
കാനഡയുടെയും മെക്സികോയുടെയും മേൽ ചാർത്തിയ ഓട്ടോ താരിഫ് ഒരു മാസത്തേക്ക് കൂടി നീട്ടിയത് ഇന്നും രാജ്യാന്തര വിപണിയുടെ ആത്മവിശാസം ഉയർത്തി. ആർബിഐ മാർച്ചിൽ വീണ്ടും പണവിപണിയിൽ ഇടപെടൽ നടത്തുമെന്നു പ്രഖ്യാപിച്ചതും ഇന്ത്യൻ വിപണിയുടെ ആത്മവിശാസവും ഉയർത്തി.
ഇന്നലെ പച്ചതൊട്ട ഇന്ത്യൻ വിപണി ഇന്നും മുന്നേറ്റം നേടി നിർണായക കടമ്പ കടന്നതും റീറ്റെയ്ൽ നിക്ഷേപക സമൂഹത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. ആദ്യമണിക്കൂറിൽ 22245 പോയിന്റ് വരെ വീണ നിഫ്റ്റി ക്രമമായ മുന്നേറ്റം നടത്തി 0.93% നേട്ടത്തിൽ 22544 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 609 പോയിന്റ് നേട്ടത്തിൽ 74340 പോയിന്റിലും ക്ളോസ് ചെയ്തു.
ടാറ്റ സ്റ്റീലിന്റെയും, ഹിൻഡാൽകോയുടെയും പിന്തുണയിൽ മെറ്റൽ സെക്ടർ 2%ൽ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ക്രൂഡ് ഓയിലിന്റെ വില കുറയുന്ന സാഹചര്യത്തിൽ എനർജി സെക്ടറും 2% മുന്നേറ്റം നേടി. റിയാലിറ്റി സെക്ടർ മാത്രം നഷ്ടമുണ്ടാക്കിയ ഇന്ന് നിഫ്റ്റി സ്മോൾ ക്യാപ് സൂചിക ഒന്നര ശതമാനം മുന്നേറ്റം നടത്തി.
വീണ്ടും ആർബിഐ ഇടപെടൽ
ഫെബ്രുവരിയിൽ ബാങ്കിങ് സിസ്റ്റത്തിലേക്ക് പണമൊഴുക്കിയ ആർബിഐ മാർച്ചിലും സമാന ഇടപെടൽ തുടരുമെന്ന് സൂചിപ്പിച്ചത് വിപണിക്ക് അനുകൂലമായി. പൊതു മേഖല ബാങ്കുകളും, നോൺബാങ്കിങ് ഫിനാൻഷ്യൽ ഓഹരികളും ഇന്ന് മുന്നേറ്റം നടത്തി. ബാങ്ക് നിഫ്റ്റിയും, നിഫ്റ്റി ഫിനാൻഷ്യൽ സൂചികയും യഥാക്രമം 0.50%വും, 0.30%വും വീതം മുന്നേറ്റം നടത്തി.
മാർച്ച് 12നും, 18നും ഓപ്പൺ മാർക്കറ്റ് ഓപ്പറേഷനിലൂടെ (ഓഎംഓ) 50000 കോടി രൂപയുടെ വീതം സർക്കാർ ബോണ്ടുകൾ വാങ്ങുന്ന ആർബിഐ മാർച്ച് 24ന് സ്വാപ്പ് ഓക്ഷനിലൂടെ 10 ബില്യൺ അമേരിക്കൻ ഡോളർ കൂടി വിപണിയിലെത്തിക്കും.
സീറോ-താരിഫ് സാധ്യത
അമേരിക്കയിൽ നിന്നുമുള്ള കാർഷിക ഉത്പന്നങ്ങൾക്കൊഴികെ മറ്റൊന്നിനും ഇറക്കുമതി തീരുവ പാടില്ല എന്ന് അമേരിക്ക ആവശ്യപ്പെടുന്നു എന്ന റിപ്പോർട്ട് ടെസ്ലക്ക് വേണ്ടി മാത്രമുള്ള ‘’കളി’’യായാണ് വിപണി വിലയിരുത്തുന്നത്. അമേരിക്കയിൽ നിന്നുമുള്ള വാഹനങ്ങൾക്ക് ഏറ്റവും കുറഞ്ഞ ഇറക്കുമതി തീരുവ ഏർപ്പെടുത്തുന്നത് വരെ ഇന്ത്യയുമായുള്ള അമേരിക്കയുടെ റെസിപ്രോക്കൽ ചർച്ച നീണ്ട് പോയേക്കാം.
(Photo: AFP)
ചൈനയുടെ സ്പെഷ്യൽ ആക്ഷൻ പ്ലാൻ
ചൈനയുടെ 2025ലെ വാർഷിക ആഭ്യന്തര ഉല്പാദനലക്ഷ്യം 5% ആണെന്ന് ഇന്നലെ നാഷണൽ പീപ്പിൾസ് കോൺഗ്രസിൽ വച്ച് ചൈനീസ് പ്രീമിയർ ലീ കിയാങ് പ്രഖ്യാപിച്ചത് അമേരിക്കയുടെ താരിഫ് ഭീഷണികളെ ചൈന കണക്കാക്കുന്നില്ല എന്നതിന്റെ കൂടി സൂചനയാണ്. മികച്ച ആഭ്യന്തര ഉപഭോഗവർധനയുടെ കൂടി പശ്ചാത്തലത്തിൽ ജിഡിപി വളർച്ച ഉറപ്പാക്കുമെന്ന് കരുതുന്ന ചൈന മൂന്ന് ദശാബ്ദക്കാലത്തെ ഏറ്റവും ഉയർന്ന 4% ബജറ്റ് ഡെഫിസിറ്റും ഇത്തവണ പ്രതീക്ഷിക്കുന്നു.
