
അമേരിക്കൻ പൗരരല്ലാത്തവർ രാജ്യത്തിന് പുറത്തേക്ക് അയക്കുന്ന പണത്തിന് ഈടാക്കാൻ ശുപാർശ ചെയ്തിരുന്ന നികുതി ഒരു ശതമാനമായി പുനർ നിശ്ചയിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ടിന്റെ’ പരിഷ്കരിച്ച പതിപ്പ്. 5% നികുതി (റെമിറ്റൻസ് എക്സൈസ് ടാക്സ്) ഈടാക്കണമെന്നായിരുന്നു ബില്ലിലെ ആദ്യ ശുപാർശ. പിന്നീടിത് 3.5 ശതമാനമാക്കി. ഇപ്പോൾ വീണ്ടും ഭേദഗതി ചെയ്ത് ഒരു ശതമാനമാക്കിയിട്ടുണ്ട്.
വൺ ബിഗ് ബ്യൂട്ടിഫുൾ ബില്ലിലെ പ്രധാന നിർദ്ദേശങ്ങളിലൊന്നാണിത്. അമേരിക്കയിൽ നിന്ന് പണം മറ്റ് രാജ്യങ്ങളിലേയ്ക്ക് അയയ്ക്കുന്നതിന് ഇനി ഒരു ശതമാനം നികുതി ചുമത്തും. ഈ നികുതി അഞ്ചിൽ നിന്ന് ഒന്നായി ഇപ്പോൾ കുറച്ചു എന്ന് തെറ്റായ രീതിയിലാണ് പൊതുവെ കരുതുന്നത്. എന്നാൽ വാസ്തവത്തിൽ ആദ്യമായിട്ടാണ് പണമയയ്ക്കുന്നതിന് വേണ്ടി അമേരിക്ക ഒരു ശതമാനം ടാക്സ് ചുമത്തുന്നത്. ഇത് വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കാരണം അമേരിക്കയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേയ്ക്ക് പണം അയക്കുന്നവരെ ഇത് ബാധിക്കും. പ്രത്യേകിച്ചും അമേരിക്കയിലുള്ള പ്രവാസി ഇന്ത്യക്കാരെ ഇത് കനത്ത തോതിൽ ബാധിക്കും.
അമേരിക്കൻ പൗരന്മാര്‍ക്കും ബാധകം
നേരത്തെ അമേരിക്കൻ പൗരന്മാരെ ബില്ലിൽ നിന്ന് ഒഴിവാക്കിയിരുന്നെങ്കിൽ ഇപ്പോൾ അവരും ഇതിന്റെ പരിധിയിൽ വരുന്നുണ്ട്. 2026 ജനുവരി ഒന്ന് മുതലാണ് ബിഗ് ബ്യൂട്ടിഫുൾ ബിൽ ബാധകമാകുന്നത്. അതിന് ശേഷം ഏതു കാര്യത്തിനുള്ള പണമയക്കൽ നടന്നാലും റെമിറ്റൻസ് എക്സൈസ് നികുതി ബാധകമാകും. ഉദാഹരണത്തിന്, ഒരു അമേരിക്കൻ പ്രവാസി നാട്ടിൽ ഭൂമി വാങ്ങുന്നതിന് വേണ്ടി പണമയയ്ക്കുമ്പോൾ വരുന്ന ജനുവരി ഒന്നു മുതൽ ഒരു ശതമാനം നികുതി ബാധകമാകും. വരുമാനത്തിൽ നിന്ന് നാട്ടിലേയ്ക്ക് സ്ഥിരമായി പണമയച്ചാലും ഒരു ശതമാനം നികുതി ഈടാക്കും.
കുടുംബങ്ങളെ ബാധിക്കും
അതായത് നാട്ടിൽ അവരുടെ വരുമാനത്തെ ആശ്രയിക്കുന്നവർക്ക് മാത്രമുണ്ടാകുന്ന ബുദ്ധിമുട്ടിനപ്പുറം റിയൽ എസ്റ്റേറ്റ് മേഖലയിലുമൊക്കെ ഇത് ബാധിക്കും. അമേരിക്കൻ പ്രവാസികൾ നാട്ടിൽ ഭൂമിയും ഫ്ലാറ്റുമൊക്കെ വാങ്ങുന്ന പ്രവണതകുറയും. ഇത്തരത്തിൽ ഒറ്റയടിയ്ക്ക് വൻ തുക ചെലവഴിക്കേണ്ടി വരുമ്പോൾ നൽകേണ്ട നികുതിയും ഏറുമെന്നതിനാൽ അവർ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുന്നതിൽ നിന്ന് പിൻവലിയാനിടയുണ്ട്. നികുതി വർധനവ് നാട്ടിലേയ്ക്ക് പണമയക്കുന്നതിൽ നിന്നും അവരെ പിൻതിരിപ്പിക്കും. ഇത് കേരളമുൾപ്പടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ സമ്പദ് വ്യവസ്ഥയെപ്പോലും ബാധിച്ചേക്കാം. നിലവിൽ ഇന്ത്യയിലേയ്ക്ക് എത്തുന്ന ആഗോള റെമിറ്റൻസിന്റെ 28 ശതമാനം അമേരിക്കയിൽ നിന്നാണ്.
English Summary:
Donald Trump’s revised “One Big Beautiful Bill” imposes a 1% tax on all money transfers from the US, impacting American expats and potentially significantly affecting economies like Kerala’s, which receives substantial remittances from the United States.
mo-business-tax-benefit p-g-suja mo-business-moneytransfer 74at65i9lnnnob9av8n2nocf3j-list 7q27nanmp7mo3bduka3suu4a45-list 15k8org8qfukc5gsiu829tgeai mo-news-world-countries-unitedstates mo-politics-leaders-internationalleaders-donaldtrump