സുരക്ഷിത താവളം (സേഫ്-ഹാവൻ) എന്ന പെരുമ ദുബായിക്ക് നഷ്ടപ്പെടുകയാണോ? ഇറാനെതിരായ ഇസ്രയേലി-യുഎസ് സഖ്യത്തിന്റെ ആക്രമണവും തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുത്ത വഴിയും യുഎഇ ഉൾപ്പെടെ ജിസിസി രാഷ്ട്രങ്ങളെ അലോസരപ്പെടുത്തിയിട്ടുണ്ട്.
ദശാബ്ദങ്ങളായി ആക്രമണങ്ങളെ അഭിമുഖീകരിച്ചിട്ടില്ലാത്ത ദുബായ് പോലും ഇറാന്റെ മിസൈലുകളുടെയും ഡ്രോണുകളുടെയും നിഴലിലായി. ഇതോടെ, അതിസമ്പന്നരിൽ പലരും യുഎഇയിൽ നിന്ന് സിംഗപ്പൂരിലേക്കും ഹോങ്കോങ്ങിലേക്കും കൂടുമാറ്റം തുടങ്ങി.
ഒരുകാലത്ത് ലോകത്തിന്റെ ‘ഫിനാൻഷ്യൽ ഹബ്’ ആയിരുന്നു സിംഗപ്പൂർ. ആ പട്ടമാണ് ദുബായ് പിടിച്ചെടുത്തതും.
എന്തായിരുന്നു ദുബായിയുടെ മികവ്?
∙ കുറഞ്ഞ നികുതിനിരക്ക്
∙ നൂലാമാലകളില്ലാത്തതും ലളിതവുമായ ഗവൺമെന്റ് നടപടിക്രമങ്ങൾ
∙ മികവുറ്റതും ലോകോത്തരവും അതിവേഗം വളരുന്നതുമായ അടിസ്ഥാന സൗകര്യം.
∙ സമാധാന അന്തരീക്ഷം
എന്നാൽ ഇറാനും യുഎസ്-ഇസ്രയേലി സഖ്യവും തമ്മിലെ യുദ്ധം ഗൾഫിലേക്കും വ്യാപിച്ചതോടെ യുഎഇയും പ്രതിസന്ധിയിലായി. നേരത്തേ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുള്ള സമ്പന്നരും ബിസിനസുകാരുമെല്ലാം ദുബായിലേക്ക് പ്രവർത്തനവും താമസവും മാറ്റുന്ന ട്രെൻഡിലേക്ക് കടന്നിരുന്നു.
ഇതു ദുബായിയുടെ റിയൽ എസ്റ്റേറ്റ്, ധനകാര്യ മേഖലകൾക്ക് വൻ നേട്ടവുമായി.
എന്നാലിപ്പോൾ പല ബിസിനസുകാരും സിംഗപ്പൂരിലേക്ക് ആസ്തി ഉൾപ്പെടെ മാറ്റാൻ നീക്കംതുടങ്ങിയിട്ടുണ്ട്. ഇതിൽ ഇന്ത്യൻ സമ്പന്നരുമുണ്ട്.
നേരത്തേ നികുതി ആനുകൂല്യങ്ങളാണ് ദുബായിലേക്ക് ഏവരെയും ആകർഷിച്ചിരുന്നതെങ്കിൽ ഇപ്പോൾ സുരക്ഷാപ്രശ്നം മൂലം പിന്മാറാനുള്ള ശ്രമത്തിലാണ് പലരും. ∙ ചിലർ സിംഗപ്പുരിലേക്ക് ഒരുലക്ഷം ഡോളർ വീതം അയക്കാൻ ശ്രമിച്ചപ്പോൾ സാങ്കേതിക തടസ്സം നേരിട്ടിരുന്നു.
ഇതും ദുബായിയിൽ നിന്ന് മാറുന്നതാണ് ഉചിതമെന്ന ചിന്താഗതി പലരിലും സൃഷ്ടിക്കുന്നുണ്ട്.
യുഎഇ ഇപ്പോഴും ശക്തം, സുരക്ഷിതം
നിലവിലെ പ്രതിസന്ധി താൽക്കാലികം മാത്രമാണെന്നും യുഎഇയുടെ ബാങ്കിങ് മേഖല സുസ്ഥിരവും സുരക്ഷിതവുമാണെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം. ബാങ്കിങ്, ഇൻഷുറൻസ് മേഖലകൾ സാധാരണയെന്നോണംതന്നെ പ്രവർത്തിക്കുകയാണെന്നും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും കേന്ദ്രബാങ്ക് ഗവർണർ ഖാലിദ് മൊഹമ്മദ് ബലാമ വ്യക്തമാക്കിയിരുന്നു.
