
ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ഐസ്ക്രീമിനും ഫുഡിനും പിന്നാലെയെന്ന് മന്ത്രിയുടെ പരിഹാസം; പ്രതിഷേധം ശക്തം
ന്യൂഡൽഹി ∙ ചൈനീസ് സ്റ്റാർട്ടപ്പുകൾ നൂതന സാങ്കേതിക വിദ്യകൾ വികസിപ്പിക്കുമ്പോൾ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ഐസ്ക്രീം കച്ചവടവും ഭക്ഷണ ഡെലിവറിയുമാണ് ചെയ്യുന്നതെന്ന കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ പരാമർശത്തിൽ പ്രതിഷേധവുമായി ഐടി/സ്റ്റാർട്ടപ് മേഖലയിലെ പ്രമുഖർ. ഡൽഹിയിൽ നടക്കുന്ന സ്റ്റാർട്ടപ് മഹാകുംഭ മേളയിൽ പ്രസംഗിക്കുന്നതിനിടയിലായിരുന്നു കേന്ദ്ര മന്ത്രിയുടെ വിവാദ പരാമർശം.
ചൈനയിലെയും ഇന്ത്യയിലെയും സ്റ്റാർട്ടപ്പുകളെ താരതമ്യം ചെയ്യുന്ന പോസ്റ്ററുകൾ അടക്കം പ്രദർശിപ്പിച്ചായിരുന്നു മന്ത്രിയുടെ പ്രസംഗം. പിന്നീട് ഇതേ പോസ്റ്ററുകൾ സ്റ്റാർട്ടപ് മേള നടക്കുന്ന പവിലിയനുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ഇന്ത്യയുടെ സ്റ്റാർട്ടപ്പുകൾ ഭക്ഷണ ഡെലിവറി ആപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, തൊഴിൽരഹിത യുവാക്കളെ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്നു. ഡീപ് ടെക് കേന്ദ്രീകരിച്ച് വെറും ആയിരത്തോളം സ്റ്റാർട്ടപ്പുകൾ മാത്രമാണ് ഇന്ത്യയിലുള്ളത്. സാങ്കേതിക വിദ്യയിലും കണ്ടെത്തലുകളിലും ഊന്നിയുള്ള സ്റ്റാർട്ടപ്പുകളിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും പീയൂഷ് ഗോയൽ പറഞ്ഞു.
അതേസമയം മന്ത്രിയുടെ പ്രസംഗത്തെ വിമർശിച്ച് ഒട്ടേറെപ്പേർ രംഗത്തെത്തി. മന്ത്രി ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ ചെറുതാക്കി കാണരുത്, പകരം ഇന്ത്യയിൽ ഡീപ് ടെക് സ്റ്റാർട്ടപ്പുകൾ വളരാൻ സഹായിക്കുന്നതിന് മന്ത്രി എന്ന നിലയിൽ എന്താണ് ചെയ്തതെന്ന് സ്വയം ചോദിക്കണമെന്ന് ഇൻഫോസിസ് മുൻ സിഇഒ മോഹൻദാസ് പൈ പറഞ്ഞു. ഇന്ത്യൻ കമ്പനികളെ കുറ്റപ്പെടുത്തുന്നതിന് പകരം അവരെ പിന്തുണച്ചുനോക്കണമെന്ന് ക്വിക് ഡെലിവറി സ്ഥാപനമായ സെപ്റ്റോ സിഇഒ ആദിത് പാലിച്ച പറഞ്ഞു. ആമസോൺ അടക്കമുള്ള ടെക് ഭീമൻമാർ ചെറിയ ഡെലിവറി സ്ഥാപനമായാണ് തുടങ്ങിയതെന്ന് മന്ത്രി ഓർക്കണമെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
English Summary:
Union Minister Piyush Goyal’s controversial remarks criticizing Indian startups sparked outrage. Leading figures in the IT sector are demanding more government support for innovation and technology.
mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-business-startup 6og3cih36c9d7f8fsrpqv9k3os 1uemq3i66k2uvc4appn4gpuaa8-list mo-politics-leaders-piyushgoyal