ങുന്നത് വലിയതോതിൽ കുറച്ചു’’.
ഇന്ത്യയ്ക്കുമേൽ ചുമത്തിയ 50% ‘തിരിച്ചടിത്തീരുവ’ കുറയ്ക്കുമെന്ന സൂചനയും ട്രംപ് നൽകി. ‘‘ഞങ്ങളത് (തീരുവയും നീരസവും) മാറ്റാൻ പോവുകയാണ്.
ഞങ്ങളത് മാറ്റും. കാരണം, ഇന്ത്യ 68 അപ്പാഷെ ഹെലികോപ്ടറുകൾക്ക് ഓർഡർ തന്നിട്ടുണ്ട്’’ – ട്രംപ് പറഞ്ഞു.
ഇന്ത്യ വർഷങ്ങൾക്ക് മുൻപാണ് അപ്പാഷെ ഹെലികോപ്ടറുകൾ വാങ്ങാൻ അമേരിക്കയ്ക്ക് ഓർഡർ നൽകിയത്. ഇതുവരെ ഒന്നുപോലും ഇന്ത്യയ്ക്ക് കിട്ടിയിട്ടില്ല.
ആയുധക്കച്ചവടം ഇത്തരത്തിൽ വൈകുന്നതിലുള്ള നീരസം പ്രകടമാക്കിയ ട്രംപ്, അപ്പാഷെ വിതരണം വേഗത്തിലാക്കണമെന്നും നിർദേശിച്ചു.
അതേസമയം, ഇന്ത്യ ഇനിയും റഷ്യൻ എണ്ണ വാങ്ങിയാൽ തീരുവ കൂട്ടുമെന്ന ഭീഷണി കഴിഞ്ഞദിവസം ട്രംപ് മുഴക്കിയിരുന്നു. പിന്നാലെയാണ് ഇന്നലെ മോദിക്ക് നീരസമുണ്ടെന്നും തീരുവ കുറച്ചേക്കുമെന്നും ട്രംപ് വ്യക്തമാക്കിയത്.
യുഎസിന്റെ സാമ്പത്തിക ഭദ്രതയും സുരക്ഷയും മുൻനിർത്തിയാണ് കനത്ത തീരുവ പ്രഖ്യാപിച്ചതെന്നും ട്രംപ് പറഞ്ഞു.
നേരത്തേ കുറഞ്ഞ തീരുവ മുതലെടുത്ത് ഇന്ത്യ വലിയ സാമ്പത്തികനേട്ടം സ്വന്തമാക്കിയിരുന്നു. ഉൽപന്നങ്ങൾക്ക് വലിയതോതിൽ ഇളവുകളും അവർ നേടിയെടുത്തിരുന്നു.
ഇതൊഴിവാക്കാനുമാണ് തീരുവ ചുമത്തിയതെന്ന് ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ ദശാബ്ദം പരിഗണിച്ചാൽ യുഎസിൽ നിന്ന് ഏറ്റവുമധികം ആയുധങ്ങൾ വാങ്ങിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
വെനസ്വേല കഴിഞ്ഞു, ഇനി ലക്ഷ്യം പാനമ?
പ്രസിഡന്റ് മഡുറോയെ പിടികൂടി വെനസ്വേലയുടെ ഭരണ, എണ്ണ നിയന്ത്രണം പരോക്ഷമായി സ്വന്തമാക്കിയ യുഎസിന്റെ അടുത്ത ലക്ഷ്യം ലോക വ്യാപാരരംഗത്തെ തന്ത്രപ്രധാനമായ പാനമ കനാലിന്റെ നിയന്ത്രണമെന്ന് സൂചന.
രാജ്യാന്തര ചരക്കുനീക്കത്തിൽ നിർണായകമാണ് പാനമയുടെ നിയന്ത്രണത്തിലുള്ള പാനമ കനാൽ.