അമേരിക്കൻ തൊഴിൽ ഡേറ്റ ഇന്നും നാളെയും
ഇന്നലെയും മികച്ച മുന്നേറ്റം നേടിയ അമേരിക്കൻ വിപണിയുടെ സ്വാധീനത്തിലും, ചൈനീസ് എൻപിസി പ്രഖ്യാപനങ്ങളുടെയും പിന്ബലത്തിൽ ഏഷ്യൻ വിപണികൾ നേട്ടം കൊയ്തു. ചൈനീസ് വിപണി ഒരു ശതമാനത്തിൽ കൂടുതൽ മുന്നേറി. അമേരിക്കൻ തൊഴിൽ വിവരക്കണക്കുകൾ വരാനിരിക്കെ അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് നഷ്ടത്തിലാണ് തുടരുന്നത്. ഇസിബി കണക്കുകൾക്ക് മുന്നോടിയായി യൂറോപ്യൻ വിപണിയും സമ്മർദ്ദത്തിലാണ്.
ഇന്ന് വരുന്ന അമേരിക്കയുടെ അൺഎംപ്ലോയ്മെന്റ് ക്ലെയിം കണക്കുകളും, നാളെ വരുന്ന ഫെബ്രുവരിയിലെ അമേരിക്കൻ തൊഴിൽ ലഭ്യത വെളിവാക്കുന്ന നോൺഫാം പേറോൾ കണക്കുകളും അമേരിക്കൻ വിപണിക്ക് നിർണായകമാണ്. അടുത്ത ബുധാനാഴ്ച വരാനിരിക്കുന്ന അമേരിക്കയുടെ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകളും ലോകവിപണിയെ സ്വാധീനിക്കും.
ജർമൻ ഇൻഫ്രാ ചെലവിടൽ
ഇൻഫ്രാ, ഡിഫൻസ് മേഖലയിൽ കൂടുതൽ തുക ചെലവഴിക്കാനുള്ള ജർമനിയുടെ തീരുമാനത്തിന്റെ പിൻബലത്തിൽ ഇന്നലെ മികച്ച മുന്നേറ്റം നടത്തിയ ജർമനിയുടെ ഡാക്സ് സൂചിക ഇന്നും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. ജർമനിയുടെ ഇൻഫ്രാ ചെലവിടൽ വർദ്ധിക്കുന്നതും ലോഹവിലകളുടെ മുന്നേറ്റത്തിന് ആധാരമായി.
ചൈന ഉരുക്ക് ഉത്പാദനം കുറക്കുന്നു
അമേരിക്കയുടെ ട്രേഡ് താരിഫുകളുടെ പശ്ചാത്തലത്തിൽ ചൈന ഉരുക്ക് ഉല്പാദനത്തിൽ കുറവ് വരുത്തുന്നു എന്ന പ്രഖ്യാപനം സ്റ്റീലിന് വിലമുന്നേറ്റം നൽകി. ഇന്ന് ഇന്ത്യൻ സ്റ്റീൽ ഓഹരികളെല്ലാം മുന്നേറ്റം നടത്തി.
ബേസ് മെറ്റലുകൾ
ചൈനയുടെ സാമ്പത്തിക ഉത്തേജനപദ്ധതികളും, ജർമനിയുടെ ഇൻഫ്രാ ബൂസ്റ്റർ പദ്ധതിയും ബേസ് മെറ്റലുകൾക്ക് ഇന്ന് മുന്നേറ്റം നൽകി. കോപ്പർ ഒഴികെയുള്ള ലോഹങ്ങളെല്ലാം ഏഷ്യൻ വിപണി സമയത്ത് ഒരു ശതമാനത്തിൽ കൂടുതൽ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. മെറ്റൽ ഓഹരികൾ മുന്നേറ്റം പ്രതീക്ഷിക്കുന്നു.
ഡോളർ
രൂപക്കെതിരെ അമേരിക്കൻ ഡോളർ വീണ്ടും 87 /- നിരക്കിലും മുകളിലേക്ക് തന്നെ കയറി. ഇന്നും നാളെയും വരുന്ന അമേരിക്കൻ തൊഴിൽ വിവരക്കണക്കുകൾ തന്നെയാകും ഡോളറിന്റെ തുടർ ചലനങ്ങൾ ഉറപ്പിക്കുക. അമേരിക്കയുടെ 10 വർഷ ബോണ്ട് യീൽഡ് 4.29%ലും തുടരുന്നു.
സ്വർണം
ഡോളറിന്റെ മുന്നേറ്റം ഏഷ്യൻ വിപണി സമയത്ത് സ്വർണത്തിനും തിരുത്തൽ നൽകി. സ്വർണം ഔൺസിന് 2912 ഡോളർ നിരക്കിലാണ് തുടരുന്നത്.
ക്രൂഡ് ഓയിൽ
ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 70 ഡോളറിൽ താഴെ വ്യാപാരം തുടരുന്നത് ഇന്ത്യൻ വിപണിയിൽ ഓയിൽ മാർക്കറ്റിങ് ഓഹരികൾക്കൊപ്പം പെയിന്റ്, ടയർ ഓഹരികൾക്കും മുന്നേറ്റം നൽകി.റഷ്യൻ, ഇറാൻ എണ്ണകൾ കൂടി വിപണിയിലെത്തുന്നതും, ട്രംപിന്റെ ‘’ഡ്രിൽ ബേബി ഡ്രിൽ’’ നയങ്ങളും ക്രൂഡ് ഓയിലിനെ മുന്നോട്ട് പോകാനനുവദിച്ചേക്കില്ലെന്നത് ഇന്ത്യൻ വിപണിക്ക് ആശ്വാസമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]