
സംരംഭക സ്വപ്നങ്ങൾക്ക് സാക്ഷാത്കാരത്തിന്റെ പുതുചിറകു സമ്മാനിച്ച് മനോരമ ഓൺലൈൻ ഒരുക്കിയ ‘മനോരമ ഓൺലൈൻ എലവേറ്റ്’ നിക്ഷേപ സമാഹരണ റിയാലിറ്റി ഷോയിൽ മിന്നുന്ന നേട്ടവുമായി ‘ഫുൽവ’. കോഴിക്കോടെന്ന് കേട്ടാലേ നമ്മുടെയുള്ളിൽ ഹൽവയുടെ സ്വാദൂറും രുചിയോർമകളെത്തും. അതേ, കോഴിക്കോടൻ ഹൽവയെ ‘ഫുൽവ’ എന്ന ബ്രാൻഡിലൂടെ മേയ്ക്കോവർ ചെയ്ത്, ആഗോള ബ്രാൻഡാക്കിയിരിക്കുകയാണ് കാലിക്കറ്റ് കസിൻസ് എന്ന ചങ്ങായിമാർ.
മനോരമ ഓൺലൈൻ എലവേറ്റിന്റെ ആദ്യ എപ്പിസോഡ് താഴെയുള്ള വിഡിയോയിൽ കാണാം.
ചെറു പ്രായത്തിൽ തന്നെ ലോകം ശ്രദ്ധിക്കുന്ന ഒരു ബ്രാൻഡിന് രൂപംകൊടുക്കുക, അതിവേഗം വിപണി പിടിക്കുക എന്നിങ്ങനെ വിസ്മയനേട്ടങ്ങൾ കൈപ്പിടിയിലാക്കുകയാണ് ഷബാസ് അഹമ്മദ് എന്ന 22കാരനും കൂട്ടുകാരും, അതും ഹൽവയിലൂടെ. ഷബാസും എസ്. ഇർഫാൻ സഫർ (21), പി.കെ. തഷ്റീഫ് അലി (23), സി. സനു മുഹമ്മദ് (23) എന്നിവരും ചേർന്നു സ്ഥാപിച്ച ഫുൽവ എന്ന ഹൽവ സ്റ്റാർട്ടപ്പ് ഇന്ന് ഇന്ത്യയിൽ മാത്രമല്ല യുഎസും യുഎഇയും ഓസ്ട്രേലിയയും തുർക്കിയുമടക്കം പത്തിലേറെ രാജ്യങ്ങളിൽ കോഴിക്കോടൻ ഹൽവയുടെ രുചിവിസ്മയങ്ങളെത്തിക്കുന്നു. പ്രവർത്തനം തുടങ്ങി ഒരുവർഷത്തിനകം സ്വന്തമാക്കിയത് 20,000ലേറെ ഉപഭോക്താക്കളെ. നമ്മൾ സാധാരണ കഴിക്കുന്ന ഹൽവയിൽ രുചിയുടെയും രൂപകൽപനയുടെയും പുതുമകൾ അവതരിപ്പിച്ചാണ് ഇവരുടെ നേട്ടം.
കശ്മീർ കണക്ഷൻ
കോഴിക്കോടൻ ഹൽവ എന്നത് കൊതിയൂറുന്ന വിഭവമാണെങ്കിലും സമ്മാനമായി നൽകാനോ യാത്രകളിൽ കൊണ്ടുപോകാനോ ബുദ്ധിമുട്ട് പലരും അനുഭവിക്കുന്നുണ്ട്. ഇതിനു പരിഹാരം കാണുകയെന്ന ലക്ഷ്യമാണ് ഫുൽവയുടെ പിറവിക്കു പിന്നിൽ. ഷബാസിന്റെ ഒരു കശ്മീർ യാത്രയാണ് നിമിത്തമായതും.
കശ്മീരിലെ ചില സുഹൃത്തുക്കൾ നാട്ടിൽ നിന്ന് കോഴിക്കോടൻ ഹൽവ അയച്ചുതരണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി പിന്നീട് കോഴിക്കോടിന്റെ തെരുവുകളിലൂടെ സഞ്ചരിച്ച ഷബാസിനു പക്ഷേ അതെങ്ങനെ അയച്ചുകൊടുക്കുമെന്നായി ആശങ്ക. മാത്രമല്ല, സമ്മാനമായി നൽകാവുന്നവിധം ഹൈജീനിക്കായും ആയിരുന്നില്ല പലരുടെയും വിൽപന. സ്വാദിലും സ്ഥിരതയുണ്ടായിരുന്നില്ല.