ഇതുവഴി ഓരോ കപ്പൽ നീങ്ങുമ്പോഴും വൻ വരുമാനേട്ടമാണ് പാനമയ്ക്ക് കിട്ടുന്നതും. 2029നകം പാനമ കനാലിന്റഎ പൂർണ നിയന്ത്രണം പിടിച്ചെടുക്കുകയാണ് ട്രംപിന്റെ ലക്ഷ്യമെന്ന് ചില യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതിനുമുൻപായി സൈനിക നീക്കത്തിലൂടെ ഗ്രീൻലൻഡ് പിടിച്ചെടുത്തേക്കുമെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.
ഇന്ത്യൻ ഓഹരി വിപണിക്ക് നഷ്ടപ്പേടി
കഴിഞ്ഞ 2 ദിവസങ്ങളിൽ നേട്ടത്തിലായിരുന്ന ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 70 പോയിന്റിലേറെ താഴ്ന്നു. കഴിഞ്ഞ രണ്ടുദിവസവും നഷ്ടത്തിലേക്കുവീണ സെൻസെക്സും നിഫ്റ്റിയും ഇന്ന് നഷ്ടയാത്ര തുടരുമെന്ന സൂചനയാണ് ഇതു നൽകുന്നത്.
യുഎസ് ഫ്യൂച്ചേഴ്സ് വിപണിയിൽ കാര്യമായ മാറ്റമില്ലാത്തതും ഏഷ്യൻ വിപണികൾ സമ്മിശ്ര പ്രകടനമാണ് നടത്തുന്നതെന്നതും ശുഭസൂചനയല്ല.
ജാപ്പനീസ് നിക്കേയ് 0.45%, ഹോങ്കോങ് സൂചിക 0.43% എന്നിങ്ങനെ താഴ്ന്നു. ഷാങ്ഹായ് നേരിയ നേട്ടത്തിലാണ്.
ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ഇന്ത്യയ്ക്കുമേൽ വേണ്ടിവന്നാൽ ഇനിയും കൂടുതൽ തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിയും ഐടി ഓഹരികൾ നേരിടുന്ന വിൽപന സമ്മർദവും കോർപറേറ്റ് കമ്പനികളുടെ പ്രവർത്തനഫലങ്ങൾ വന്നുതുടങ്ങുന്നതും ഇനി ഇന്ത്യൻ ഓഹരികളുടെ ദിശ നിശ്ചയിക്കും.
വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) വിൽക്കലുകാരായി തുടരുന്നത് തിരിച്ചടിയാണ്.
രൂപ ഇന്നലെ ഡോളറിനെതിരെ 12 പൈസ ഉയർന്ന് 90.18ൽ എത്തി. വെനസ്വേലയിൽ നിന്ന് ‘അമേരിക്ക’ വഴി വൻതോതിൽ വീണ്ടും രാജ്യാന്തര വിപണിയിലേക്ക് ക്രൂഡ് ഓയിൽ ഒഴുകുമെന്ന വിലയിരുത്തൽ ക്രൂഡ് വിലയിടിവിന് വഴിവച്ചു.
ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 1.12% ഇടിഞ്ഞ് 56.49 ഡോളറായി. ബ്രെന്റ് വില 0.81% താഴ്ന്ന് 60.21 ഡോളറും.
ഭൗമരാഷ്ട്രീയ സംഘർഷത്തിനിടെ കിട്ടുന്ന സുരക്ഷിത നിക്ഷേപമെന്ന നേട്ടവുമായി ഉയരത്തിലേക്ക് നീങ്ങുകയാണ് സ്വർണവില.
രാജ്യാന്തര വില ഇന്നു രാവിലെയുള്ളത് ഔൺസിന് 36 ഡോളർ ഉയർന്ന് 4,477 ഡോളറിൽ. ഒരുവേള 4,501 ഡോളറിലെത്തിയ ശേഷം നേട്ടം നിജപ്പെടുത്തുകയായിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

