ജോ ബൈഡൻ നിയമിച്ച ലേബർ കമ്മിഷണറെ പുറത്താക്കി, ട്രംപ് തന്റെ ‘വിശ്വസ്തനെ’ കൊണ്ടുവന്നിട്ടും യുഎസിൽ പുതിയ തൊഴിൽക്കണക്കുകൾ പ്രതീക്ഷകൾ തെറ്റിച്ച് തകിടംമറിഞ്ഞു. ഇതോടെ, യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത ഉയർന്നെങ്കിലും രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി ഭദ്രമല്ലെന്ന വിലയിരുത്തൽ ഓഹരി വിപണികളെ വീഴ്ത്തി.
പലിശ കുറയുമെന്നതിനെ തുടർന്ന് ഡോളറും ബോണ്ടും കനത്ത തകർച്ചയും നേരിട്ടു.
ഓഗസ്റ്റിൽ പുതുതായി 75,000 പേർക്കെങ്കിലും ജോലി ലഭിക്കുമെന്നായിരുന്നു ഡൗ ജോൺസ് ഉൾപ്പെടെ വിലയിരുത്തിയിരുന്നത്. എന്നാൽ, സൃഷ്ടിക്കപ്പെട്ടത് വെറും 22,000.
തൊഴിലില്ലായ്മനിരക്ക് 4.3 ശതമാനത്തിലേക്കും ഉയർന്നു. ഈമാസം ചേരുന്ന യുഎസ് ഫെഡറൽ റിസർവിന്റെ പണനയ നിർണയ സമിതിയോഗം പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതയും ശക്തമായി.
മേയിൽ 1.44 ലക്ഷവും ജൂണിൽ 1.47 ലക്ഷവും പുതിയ തൊഴിലവസരങ്ങൾ യുഎസിൽ എമ്പാടുമായി സൃഷ്ടിക്കപ്പെട്ടെന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
എന്നാൽ, മേയിൽ വെറും 19,000 പേർക്കാണ് ജോലി ലഭിച്ചതെന്ന് പിന്നീട് പരിശോധനയിൽ വ്യക്തമായി. ഇതോടെ, കണക്കുകൾ പെരുപ്പിച്ചെന്ന് ആരോപിച്ച് ലേബർ കമ്മിഷണർ ഡോ.
എറീക മക്എന്റാർഫെറിനെ ട്രംപ് പുറത്താക്കി. പകരം തന്റെ വിശ്വസ്തൻ എ.ജെ.
ആന്റണിയെ നിയമിച്ചു. പക്ഷേ, ഓഗസ്റ്റിലും കണക്കുകൾ പ്രതീക്ഷകൾ തെറ്റിക്കുകയായിരുന്നു.
യുഎസ് ഓഹരി സൂചികകളായ എസ് ആൻഡ് പി 500 കഴിഞ്ഞ സെഷനിൽ 0.32%, നാസ്ഡാക് 0.03%, ഡൗ ജോൺസ് 0.48% എന്നിങ്ങനെ താഴ്ന്നു.
യുഎസ് ഗവൺമെന്റിന്റെ 10-വർഷ കടപ്പത്ര ആദായനിരക്ക് (ട്രഷറി യീൽഡ്) 4.30 ശതമാനത്തിൽ നിന്ന് 4.07 ശതമാനം വരെ നിലംപൊത്തി. യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 98ന് മുകളിൽനിന്ന് 97.43ലേക്ക് ഇടിഞ്ഞു.
ഡോളറും ബോണ്ടും ഓഹരികളും ഇടിഞ്ഞതോടെ രാജ്യാന്തര സ്വർണവില ഔൺസിന് 3,599 ഡോളർ എന്ന സർവകാല ഉയരത്തിലെത്തി.
3,600 ഡോളർ എന്ന ‘മാജിക്സംഖ്യ’യിലേക്ക് ഒറ്റഡോളറിന്റെ അകലം. യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതകളും സ്വർണത്തിന് ഉത്തേജകമാണ്.
