യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന പ്ലാൻ പൊളിഞ്ഞതോടെ, റഷ്യയ്ക്കുമേൽ കടുത്ത നടപടികൾക്ക് യൂറോപ്യൻ യൂണിയന്റെയും ജി7 രാഷ്ട്രങ്ങളുടെയും നീക്കം. കടൽവഴിയുള്ള റഷ്യൻ എണ്ണയുടെ നീക്കത്തിന് സമ്പൂർണ വിലക്കേർപ്പെടുത്താൻ ജി7നും യൂറോപ്യൻ യൂണിയനും ആലോചന തുടങ്ങി.
വിലക്കുവന്നാൽ എണ്ണക്കപ്പലുകൾക്ക് റഷ്യൻ എണ്ണ നീക്കം ചെയ്യാൻ കഴിയാതെയാകും. ഇൻഷുറൻസും കിട്ടില്ല.
റഷ്യൻ എണ്ണയ്ക്ക് നിലവിൽതന്നെ യൂറോപ്യൻ യൂണിയനും യുഎസും മറ്റും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതിനുപുറമേ റഷ്യൻ എണ്ണയുടെ പരമാവധി വില ബാരലിന് അടുത്തിടെ 60 ഡോളറിൽനിന്ന് യൂറോപ്യൻ യൂണിയൻ 47.60 ഡോളറിലേക്ക് വെട്ടിക്കുറച്ചിരുന്നു. ഇതിലും ഉയർന്ന വിലയ്ക്ക് റഷ്യൻ എണ്ണ ഏതെങ്കിലും രാജ്യം വാങ്ങിയാൽ അവർക്കുമേലും ഉപരോധം ബാധകമാക്കും.
എണ്ണ വിൽപന വഴി റഷ്യ സാമ്പത്തിക നേട്ടം കൊയ്യുന്നതിനും ആ തുക യുക്രെയ്നെതിരായ യുദ്ധത്തിന് പ്രയോജനപ്പെടുത്തുന്നതിനും തടയിടുകയാണ് യൂറോപ്യൻ യൂണിയന്റെ ലക്ഷ്യം.
റഷ്യയെ സാമ്പത്തികമായി കൂടുതൽ തളർത്താനും അതുവഴി പുട്ടിനെ സമാധാന ചർച്ചയ്ക്ക് നിർബന്ധിതനാക്കാനുമാണ് ഇപ്പോൾ സമ്പൂർണ ‘കടൽ വിലക്ക്’ കൊണ്ടുവരാനുള്ള നീക്കം. ഇതു പ്രാബല്യത്തിലായാൽ തിരിച്ചടി നേരിടുക നിലവിൽ വലിയതോതിൽ റഷ്യൻ എണ്ണ നീക്കംചെയ്യുന്ന ഗ്രീസ്, സൈപ്രസ്, മാൾട്ട
എന്നിവിടങ്ങളിൽ റജിസ്റ്റർ ചെയ്തിട്ടുള്ള കപ്പലുകൾക്കായിരിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
പടിഞ്ഞാറൻ രാജ്യങ്ങളിലെ എണ്ണക്കപ്പലുകൾ വഴിയാണ് നിലവിൽ റഷ്യ കൂടുതലായും എണ്ണ കയറ്റുമതി നടത്തുന്നത്. ഇതിൽ മുന്തിയപങ്കും ചെന്നിരുന്നത് ചൈനയിലേക്കും ഇന്ത്യയിലേക്കുമായിരുന്നു.
യുക്രെയ്നുമായി സമാധാന ചർച്ചകൾക്ക് റഷ്യ തയാറായില്ലെങ്കിൽ 2026ന്റെ തുടക്കത്തിൽ അടുത്തഘട്ട ഉപരോധം പ്രഖ്യാപിക്കാനാണ് യൂറോപ്യൻ യൂണിയൻ ഒരുങ്ങുന്നത്.
ഇതിന്റെ ഭാഗമായാകും സമ്പൂർണ കടൽ വിലക്കും പ്രഖ്യാപിച്ചേക്കുക.
യുഎസിനെതിരെ പുട്ടിൻ, ഇന്ത്യയിലേക്ക് എണ്ണയൊഴുക്കാൻ തയാർ
റഷ്യൻ എണ്ണ ഇറക്കുമതി ഇന്ത്യ പൂർണമായി നിർത്തണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യത്തിനെതിരെ പുട്ടിൻ. യുറേനിയം ഉൾപ്പെടെ റഷ്യയിൽ നിന്ന് യുഎസ് ഇപ്പോഴും ന്യൂക്ലിയർ ഇന്ധനങ്ങൾ വാങ്ങുന്നുണ്ടെന്ന് പുട്ടിൻ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
യുഎസിന് റഷ്യൻ ഇന്ധനം വാങ്ങാമെങ്കിൽ ഇന്ത്യയ്ക്ക് എന്തുകൊണ്ട് പറ്റില്ല? ഇന്ത്യയിലേക്ക് തടസ്സമില്ലാതെ എണ്ണയൊഴുക്കാൻ റഷ്യ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ട്രംപ് ഇന്ത്യയ്ക്കുമേൽ 50% തീരുവ ഏർപ്പെടുത്തുകയും റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നീ 2 വമ്പൻ റഷ്യൻ എണ്ണ കയറ്റുമതി കമ്പനികൾക്കുമേൽ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ, ഇന്ത്യൻ കമ്പനികൾ റഷ്യൻ എണ്ണ ഇറക്കുമതി വൻതോതിൽ കുറച്ചിട്ടുണ്ട്. ഒക്ടോബറിൽ ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ 38% ഇടിവുണ്ടായെന്നാണ് റിപ്പോർട്ടുകൾ.
2024 ഒക്ടോബറിൽ ഇന്ത്യ 5.8 ബില്യൻ ഡോളറിന്റെ ഇറക്കുമതി നടത്തിയിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഇത് 3.55 ബില്യനിലേക്ക് ചുരുങ്ങി.
പ്രതീക്ഷിച്ചതിലും താഴ്ന്ന് യുഎസ് പണപ്പെരുപ്പം
യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത കൂടുതൽ ശക്തമാക്കി, പണപ്പെരുപ്പം പ്രതീക്ഷിച്ചതിലേറെ കുറഞ്ഞു.
2.9% പ്രതീക്ഷിച്ചിടത്ത് 2.8 ശതമാനത്തിലേക്കാണ് പഴ്സനൽ കൺസംപ്ഷൻ എക്സ്പൻഡിചേഴ്സ് പ്രൈസ് ഇൻഡക്സ് (പിസിഇ ഇൻഫ്ലേഷൻ) സെപ്റ്റംബറിൽ കുറഞ്ഞതെന്ന് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. ഷട്ട്ഡൗണിന്റെ പശ്ചാത്തലത്തിൽ പുറത്തുവിടാതിരുന്ന റിപ്പോർട്ടാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചത്.
പണപ്പെരുപ്പം താഴ്ന്നതോടെ, ഡിസംബർ 10ന് പ്രഖ്യാപിക്കുന്ന പണനയത്തിൽ യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത ഉയർന്നു.
0.25% കുറവാണ് പ്രതീക്ഷിക്കുന്നത്. പലിശ കുറയുമെന്ന പ്രതീക്ഷകൾ യുഎസ് ഓഹരികൾക്കും നേട്ടമായി.
ഇന്നലെ ഡൗ ജോൺസ് 0.22%, നാസ്ഡാക് 0.31%, എസ് ആൻഡ് പി500 സൂചിക 0.19% എന്നിങ്ങനെ ഉയർന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

