ഇറാനിൽ യുഎസും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണവും അതിനു പിന്നാലെ നടന്ന സംഭവങ്ങളുമാണ് ഇന്ന് ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത്. ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് ലോകത്തിനു ഭീഷണിയാണെന്നും അതു തടയാനാണ് ആക്രമണമെന്നുമാണ് യുഎസിന്റെ ഔദ്യോഗിക വിശദീകരണം.
ഇറാന്റെ എണ്ണസമ്പത്ത് ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ചിലർ പറയുന്നു. മതപരമായ എതിർപ്പുകൾ ഉള്ളതു കൊണ്ടാണ് ഇസ്രയേലും യുഎസും ഇങ്ങനെയൊരു ആക്രമണത്തിന് മുതിർന്നതെന്നും വാദങ്ങളുണ്ട്.
എന്നാൽ ഇറാനിൽ യുഎസ് ലക്ഷ്യമിടുന്നത് ചൈനയ്ക്കെതിരായ സാമ്പത്തിക യുദ്ധമാണെന്ന് നിസാൻ മോട്ടർ കോർപറേഷൻ മുൻ ചീഫ് ഇൻഫർമേഷൻ ഓഫിസർ ടോണി തോമസ് പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ ചൈനയാണ് അമേരിക്കയുടെ ഇന്നത്തെ മുഖ്യശത്രു. അവരെ സാമ്പത്തികമായും സൈനികമായും തളർത്തുക എന്നതാണ് ലക്ഷ്യം.
മധ്യേഷ്യയിൽ ഇസ്രയേലിന് ചില താല്പര്യങ്ങളുണ്ട്. അമേരിക്കൻ വിദേശ നയം മുസ്ലിം വിരുദ്ധമാണെന്നു വാദിക്കുന്നവർ, ഈ രാജ്യങ്ങളുമായി യുഎസിനുള്ള പങ്കാളിത്തം മറക്കുകയാണെന്നും അദ്ദേഹം മനോരമ ഓൺലൈനോട് പറഞ്ഞു.
മതസംഘർഷമല്ല
മുസ്ലിം രാജ്യങ്ങളെ നശിപ്പിക്കാൻ അമേരിക്ക മുൻകൂട്ടി തയാറാക്കിയ പദ്ധതിയാണെന്ന ആരോപണങ്ങൾക്കു പ്രസക്തിയില്ലെന്ന് ടോണി തോമസ് പറയുന്നു.
യുഎസിന്റെ ഏറ്റവും വിശ്വസ്തരായ പങ്കാളികളിൽ പലരും മുസ്ലിം രാജ്യങ്ങളാണ്. മതപരമായ സംഘർഷമല്ല ഇപ്പോൾ നടക്കുന്നത്, മറിച്ച് ഭൗമരാഷ്ട്രീയ മേഖലയിലെ അധികാര മത്സരമാണ്.
ഗാസ പിടിച്ചെടുത്ത് അവിടെ വിനോദസഞ്ചാര കേന്ദ്രം സ്ഥാപിക്കുമെന്ന വാദവും ശരിയല്ല.
ലക്ഷ്യം എണ്ണയുമല്ല
ഇറാനിലെയും വെനസ്വേലയിലെയും എണ്ണ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാമെന്നു കരുതിയാണ് ഇവിടങ്ങളിൽ അമേരിക്കൻ സൈനിക നടപടിക്ക് ഒരുങ്ങുന്നതെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഒരു കാലത്ത് എണ്ണ ഉപഭോക്താവ് മാത്രമായിരുന്ന അമേരിക്ക ഇന്ന് ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യം കൂടിയാണ്.
പ്രതിദിനം 13 ദശലക്ഷത്തിലധികം ബാരൽ ക്രൂഡ് ഓയിൽ ഉൽപാദിപ്പിക്കുന്ന അമേരിക്കയ്ക്ക് സ്വന്തം സമ്പദ്വ്യവസ്ഥ മുന്നോട്ടു കൊണ്ടുപോകാൻ മറ്റ് രാജ്യങ്ങളുടെ ക്രൂഡ് ഓയിലിനെ ആശ്രയിക്കേണ്ടതില്ല. ആവശ്യത്തിലും കൂടുതൽ എണ്ണ അമേരിക്കയ്ക്കുണ്ട്.
എന്നാൽ ചൈന അങ്ങനെയല്ല.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ ചൈനയ്ക്ക് പ്രതിദിനം 11 മുതൽ 12 വരെ ദശലക്ഷം ബാരൽ എണ്ണ വേണം. ഇതിൽ 70 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.
ഈ സാഹചര്യത്തിൽ, എണ്ണ വാങ്ങുന്ന രാജ്യങ്ങൾ പോലെ തന്നെ അവ കൊണ്ടുവരുന്ന സമുദ്ര പാതയും ചൈനയ്ക്ക് നിർണായകമാണ്. വെനസ്വേല, ഇറാന്, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വിതരണത്തെയും ഇവിടെനിന്ന് എണ്ണ എത്തിക്കുന്ന പാനമ കനാൽ, ഹോർമുസ് കടലിടുക്ക് തുടങ്ങിയ പാതകളെയും ബാധിക്കുന്ന നീക്കങ്ങളെല്ലാം ചൈനയെ തകർക്കാനാണ്.