∙ അതേസമയം മറ്റു ചില സംരംഭകരും അതിസമ്പന്നരും ‘കാത്തിരുന്നു കാണാം’ എന്ന നിലപാടിലാണ്.
സ്ഥിതി വഷളാവുകയാണെങ്കിൽ മാത്രം യുഎഇയിൽ നിന്ന് കൂടുമാറാമെന്ന ചിന്തയിലാണിവരെന്ന് ബാങ്ക് ഓഫ് സിംഗപ്പൂർ, ഡിബിഎസ് ഗ്രൂപ്പ് തുടങ്ങിയവ ചൂണ്ടിക്കാട്ടി.
റിയൽ എസ്റ്റേറ്റ് പ്രതിസന്ധി
സിംഗപ്പുർ, ലണ്ടൻ എന്നിവയെ മറികടന്ന് ലോകത്തിന്റെ പുതുപുത്തൻ ഫിനാൻഷ്യൽ ഹബ്ബായി ദുബായ് അതിവേഗം വളരുന്നതിനിടെയാണ് അപ്രതീക്ഷിതമായ യുദ്ധക്കെടുതി. ‘സുരക്ഷിത താവളം’ (സേഫ്-ഹാവൻ) എന്ന പ്രതിച്ഛായയ്ക്ക് ഇളക്കംതട്ടിയാൽ അത് പ്രതിസന്ധിയാകും.
പാം ജുമൈറ പോലെ അതിസമ്പന്നരുടെയും റിയൽ എസ്റ്റേറ്റ് ഇടപാടുകാരുടെയും ഇഷ്ട ലൊക്കേഷനിലും ഇറാൻ ആക്രമണം നടത്തിയെന്നത് വൻ തിരിച്ചടിയാണ്. ∙ 2025ൽ 187 ബില്യൻ മതിക്കുന്ന (ഏകദേശം 16.84 ലക്ഷം കോടി രൂപ) 2.15 ലക്ഷം റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ദുബായിയിൽ നടന്നിരുന്നു.
∙ സമീപകാലത്ത് ഇന്ത്യയിൽ നിന്നുൾപ്പെടെ ഒട്ടേറെ ശതകോടീശ്വരന്മാർ താമസം പറിച്ചുനടാൻ തിരഞ്ഞെടുത്ത രാജ്യമാണ് യുഎഇ.
∙ 2025ൽ 9,800 ശതകോടീശ്വരന്മാരാണ് ഇത്തരത്തിൽ യുഎഇയിൽ എത്തിയത്. ഇവർ കൂടെകൊണ്ടുവന്നത് 63 ബില്യന്റെ സ്വത്തും (5.68 ലക്ഷം കോടി രൂപ).
∙ നിലവിലെ ആക്രമണങ്ങൾ ഇത്തരം ‘കൂടുമാറ്റ’ത്തെ പ്രതികൂലമായി ബാധിച്ചേക്കും. വരുംമാസങ്ങളിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ മങ്ങലേൽക്കുമെന്ന് ഈ രംഗത്തുള്ളവർ ഇതിനകം വിലയിരുത്തിക്കഴിഞ്ഞു.
വ്യാപാരം, വാണിജ്യം
അബുദാബിയിലും റിയാദിലുമെല്ലാം യുഎസിന്റെ സൈനിക കേന്ദ്രങ്ങളാണ് ഇറാൻ ഉന്നമിട്ടത്.
പക്ഷേ, ഇറാന്റെ ഈ നടപടി ജിസിസി സമ്പദ്വ്യവസ്ഥയ്ക്കാണ് ആഘാതമാകുന്നത്. വ്യോമയാന മേഖലയിലെ പ്രതിസന്ധിതന്നെ ബിസിനസ് മേഖലയെ ഉലയ്ക്കും.
ലോകത്തെതന്നെ ഏറ്റവും തിരക്കേറിയ തുറമുഖങ്ങളിലൊന്നായ യുഎഇയിലെ ജബൽ അലിയിലും ഇറാൻ ആക്രമണം നടത്തിയത് ആശങ്ക കൂട്ടി.
ഇത് യുഎഇയിലേക്കും മറ്റുമുള്ള ഭക്ഷ്യവസ്തുക്കൾ, ഇലക്ട്രോണിക്സ്, കൺസ്യൂമർ ഗുഡ്സ്, മെഷീനറികൾ, നിർമാണ സാമഗ്രികൾ തുടങ്ങിയവയുടെ വിതരണത്തെ ബാധിക്കും. അതേസമയം മാളുകളിൽ ഭക്ഷ്യവസ്തുക്കളും മറ്റും ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് ഈരംഗത്തെ സ്ഥാപനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
∙ നിക്ഷേപ ഇടപാടുകൾ മാറ്റിവയ്ക്കപ്പെടുന്നത് ബിസിനസ് മേഖലയെ തളർത്തും.