കേരളത്തിൽ പവൻവില 79,000 രൂപയെന്ന നാഴികക്കല്ലിന് തൊട്ടടുത്ത് ഇന്നലെ എത്തിയിരുന്നു. ഇന്ന് അതു ഭേദിക്കാനുള്ള സാധ്യതയേറെ.
ഇതിനിടെ, ട്രംപ് വീണ്ടും യൂറോപ്പിനെതിരെ തിരിഞ്ഞതും റഷ്യയ്ക്കുമേൽ നിലപാട് കടുപ്പിക്കുന്നതും രാജ്യാന്തര സാമ്പത്തികരംഗത്തെ കൂടുതൽ അലോസരപ്പെടുത്തുന്നുണ്ട്.
കുത്തകവൽക്കരണം ആരോപിച്ച് ആപ്പിളിനും ഗൂഗിളിനും കനത്ത പിഴവിധിച്ച യൂറോപ്യൻ യൂണിയന്റെ തീരുമാനത്തിനെതിരെ അന്വേഷണം നടത്തുമെന്ന് ട്രംപ് വ്യക്തമാക്കി. ഗൂഗിളിന് 3.5 ബില്യൻ ഡോളർ പിഴയാണ് വിധിച്ചത്.
അമേരിക്കയുടെ നിക്ഷേപത്തിനും തൊഴിലുകൾക്കുമാണ് ഇത് തിരിച്ചടിയാകുമെന്ന് ട്രംപ് ആരോപിച്ചു.
റഷ്യൻ എണ്ണ വിഷയത്തിലും ട്രംപ് നിലപാട് കടുപ്പിച്ചു. കഴിഞ്ഞവർഷം യൂറോപ്പിന് എണ്ണ വിറ്റഴിച്ച് റഷ്യ 1.1 ബില്യൻ ഡോളർ നേടിയെന്ന് പറഞ്ഞ ട്രംപ്, റഷ്യൻ എണ്ണ വാങ്ങുന്നത് യൂറോപ്പ് നിർത്തണമെന്നും ആവശ്യപ്പെട്ടു.
പുട്ടിന്റെ യുദ്ധഫണ്ടിന് തടയിടുകയും റഷ്യയുടെ സാമ്പത്തികസ്ഥിതി തകർക്കുകയുമാണ് ലക്ഷ്യം. റഷ്യയുമായി ബന്ധം ശക്തമാക്കുന്ന ചൈനയ്ക്കുമേൽ കൂടുതൽ സാമ്പത്തികസമ്മർദം ചെലുത്തണമെന്നും യൂറോപ്യൻ രാഷ്ട്രങ്ങളോട് ട്രംപ് ആവശ്യപ്പെട്ടു.
ഇതിനിടെ, തായ്വാന്റെ കീഴിലുള്ള പ്രത്യേക സാമ്പത്തികമേഖലയിൽ കടുത്ത പ്രകോപനവുമായി ചൈന എണ്ണഖനനം ആരംഭിച്ചത് മേഖലയെ സംഘർഷഭീതിയിലാഴ്ത്തിയിട്ടുണ്ട്.
സമീപമേഖലയിൽ ചൈന സൈനിക അഭ്യാസങ്ങൾ പതിവായി നടത്തുന്നുണ്ട്. എന്നാൽ, മേഖലയിൽ ചൈന എണ്ണഖനനം കൂടി തുടങ്ങിയതാണ് സംഘർഷഭീതി കനപ്പിക്കുന്നത്.
ക്രൂഡ് ഓയിൽ വില ഇതിനിടെ 2 ശതമാനത്തിലധികം കൂപ്പുകുത്തി.
ഉൽപാദനം വർധിപ്പിക്കാൻ ഒപെക് പ്ലസ് കൂട്ടായ്മയ്ക്കുമേൽ സൗദി അറേബ്യ സമ്മർദം കടുപ്പിച്ചതാണ് കാരണം. ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 2.54% ഇടിഞ്ഞ് 61.87 ഡോളറിലും ബ്രെന്റ് വില 2.22% താഴ്ന്ന് 65.50 ഡോളറിലുമെത്തി.
ക്രൂഡ് വില താഴുന്നത് ഇന്ത്യയ്ക്കു നേട്ടമാണ്. ഉപഭോഗത്തിനുള്ള 85-90% ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]