നടപ്പു സാമ്പത്തിക വർഷത്തെ (2025-26) രണ്ടാമത്തെ കടമെടുപ്പിലേക്ക് കടന്ന് സംസ്ഥാന സർക്കാർ. റിസർവ് ബാങ്കിന്റെ (RBI) കോർ-ബാങ്കിങ് സൊല്യൂഷനായ ഇ-കുബേർ (E-kuber)‌ വഴി കടപ്പത്രങ്ങളിറക്കി 1,000 കോടി രൂപയാണ് ഇന്ന് എടുക്കുന്നത്. 15 വർഷത്തെ തിരിച്ചടവ് കാലാവധിയിലാണ് കേരളം കടമെടുക്കുന്നതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. കഴിഞ്ഞമാസം 29നാണ് ഈ വർഷത്തെ ആദ്യ കടമെടുപ്പ് കേരളം നടത്തിയത്; അന്നെടുത്തത് 2,000 കോടി.

സംസ്ഥാനങ്ങൾ ഇത്തരത്തിൽ കടമെടുക്കുമ്പോൾ ആ കടപ്പത്രങ്ങൾ പൊതുജനങ്ങൾക്കും വാങ്ങാവുന്നതാണ്. ഓഹരി, കടപ്പത്രം, മ്യൂച്വൽഫണ്ട് തുടങ്ങിയവപോലെ ഒരു നിക്ഷേപ മാർഗമാണിത്. വിശദാംശം വായിക്കാം. നടപ്പുവർഷം ആകെ 50,000 കോടി രൂപയോളം കടമെടുക്കാൻ കേരളത്തിന് കഴിയുമെന്നാണ് കരുതുന്നത്. ക്ഷേമപെൻഷൻ, ശമ്പള വിതരണങ്ങൾക്ക് പ്രയോജനപ്പെടുത്താനാണ് പ്രധാനമായും നിലവിലെ കടമെടുപ്പ്.

അതേസമയം, കേരളം ഉൾപ്പെടെ 9 സംസ്ഥാനങ്ങൾ ചേർന്ന് ഇന്ന് 23,000 കോടി രൂപയാണ് ഇ-കുബേർ വഴി കടമെടുക്കുന്നത്. ഇതിൽ‌ 7,000 കോടി രൂപയും എടുക്കുന്നത് ആന്ധ്രാപ്രദേശ്. അസം 900 കോടി രൂപ, ഗുജറാത്ത് 3,000 കോടി രൂപ, മധ്യപ്രദേശ് 5,000 കോടി രൂപ, പഞ്ചാബ് 1,500 കോടി രൂപ, രാജസ്ഥാൻ 600 കോടി രൂപ, തമിഴ്നാട് 2,000 കോടി രൂപ, തെലങ്കാന 2,000 കോടി രൂപ എന്നിങ്ങനെയുമാണ് എടുക്കുന്നത്. 

English Summary:

Kerala borrows ₹1,000 crore through RBI’s E-kuber