ഷബാസിന്റെയുള്ളിൽ അവിടെയൊരു പുതുപുത്തൻ സംരംഭക ആശയം ഉദിക്കുകയായിരുന്നു. ചെറു ക്ലാസ് മുതലേ ഒപ്പം പഠിച്ച കൂട്ടുകാരെ ഷബാസ് കൂടെക്കൂട്ടി. കാലിക്കറ്റ് കസിൻസ് എന്ന കമ്പനി പിറന്നു. ഗിഫ്റ്റ് നൽകാനും യാത്രകളിൽ കൊണ്ടുപോകാനും പറ്റുംവിധം ഹൽവയെ മാറ്റിയെടുക്കുകയെന്ന സംരംഭം. ഫ്യൂഷൻ വിഭവം എന്ന പരീക്ഷണം ഹൽവയിലും നടത്തി. പായ്ക്കിങ്ങിൽ വ്യത്യസ്തതയും ലോകോത്തര നിലവാരവും ആകർഷകത്വവും അവതരിപ്പിച്ചു. ഇപ്പോഴിതാ, സമ്മാനങ്ങളിലും കേമനായി ഫുൽവ. ഉപഭോക്താക്കളിൽ നല്ലൊരു പങ്കും ഇപ്പോൾ കേരളത്തിലെയും ചെന്നൈയിലെയും ഉത്തരേന്ത്യയിലെയും കോർപ്പറേറ്റ് കമ്പനികൾ. ക്ലയന്റുകൾക്കും ജീവനക്കാർക്കും മറ്റും ഗിഫ്റ്റായി നൽകാൻ അവർ ഫുൽവ വാങ്ങുന്നു. യുഎഇ, യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പ്രവാസികളും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകാനും ഫുൽവ ഓർഡർ ചെയ്തു വാങ്ങുന്നു.
ഹൽവ ഫുൽവയായ കഥ
2023 സെപ്റ്റംബറിലാണ് ഫുൽവ എന്ന സ്റ്റാർട്ടപ്പിന്റെ തുടക്കം. ഇർഫാനാണ് ഫുൽവ എന്ന പേര് പറഞ്ഞത്. ഫുൾ-ഹൽവ, ഫുൾ-വെറൈറ്റി എന്നിങ്ങനെ വ്യാഖാനിക്കാം. കാലിക്കറ്റ് കസിൻസ് എന്ന പേരിൽ കമ്പനി റജിസ്റ്റർ ചെയ്തു. തുടക്കത്തിൽ ഒരു പ്രാദേശിക ഹൽവ നിർമാതാവിന്റെ യൂണിറ്റ് ഉപയോഗിച്ചായിരുന്നു ഹൽവ നിർമാണം. വാട്സാപ്പ് വഴിയായിരുന്നു തുടക്കത്തിൽ വിൽപനയും. കുസാറ്റിൽ എൻജിനിയറിങ് വിദ്യാർഥിയായിരുന്ന സനു മുഹമ്മദിന്റെ നേതൃത്വത്തിൽ പിന്നീട് ഫുൽവ വെബ്സൈറ്റ് സജ്ജമാക്കി ഓൺലൈൻ വിൽപന ആരംഭിച്ചു.
നിലവിൽ ആമസോണ്, സ്വിഗ്ഗി, അജ്ഫാൻ ഔട്ട്ലെറ്റുകൾ എന്നിവ വഴിയും വിൽപനയുണ്ട്. പത്തിലേറെ രാജ്യങ്ങളിലേക്ക് ഡെലിവറി ചെയ്യുന്നു. ടർക്കി, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുപോലും ഓർഡറുകൾ ലഭിക്കുന്നുണ്ടെന്ന് സനു മുഹമ്മദ് പറഞ്ഞു. ഉപഭോക്താക്കളിൽ നല്ലൊരുപങ്കും പ്രവാസികൾ.
ഹൽവയിൽ അനന്ത സാധ്യതകൾ
ഹൽവ എന്ന വിഭവത്തിൽ അനന്തമായ സാധ്യതകളാണ് മുന്നിലുള്ളതെന്ന് കാലിക്കറ്റ് കസിൻസ് പറയുന്നു. 24 പ്രീമിയം വെറൈറ്റീസ് ഓഫ് ഓതന്റിക് കോഴിക്കോടൻ ഹൽവ, ബദാം ഹൽവ, ബ്ലാക്ക് ജാഗറി ഹൽവ, ഡേറ്റ്സ് ഹൽവ, ചോക്ലേറ്റ് ഹൽവ, ഹൽവ സ്റ്റഫ്ഡ് മെദ്ജൂൽ ഡേറ്റ്സ് തുടങ്ങിയ ഹൽവ വെറൈറ്റികളാണ് അഴകുള്ള പായ്ക്കുകളിൽ ഫുൽവ വിപണിയിലെത്തിക്കുന്നത്.
fulva.in
നിലവിൽ കോഴിക്കോട് ചാലിയത്താണ് ഓഫീസ്. പുതിയപാലത്താണ് നിർമാണ യൂണിറ്റ്. നിർമാണവും പായ്ക്കിങ്ങും ഒരിടത്താക്കാനായി പുതിയ യൂണിറ്റ് സജ്ജമാവുകയാണ്. സ്ഥാപകർ അടക്കം 16 പേർ അടങ്ങുന്നതാണ് ഫുൽവ ടീം. മാർക്കറ്റിങ്ങിലും വിപണനത്തിലും പുതിയ ചുവടുകൾവച്ച്, കേരളത്തിൽ നിന്നുള്ള ഗ്ലോബൽ ബ്രാൻഡായി മാറുകയാണ് ലക്ഷ്യമെന്ന് സനു മുഹമ്മദ് പറഞ്ഞു. ലോകോത്തര ചോക്ലേറ്റ് ബ്രാൻഡ് പോലെ വളരാൻ വലിയ സാധ്യതകൾ ഹൽവയ്ക്കുമുണ്ട്. ഫ്യൂഷൻ, മോഡേൺ ആശയങ്ങൾ ചാലിച്ച് ഹൽവയെ പുതിയ തലത്തിലേക്ക് ഉയർത്താനാണ് ശ്രമം. പാലട ഹൽവ പോലുള്ള വെറൈറ്റികളും വൈകാതെ അവതരിപ്പിക്കും.
