
ഇന്ത്യയ്ക്കുള്ള തിരിച്ചടി തീരുവ; ചെമ്മീൻ ഫാക്ടറികൾ അടച്ചുപൂട്ടലിലേക്ക്, കർഷകർ ആശങ്കയിൽ
കൊച്ചി∙ സംസ്കരിച്ച ചെമ്മീനിന്റെ കയറ്റുമതി നിർത്തിവയ്ക്കാൻ ഇറക്കുമതിക്കാരുടെ നിർദേശം. ചെമ്മീൻ സംസ്കരണ കേന്ദ്രങ്ങൾ ഏതു നിമിഷവും പൂട്ടേണ്ടി വരുമെന്ന സ്ഥിതി. പാടങ്ങളിൽ കൃഷി ചെയ്ത ചെമ്മീൻ കയറ്റുമതിക്കാർ വാങ്ങുന്നതും നിർത്തിയതോടെ കർഷകരും പ്രതിസന്ധിയിൽ.
നിലവിൽ കപ്പൽ കയറിയ ചരക്ക് അവിടെ എത്തുമ്പോൾ ഇറക്കുമതിക്കാർ പണം നൽകി സ്വീകരിക്കുമോ എന്നും ആശങ്കയുണ്ട്.
അമേരിക്ക ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയ പകരം തീരുവ 26 ശതമാനമായി വർധിപ്പിച്ചതിന്റെ പ്രത്യാഘാതം ഒറ്റ ദിവസം കൊണ്ടു തന്നെ അനുഭവപ്പെടുന്നത് സമുദ്രോൽപന്ന രംഗത്താണ്. കേരളത്തിൽ സംസ്കരിക്കുന്ന ചെമ്മീൻ കോൾഡ് സ്റ്റോറേജിൽ സൂക്ഷിച്ച ശേഷം യുഎസിലേക്കൊ പുനർസംസ്കരണത്തിനും മൂല്യ വർധനയ്ക്കുമായി വിയറ്റ്നാം, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കൊ അയയ്ക്കുകയാണു രീതി. ചരക്ക് ഇനി അയയ്ക്കേണ്ട എന്ന് അവിടങ്ങളിൽ നിന്നെല്ലാം അറിയിപ്പ് വന്നു കഴിഞ്ഞു.
ബോട്ടുകാർക്കും മറ്റും മുൻകൂർ തുക കൊടുത്തവർക്ക് തൽക്കാലം ചരക്ക് വാങ്ങാതിരിക്കാൻ കഴിയില്ല. പക്ഷേ സംസ്കരിച്ച ശേഷം കോൾഡ് സ്റ്റോറേജിൽ സൂക്ഷിക്കാനെ കഴിയൂ. പ്രതിസന്ധി തുടർന്നാൽ ചെമ്മീൻ വാങ്ങുന്നതും സംസ്കരിക്കുന്നതും നിർത്തേണ്ടി വരും. സംസ്കരണ കേന്ദ്രങ്ങളിൽ തൊഴിലില്ലായ്മ പടരും. കടലിൽ നിന്നു പിടിക്കുന്ന ചെമ്മീൻ മുഴുവൻ ആഭ്യന്തര വിപണിയിൽ വിൽക്കുകയല്ലാതെ മാർഗമില്ലാതാകും. ഇതിലേറെ പ്രതിസന്ധിയാണ് ചെമ്മീൻ കർഷകർക്ക്. വളർത്തിയ ചെമ്മീൻ ഏപ്രിൽ,മേയ് മാസങ്ങളിലാണു വിളവെടുക്കുന്നത്. അതിന്റെ കയറ്റുമതി ജൂൺ, ജൂലൈയിലും. ഒരു കിലോഗ്രാം ചെമ്മീനിന് ആന്ധ്രയിലും മറ്റും ഉൽപാദന ചെലവ് കിലോഗ്രാമിന് 200 രൂപയാണ്. കയറ്റുമതിക്കാർ കിലോഗ്രാമിന് 230 രൂപ മുതൽ 250 രൂപ വരെ നൽകി വാങ്ങുന്നതാണു പതിവ്. പക്ഷേ ഇപ്പോൾ 200 രൂപയ്ക്കു പോലും ആരും വാങ്ങാൻ തയാറല്ല. അതിനാൽ ചെമ്മീനിന്റെ കൊയ്ത്തും നിർത്തി. ആന്ധ്രയിലാണ് ചെമ്മീൻ കൃഷിയുടെ 80% എങ്കിലും കേരളം,തമിഴ്നാട്,ഒഡീഷ സംസ്ഥാനങ്ങളിലും കൃഷിയുണ്ട്. ഇക്വഡോറാണ് അമേരിക്കയിലേക്കുള്ള ചെമ്മീൻ കയറ്റുമതിയിൽ ഇന്ത്യയുടെ പ്രധാന എതിരാളി. അവർക്ക് ചുങ്കം 10% മാത്രം. ചെമ്മീൻ കയറ്റുമതിയുടെ 60 ശതമാനത്തിലേറെ യുഎസിലേക്കാണ്.
English Summary:
US countervailing duty hike devastates India’s shrimp industry. Shrimp farmers and processors face crisis as exports plummet, leading to potential widespread unemployment. Learn about the impact on Kerala, Andhra Pradesh, and the entire seafood sector.
p-kishore 5e294g4ko3qai70q2c7dma4pd1 mo-business-export mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-food-seafood mo-news-world-countries-unitedstates 1uemq3i66k2uvc4appn4gpuaa8-list