കൂടുതൽ ആഘാതം ഫിനാൻസ്, ട്രേഡ്, റിയൽ എസ്റ്റേറ്റ് മേഖലകൾക്കായിരിക്കും.
∙ ജിസിസി രാഷ്ട്രങ്ങളുടെ സംയോജിത ജിഡിപി 2024ൽ 2.2% ഉയർന്ന് 2.3 ട്രില്യൻ ഡോളറിൽ എത്തിയിരുന്നു.
∙ ആഗോള വ്യാപാരരംഗത്ത് ജിസിസി രാഷ്ട്രങ്ങൾക്ക് 10-ാം സ്ഥാനമാണുള്ളത്. ഇറക്കുമതിയിൽ 11-ാം സ്ഥാനം.
വ്യാപാര സർപ്ലസിൽ ആറാമതും. ∙ സാമ്പത്തിക രംഗത്തെ പ്രതിസന്ധി ജിസിസിയിലെ ഓഹരി വിപണികൾക്കും ആഘാതമാകും.
പ്രവാസികളെ ബാധിക്കുന്നത് എങ്ങനെ?
ആറ് ജിസിസി രാഷ്ട്രങ്ങളിലുമായി ഏകദേശം 90 ലക്ഷം ഇന്ത്യൻ പ്രാസികളുണ്ടെന്നാണ് കണക്ക്.
ഇതിൽ മുന്തിയപങ്കും മലയാളികളാണ്. യുഎഇയിലാണ് ഇന്ത്യക്കാർ ഏറ്റവുമധികം, 34 ലക്ഷം.
സൗദിയിൽ 26 ലക്ഷം പേർ. കുവൈത്തിൽ 10.3 ലക്ഷം.
ഒമാനിൽ 7.8 ലക്ഷം. ഖത്തറിൽ 7.5 ലക്ഷം.
ബഹ്റൈനിൽ 3.26 ലക്ഷം. ഇസ്രയേലിൽ ഒരുലക്ഷം പേരുണ്ട്.
ഇറാനിനുള്ളത് 4,400ഓളം പേർ. ഇവരെയെല്ലാം ഇപ്പോഴത്തെ യുദ്ധം പരോക്ഷമായി ബാധിച്ചു.
∙ ഗൾഫ് മേഖലയിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് താറുമാറായത് ആയിരക്കണക്കിന് പേരെ വലച്ചു.
∙ ഒരിക്കലും അടയ്ക്കില്ലെന്ന പെരുമയുള്ള ദുബായ് വിമാനത്താവളം പോലും അടയ്ക്കേണ്ടിവന്നു. ∙ ജിസിസി രാഷ്ട്രങ്ങളിലെ മൊത്തം രാജ്യാന്തര യാത്രക്കാരിൽ 50 ശതമാനവും ഇന്ത്യക്കാരാണ്.
∙ ഇന്ത്യക്കാരുടെ വിദേശയാത്രയിൽ 29 ശതമാനം യുഎഇയിലേക്കാണ്.
∙ സർവീസുകൾ താളംതെറ്റിയതും വ്യോമപാതകൾ അടച്ചതും ഇന്ത്യൻ വിമാനക്കമ്പനികളെ സാമ്പത്തികമായി ബാധിക്കും. ഇവ വിമാനടിക്കറ്റ് നിരക്ക് ഉയർത്തിയേക്കാം.
ഇത് പ്രവാസികളെ വലയ്ക്കും.
പ്രവാസി പണമൊഴുക്ക്
ഇന്ത്യയിലേക്ക് എത്തുന്ന മൊത്തം പ്രവാസിപ്പണത്തിൽ 38 ശതമാനവും ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്. ഇതിൽ ഏതാണ്ട് പാതിയും യുഎഇയിൽ നിന്ന്.
പ്രവാസിപ്പണത്തിന്റെ നല്ലൊരു പങ്കും ഒഴുകുന്നതാകട്ടെ കേരളത്തിലേക്കും. ഗൾഫ് മേഖല പ്രതിസന്ധിയിലേക്ക് വീണാൽ അതു കേരളത്തെ സാരമായി ബാധിക്കും.
കേരളത്തിന്റെ വ്യാപാരം, വാണിജ്യം, റിയൽ എസ്റ്റേറ്റ്, ബാങ്കിങ്, വിദ്യാഭ്യാസ മേഖലകളുടെ നട്ടെല്ലാണ് പ്രവാസിപ്പണം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