അടുത്തിടെ പാനമ കനാലിന്റെ നിയന്ത്രണം യുഎസ് ഏറ്റെടുത്തതും ഇതിനോടു കൂട്ടിവായിക്കണം.
രാജ്യാന്തര വ്യാപാരത്തിന്റെ അഞ്ചു ശതമാനം കൈകാര്യം ചെയ്യുന്ന പ്രധാന കപ്പൽ പാതയാണ് പാനമ കനാൽ. ചൈനീസ് കയറ്റുമതിയുടെ പകുതിയോളം നടക്കുന്ന ‘ഏഷ്യ-യുഎസ് ഈസ്റ്റ് കോസ്റ്റ്’ റൂട്ടുമാണിത്.
പാനമ കനാൽ ചൈന നേരിട്ട് നിയന്ത്രിക്കുന്നില്ല. എന്നാൽ കനാലിന്റെ പ്രവർത്തനങ്ങളിലും സമീപ തുറമുഖങ്ങളിലും ചൈനീസ് കമ്പനികൾക്ക് വൻതോതിൽ നിക്ഷേപമുണ്ട്.
ഡോണൾഡ് ട്രംപ് രണ്ടാമത് പ്രസിഡന്റായപ്പോൾ പാനമയിലെ യുഎസ് സ്വാധീനം വർധിച്ചു.
ഇത് കനാലിലെ പ്രവർത്തനങ്ങളെയും ചൈനീസ് നിക്ഷേപങ്ങളെയും ബാധിച്ചു. പിന്നാലെ ചൈനയുടെ വിതരണ ശൃംഖലയിലും ചരക്കു നീക്കത്തിലും കാലതാമസമുണ്ടായി.
ചെലവും വർധിച്ചു. ഹോങ്കോങ് ആസ്ഥാനമായ രണ്ട് കമ്പനികളെ പാനമ കനാലിന്റെ നിയന്ത്രണത്തില്നിന്നു നീക്കിയതും അടുത്തിടെയാണ്.
യുദ്ധം ജയിക്കാൻ ഇതുമതി
ശത്രു സൈന്യത്തെ നേരിട്ട് നശിപ്പിക്കാൻ സാധിച്ചില്ലെങ്കിലും അവരുടെ വിതരണ ശൃംഖല തകർത്താൽ യുദ്ധത്തിൽ വിജയിക്കാമെന്നാണ് ചരിത്രം പഠിപ്പിക്കുന്നതെന്ന് ടോണി തോമസ് പറയുന്നു.
ബിസി 332 ൽ അലക്സാണ്ടർ ചക്രവർത്തി ഫിനീഷ്യൻ നഗരമായ ടയർ കീഴടക്കിയതും ബിസി 52 ൽ ഗൗൾ യുദ്ധത്തിനിടയിൽ ജൂലിയസ് സീസർ അലേഷ്യ നഗരത്തെ കീഴടക്കിയതും ഉദാഹരണമാണ്. 1598ൽ ജപ്പാനെതിരായ ഇംജിൻ യുദ്ധത്തിൽ കൊറിയൻ അഡ്മിറൽ യി സുൺ-സിൻ നേടിയ വിജയം ലോജിസ്റ്റിക്സ് തകർത്തതിന്റെ മികച്ച ഉദാഹരണമാണ്.
ജപ്പാൻ സൈന്യം കൊറിയൻ കരപ്രദേശങ്ങളിൽ മുന്നേറിക്കൊണ്ടിരുന്നപ്പോൾ, കടലിൽ വച്ച് അവരുടെ വിതരണ കപ്പലുകളെ അദ്ദേഹം തകർത്തു.
സൈനികർക്ക് ആവശ്യമായ ആയുധങ്ങളും ഭക്ഷണവും കടൽ മാർഗം എത്തുന്നത് തടഞ്ഞതോടെ, ജാപ്പനീസ് സൈന്യം ദുർബലമാവുകയും പിൻവാങ്ങാൻ നിർബന്ധിതരാവുകയും ചെയ്തു. യുദ്ധത്തിൽ വിജയിച്ചാലും വിതരണ ശൃംഖല തകർന്നാൽ പരാജയം ഉറപ്പാണെന്ന് 1812ലെ നെപ്പോളിയന്റെ റഷ്യൻ മുന്നേറ്റം തെളിയിക്കുന്നതായും ടോണി തോമസ് വിശദീകരിച്ചു.
ചൈന നേരത്തേ കണ്ടു
ട്രംപിന്റെ നീക്കം മുൻകൂട്ടി മനസ്സിലാക്കിയ ചൈന, 2022 മുതൽ മുൻകരുതൽ എടുത്തിരുന്നു.
റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ, കൽക്കരി, പൈപ്പ് ലൈൻ ഗ്യാസ് എന്നിവയുടെ ഇറക്കുമതി വർധിപ്പിച്ച് റഷ്യയെ ഒരു പ്രധാന ബദൽ ഊർജ സ്രോതസ്സായി അവർ മാറ്റി. നിലവിൽ ചൈനയുടെ വൈദ്യുതി ഉൽപാദനത്തിന്റെ 60 ശതമാനവും കൽക്കരിയിൽ നിന്നാണ്.
