ന്യൂഡൽഹി ∙ പ്രതിരോധം, ക്രൂഡ് ഓയിൽ മേഖലകളിൽ ശക്തമായിരുന്ന ഇന്ത്യ – റഷ്യ സഹകരണം മറ്റു വാണിജ്യ മേഖലകളിലേക്കു കൂടി വ്യാപിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും തമ്മിലുള്ള ചർച്ചയിൽ നിർണായക തീരുമാനങ്ങളാണുണ്ടായത്.
കൃഷി, ആരോഗ്യം, മാനവശേഷി കൈമാറ്റം, മാരിടൈം, വിനോദസഞ്ചാരം, മരുന്നു നിർമാണം തുടങ്ങിയ മേഖലകളിൽ ധാരണാപത്രങ്ങളും ഒപ്പിട്ടു.
നിലവിലെ 6870 കോടി ഡോളറിന്റെ വാണിജ്യ ഇടപാടുകൾ 10,000 കോടി ഡോളറിലേക്കു വളരും.
പ്രധാന ധാരണകൾ
∙ റഷ്യയിൽ നിന്നെത്തുന്നവർക്കു 30 ദിവസത്തെ സൗജന്യ ഇ–ടൂറിസ്റ്റ് വീസ. പകരം ഇന്ത്യക്കാർക്കും സൗജന്യവീസ അനുവദിച്ചേക്കും.
∙ സിംഹം, കടുവ, പുലി ഉൾപ്പെടെ 7 വന്യമൃഗങ്ങളുടെ സംരക്ഷണത്തിനായി ഇന്ത്യ രൂപീകരിച്ച ഇന്റർനാഷനൽ ബിഗ് ക്യാറ്റ് അലയൻസിൽ റഷ്യ ചേരും. ∙ ഇന്ത്യയിലെയും റഷ്യയിലെയും കമ്പനികൾ ചേർന്നു യൂറിയ പ്ലാന്റ് നിർമിക്കും.
രാജ്യത്തെ 3 വളം കമ്പനികളായ ആർസിഎഫ്, ഐപിഎൽ, എൻഎഫ്എൽ എന്നിവയും റഷ്യയിലെ യുറാൽകെം കമ്പനിയും സംയുക്തമായാണു പ്ലാന്റ് റഷ്യയിൽ ആരംഭിക്കുന്നത്. 120 കോടി ഡോളർ മുതൽമുടക്കുള്ള പ്ലാന്റിൽ പ്രതിവർഷം 20 ലക്ഷം ടൺ യൂറിയ ഉൽപാദിപ്പിക്കും.
2028 പകുതിയോടെ പ്രവർത്തനം ആരംഭിച്ചേക്കും. ഇതോടെ രാജ്യത്തെ കർഷകർക്ക് ആവശ്യംപോലെ യൂറിയ ലഭിക്കും.
∙ നൈപുണ്യ ശേഷിയുള്ള ഇന്ത്യൻ തൊഴിലാളികൾക്കു റഷ്യയിൽ ജോലി. അനധികൃത കുടിയേറ്റം തടയും.
∙ ഇന്ത്യയിലെ കപ്പൽ മേഖലയിലെ തൊഴിലാളികൾക്കു ധ്രുവപ്രദേശത്തു വിദഗ്ധ പരിശീലനം. ഷിപ്പിങ്, സംയുക്ത ധാതുഖനനം, ഗവേഷണം എന്നിവയിലും സഹകരിക്കും.
∙ പുണെയിലെ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജിയും റഷ്യയിലെ നാഷനൽ ടോംസ്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയും തമ്മിലുള്ള ധാരണാപത്രത്തിൽ വിദ്യാർഥികളുടെ കൈമാറ്റം, പുതിയ കോഴ്സുകൾ ആവിഷ്കരിക്കൽ, സംയുക്ത ഗവേഷണം എന്നിവ ലക്ഷ്യമിടുന്നു. യൂണിവേഴ്സിറ്റി ഓഫ് മുംബൈ, റഷ്യയിലെ ലൊമോനോസോവ് മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവ തമ്മിലും സഹകരണത്തിനു ധാരണ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

