
കേരളത്തിൽ ഇന്നും സ്വർണവിലയിൽ (Kerala gold price) വമ്പൻ ഇടിവ്. പവന് 720 രൂപയും ഗ്രാമിന് 90 രൂപയും ഒറ്റയടിക്ക് കുറഞ്ഞു. ഇന്നലെ പവന് 1,280 രൂപയും ഗ്രാമിന് 160 രൂപയും ഇടിഞ്ഞിരുന്നു. ഇതോടെ രണ്ടുദിവസത്തിനിടെ പവന് 2,000 രൂപ ഇടിഞ്ഞ് വില 66,480 രൂപയായി. ഗ്രാമിന് 250 രൂപ കുറഞ്ഞ് 8,310 രൂപയും. ഏപ്രിൽ 3ന് വില സംസ്ഥാനത്തെ സർവകാല റെക്കോർഡായ ഗ്രാമിന് 8,560 രൂപയും പവന് 68,480 രൂപയുമായിരുന്നു.
കനംകുറഞ്ഞതും (ലൈറ്റ്വെയ്റ്റ്) വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 75 രൂപ കുറഞ്ഞ് 6,845 രൂപയായി. ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ ചെയർമാനായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരമുള്ള വിലയാണിത്. രണ്ടുദിവസം മുമ്പ് വില റെക്കോർഡ് 7,060 രൂപയായിരുന്നു. എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ നൽകിയ വില ഗ്രാമിന് 70 രൂപ കുറച്ച് 6,810 രൂപയാണ്.
അതേസമയം, ഇരു വിഭാഗങ്ങളും വെള്ളിവില ഗ്രാമിന് 4 രൂപ കുറച്ച് 102 രൂപയാക്കി. രണ്ടുദിവസം മുമ്പ് 112 രൂപയായിരുന്നു. പാദസരം, അരഞ്ഞാണം തുടങ്ങി വെള്ളികൊണ്ടുള്ള ആഭരണങ്ങൾ, പാത്രങ്ങൾ, പൂജാസാമഗ്രികൾ തുടങ്ങിയവ വാങ്ങുന്നവർക്ക് ഈ വിലക്കുറവ് നേട്ടമാണ്. വ്യാവസായിക ആവശ്യത്തിന് വെള്ളി ഉപയോഗിക്കുന്നവർക്കും വിലയിടിവ് ആശ്വാസമാകും.
താഴ്ന്നിറങ്ങി രാജ്യാന്തര വില
രണ്ടുദിവസം മുമ്പ് ഔൺസിന് 3,166.99 ഡോളർ എന്ന സർവകാല ഉയരംതൊട്ട രാജ്യാന്തര വില 3,018 ഡോളർ വരെ താഴ്ന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും വില കുറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിലെ റെക്കോർഡ് കുതിപ്പ് മുതലെടുത്ത് ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപ പദ്ധതികളിൽ ലാഭമെടുപ്പ് തകൃതിയായതോടെ രാജ്യാന്തര വില വീഴുകയായിരുന്നു.
ഡോളറിനെതിരെ രൂപയുടെ മൂല്യം വൻതോതിൽ മെച്ചപ്പെട്ടത് ഇന്ത്യയിൽ സ്വർണവില കൂടുതൽ കുറയാൻ സഹായിച്ചു. ഒരുവേള 84.95 വരെ രൂപ മുന്നേറി. നിലവിൽ മൂല്യം 85.24. അതേസമയം, യുഎസിനെതിരെ ചൈന 34% പകരച്ചുങ്കവുമായി തിരിച്ചടിച്ചതോടെ രാജ്യാന്തര സ്വർണവില 3,033 ഡോളറിലേക്ക് കയറി. അല്ലായിരുന്നെങ്കിൽ ഇന്ന് കേരളത്തിൽ സ്വർണവില കൂടുതൽ ഇടിയുമായിരുന്നു.