ഇതിനു വേണ്ട കൽക്കരിയുടെ 20 ശതമാനവും നൽകുന്നത് റഷ്യയും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗത്തിൽ വ്യവസായങ്ങൾക്ക് വിശ്വസനീയവും വിലകുറഞ്ഞതുമായ വൈദ്യുതി അനിവാര്യമാണ്. ചൈനയുടെ ആഗോള പെട്രോളിയം വിതരണ ശൃംഖല നിയന്ത്രിച്ചതിന് ശേഷം റഷ്യയിൽ നിന്നുള്ള ഊർജ പിന്തുണയിലാകും അമേരിക്കയുടെ കണ്ണ്.
റഷ്യയുള്ള ഏഷ്യ – യൂറോപ്യൻ ഭാഗത്താകും ഇനി അമേരിക്ക ശ്രദ്ധ കേന്ദ്രീകരിക്കുക.
ടെക്നോളജി മേഖലയിൽ അനിവാര്യമായ വൻതോതിലുള്ള അപൂർവ ധാതുക്കൾ ഗ്രീൻലൻഡിൽ ഉണ്ട്. ചൈന ഇവിടെ സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുന്നത് തടയാനും ഇവ നിയന്ത്രണത്തിലാക്കി വികസിപ്പിച്ചെടുക്കാനും കഴിഞ്ഞാൽ ചൈനീസ് കുത്തക കുറയ്ക്കാൻ കഴിയും.
ഗ്രീൻലൻഡിലെ ധാതു ഖനന മേഖലയിൽ സ്വാധീനം ഉറപ്പിക്കാനുള്ള അമേരിക്കയുടെ നീക്കങ്ങൾ ഈ ലക്ഷ്യത്തിന് വേണ്ടിയാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ഭാവിയിലെ സാങ്കേതിക വിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ചൈനയുടെ അപ്രമാദിത്വം തടയാനും യുഎഎസ് ലക്ഷ്യമിടുന്നുണ്ട്.
ഇന്ത്യൻ നിലപാട് നിർണായകം
ചൈനയും റഷ്യയും അടങ്ങുന്ന ബ്രിക്സ് കൂട്ടായ്മയുടെ സ്ഥാപക അംഗമാണ് ഇന്ത്യ. എന്നാൽ നിലവിലെ സാഹചര്യത്തിൽ അമേരിക്കൻ പക്ഷം ചേർന്ന് പ്രവർത്തിക്കുന്ന ഒരു നിർണായക ശക്തിയാണ് ഇന്ത്യ.
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിലേക്ക് നടത്തിയ സന്ദർശനവും യുഎസുമായുള്ള സഹകരണവും ഇതിന് തെളിവാണ്. റഷ്യൻ എണ്ണ വാങ്ങുന്നത് കുറയ്ക്കാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.
ആദർശങ്ങൾക്ക് അപ്പുറം പ്രായോഗിക നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഒരൊറ്റ ശക്തിയെ പൂർണമായും ആശ്രയിക്കുന്നത് ഒഴിവാക്കാനാണ് ഇന്ത്യയുടെ നീക്കം.
ഇസ്രയേലിന് താൽപര്യങ്ങളുണ്ട്
മധ്യേഷ്യയിൽ ഇസ്രയേലിന് ഇറാൻ മാത്രമാണ് മുഖ്യശത്രു.
ഇസ്രയേലിനെ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കുമെന്ന് പ്രഖ്യാപിച്ച രാജ്യങ്ങളിലൊന്നാണ് ഇറാൻ. അവിടെ യുഎസിനൊപ്പം സൈനിക നടപടി സ്വീകരിക്കാൻ ഇസ്രയേലിനും താൽപര്യമുണ്ടാകും.
തീവ്ര നിലപാടുള്ള ഒരു സർക്കാർ മാറി, അമേരിക്കൻ സൗഹൃദ സര്ക്കാർ ഇറാനിൽ വരുന്നത് ഇസ്രേലിനും ഗുണകരമാണ്.
നിലവിലെ യുദ്ധം കൂടുതൽ കാലം നിലനിൽക്കാൻ സാധ്യതയില്ലെന്നും ടോണി തോമസ് പറയുന്നു. ഇറാനിലെ ഭരണകൂടത്തിനോട് രാജ്യത്തിനുള്ളിൽ തന്നെ പ്രശ്നങ്ങളുണ്ട്.
ട്രംപിനും കൂടുതൽ കാലം യുദ്ധം ചെയ്യാൻ താൽപര്യമില്ല. ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു ചർച്ചയിലൂടെ പരിഹാരം കാണുമെന്നാണ് കരുതുന്നത്.
ഇനി യുദ്ധം നീണ്ടുപോയാൽ അതിന്റെ അനന്തര ഫലം വലുതായിരിക്കുമെന്നും ടോണി തോമസ് പറഞ്ഞു. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