വൈവിധ്യമായ വിതരണശൃംഖലകൾ വഴി വളരാനുള്ള പരിശ്രമവും നടക്കുന്നു. മറ്റ് ചില ബ്രാൻഡുകളും പ്രാദേശിക നിർമാതാക്കളും വിപണിയിലുണ്ടെങ്കിലും ഫുൽവയുടെ നിലവാരമോ ഉൽപന്ന വൈവിധ്യമോ പായ്ക്കിങ് മികവോ അവർക്ക് അവകാശപ്പെടാനില്ലെന്നും സനു മുഹമ്മദ് ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടു തന്നെ, ഇപ്പോൾ ഉപഭോക്താക്കൾ കടകളിൽ അന്വേഷിക്കുന്നത് ഹൽവയുണ്ടോ എന്നല്ല, ‘‘ഫുൽവയുണ്ടോ ചേട്ടാ’’ എന്നാണെന്നും സനു പറയുന്നു.
എലവേറ്റിൽ ശ്രദ്ധേയ നേട്ടം
മികച്ച സംരംഭങ്ങൾക്ക് മൂലധന, മെന്ററിങ് പിന്തുണ ഉറപ്പാക്കാൻ ജെയിൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് മനോരമ ഓൺലൈൻ ഒരുക്കിയ ‘മനോരമ ഓൺലൈൻ-എലവേറ്റ്’ നിക്ഷേപ പിച്ചിങ് പരിപാടിയിൽ ഫുൽവ സംരംഭകർ സ്വന്തമാക്കിയത് ശ്രദ്ധേയനേട്ടം. കേരളം കണ്ട ഏറ്റവും മികച്ച നിക്ഷേപകരായ മീരാൻ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ, ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ടോം എം.ജോസഫ്, അസറ്റ് ഹോംസ് സ്ഥാപകൻ സുനിൽ കുമാർ, ഹീൽ സ്ഥാപകൻ രാഹുൽ ഏബ്രഹാം മാമ്മൻ എന്നിവരായിരുന്നു നിക്ഷേപക പാനലിൽ.
മനോരമ ഓൺലൈൻ എലവേറ്റിന്റെ നിക്ഷേപക പാനൽ അംഗങ്ങളായ ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ, ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ടോം എം. ജോസഫ്, അസറ്റ് ഹോംസ് സ്ഥാപകൻ സുനിൽ കുമാർ, ഹീൽ സ്ഥാപകൻ രാഹുൽ എബ്രഹാം മാമ്മൻ എന്നിവർ
മികച്ച മൂലധന പിന്തുണയാണ് രാഹുൽ ഏബ്രഹാം മാമ്മൻ വാഗ്ദാനം ചെയ്തത്. വിതരണശൃംഖല വിപുലപ്പെടുത്തുക, ഗവേഷണ-വികസനം കൂടുതൽ ഊർജസ്വലമാക്കുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കാൻ അദ്ദേഹത്തിന്റെ വാഗ്ദാനം സ്വീകരിക്കുന്നതായി കാലിക്കറ്റ് കസിൻസും വ്യക്തമാക്കി. ബിസിനസിലും കമ്പനിയുടെ പ്രവർത്തനഫല കണക്കുകളിലും ചെറുപ്രായത്തിൽ തന്നെ ഷബാസിനും ഫുൽവയുടെ സഹസ്ഥാപകർക്കുമുള്ള അറിവും ഫുൽവ എന്ന ആശയം മനോഹരമായി അവതരിപ്പിച്ചതും നിക്ഷേപക പാനലിന്റെ പ്രശംസയും നേടി.
ഫുൽവയ്ക്ക് കൂടുതൽ ഷെൽഫ് ലൈഫ് ഉറപ്പാക്കുന്നത് സംബന്ധിച്ച ഗവേഷണങ്ങൾക്കായി തന്റെ കമ്പനിയുടെ ലാബിൽ സൗജന്യമായി സൗകര്യം ഉറപ്പാക്കാമെന്ന് നവാസ് മീരാനും വാഗ്ദാനം നൽകി. ഫുൽവ വിൽക്കാനായി എറണാകുളത്ത് വാടകയില്ലാതെ പ്രൈം ലോക്കേഷനിൽ 500 ചതുരശ്ര അടി സ്ഥലം നൽകാമെന്ന് സുനിൽ കുമാർ വാഗ്ദാനം ചെയ്തു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]