ഇന്ത്യയുടെ വിദേശ നാണയ ശേഖരം ജൂൺ 27നു സമാപിച്ച ആഴ്ചയിൽ 484 കോടി ഡോളറിന്റെ വർധനയുമായി 70,278 കോടി ഡോളറിൽ എത്തിയെന്ന് റിസർവ് ബാങ്ക്. തൊട്ടുമുമ്പത്തെ ആഴ്ചയിൽ 101 കോടി ഡോളറിന്റെ ഇടിവുനേരിട്ട ശേഷമാണ് വൻ തിരിച്ചുവരവ്. 2024 സെപ്റ്റംബർ അവസാനവാരം രേഖപ്പെടുത്തിയ 70,489 കോടി ഡോളറാണ് നിലവിലെ റെക്കോർഡ്.

വിദേശ നാണയ ശേഖരത്തിലെ മുഖ്യഘടകമായ വിദേശ നാണയ ആസ്തി (എഫ്സിഎ) 575 ഡോളർ ഉയർന്ന് 59,482 കോടി ഡോളർ ആയതാണ് ഇക്കുറി നേട്ടമായത്. ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും ഇന്ത്യയുടെ വിദേശ നാണയ േശഖരത്തിൽ യൂറോ, യെൻ‌, പൗണ്ട് തുടങ്ങിയവയുമുണ്ട്. വിദേശ നാണയ ശേഖരത്തിന്റെ ഭാഗമായ കരുതൽ സ്വർണശേഖരം പക്ഷേ, ഇടിഞ്ഞു. 123 കോടി ഡോളർ ഇടിഞ്ഞ് ഇത് 8,450 കോടി ഡോളറായി.

പാക്കിസ്ഥാന്റെ വിദേശ നാണയ ശേഖരം ആകെ 1,400 കോടി ഡോളറാണ്. വിദേശ നാണയ ശേഖരത്തിൽ രാജ്യാന്തര നാണയനിധി (ഐഎംഎഫ്) മുന്നോട്ടുവച്ച ലക്ഷ്യം കാണാൻ‌ പാക്കിസ്ഥാന് ചൈനയുടെ സമയോചിത ഇടപെടലിലൂടെ സാധിച്ചു. പാക്കിസ്ഥാന് വായ്പ നൽകിയതിന്റെ മാനദണ്ഡമായി ഐഎംഎഫ് മുന്നോട്ടുവച്ച ഉപാധികളിലൊന്നായിരുന്നു ജൂൺ 30നകം 1,400 കോടി ഡോളറിൽ വിദേശ നാണയ ശേഖരം എത്തിക്കുകയെന്നത്. ഈ ലക്ഷ്യം കാണാൻ പാക്കിസ്ഥാന് കഴിയില്ലെന്നിരിക്കേ അടിയന്തരമായി 340 കോടി ഡോളറിന്റെ വായ്പ നൽകി ചൈന രക്ഷയ്ക്കെത്തുകയായിരുന്നു.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് iStock (Dragon Claws), Shutterstock (Harshit Srivastava S3) എന്നിവയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

English Summary:

India’s Forex Reserves Rebound $4.8 Billion to $702.78 Billion After Dip