തരിപ്പണമായി ഡോളറും ബോണ്ട് യീൽഡും
ട്രംപിന്റെ താരിഫ് നയം അമേരിക്കയ്ക്കു തന്നെ തിരിച്ചടിയാകുമെന്ന വിലയിരുത്തലുകൾ ഡോളറിനെയും ബോണ്ട് യീൽഡിനെയും സമീപകാലത്തെ ഏറ്റവും തകർച്ചയിലേക്ക് നയിച്ചു. കഴിഞ്ഞ ജനുവരിയിൽ യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരെ 109.96ൽ ആയിരുന്ന യുഎസ് ഡോളർ ഇൻഡക്സ് (ഡോളറിന്റെ മൂല്യം) ഇപ്പോഴുള്ളത് 102.89ൽ. ഒരുവേള മൂല്യം 101.57 വരെയും താഴ്ന്നു. ജനുവരിയിൽ 4.8 ശതമാനമായിരുന്ന യുഎസ് ഗവൺമെന്റിന്റെ 10-വർഷ ട്രഷറി ബോണ്ട് യീൽഡ് ഇന്നലെ ഒരുവേള 3.88 ശതമാനം വരെ കൂപ്പുകുത്തി. നിലവിലുള്ളത് 4.0 ശതമാനത്തിൽ.
യുഎസ് തുടങ്ങിവച്ച താരിഫ് പോരിനെ അതിശക്തമായി പല രാജ്യങ്ങളും തിരിച്ചടിച്ചേക്കാം. ഇത് ഫലത്തിൽ ആഗോള വ്യാപാരയുദ്ധം കലുഷിതമാകാനും യുഎസ് കടുത്ത സാമ്പത്തിക മാന്ദ്യത്തിലകപ്പെടാനും ഇടയാക്കിയേക്കാമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യങ്ങൾ ഫലത്തിൽ സ്വർണത്തിനു നേട്ടമായേക്കും.
ഓഹരി വിപണികളും കടുത്ത തകർച്ചയിലാണെന്നതും സ്വർണനിക്ഷേപ പദ്ധതികളിലേക്ക് നിക്ഷേപം വൻതോതിൽ ഒഴുകാൻ വഴിവച്ചേക്കും. ‘സുരക്ഷിത നിക്ഷേപം’ (safe-haven demand) എന്ന പെരുമ ഇപ്പോഴും സ്വർണത്തിനുണ്ട്. അതായത്, വരുംദിവസങ്ങളിലും സ്വർണവിലയിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്ന് നിരീക്ഷകർ പറയുന്നു.
ഇന്നൊരു പവന്റെ വാങ്ങൽ വിലയെന്ത്?
സ്വർണവില കുറഞ്ഞതിന് ആനുപാതികമായി പണിക്കൂലിയും നികുതിഭാരവും ചേർത്തുള്ള വാങ്ങൽവിലയും കുറയുമെന്നത് ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെയുള്ള വിശേഷാവശ്യങ്ങൾക്കായി വലിയതോതിൽ സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശ്വാസമാണ്. മുൻകൂർ ബുക്കിങ് പ്രയോജനപ്പെടുത്തി നേട്ടം സ്വന്തമാക്കാൻ ഇവർക്ക് കഴിയും.
വില കുറഞ്ഞുനിൽക്കുമ്പോൾ ബുക്ക് ചെയ്താൽ, ബുക്ക് ചെയ്യുന്ന ദിവസത്തെയും വാങ്ങുന്ന ദിവസത്തെയും വില താരതമ്യം ചെയ്ത് ഏതാണോ കുറവ്, ആ വിലയ്ക്ക് സ്വർണാഭരണങ്ങൾ സ്വന്തമാക്കാമെന്നതാണ് നേട്ടം. ഫലത്തിൽ, പിന്നീട് വില കൂടിയാലും അത് ഉപഭോക്താവിനെ ബാധിക്കില്ല. ഒട്ടുമിക്ക പ്രമുഖ ജ്വല്ലറികളും ഈ സൗകര്യം നൽകുന്നുണ്ട്.
3% പണിക്കൂലി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവയും ചേരുമ്പോൾ ഇന്നൊരു പവന്റെ വാങ്ങൽവില 71,953 രൂപയാണ്. ഒരു ഗ്രാം സ്വർണാഭരണത്തിന് 8,994 രൂപയും. രണ്ടുദിവസം മുമ്പ് സ്വർണം വാങ്ങിയവർ കൊടുത്തത് ഒരു പവൻ ആഭരണത്തിന് 74,116 രൂപയും ഒരു ഗ്രാം ആഭരണത്തിന് 9,265 രൂപയുമായിരുന്നു. ഇതു 5% പണിക്കൂലി പ്രകാരമുള്ള വാങ്ങൽവിലയാണ്. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് 3 മുതൽ 30% വരെയൊക്കെയാകാം.