ഇറാനും അമേരിക്കയും യുദ്ധം ഒഴിവാക്കാനുള്ള ചർച്ചകളിലേക്ക് കടക്കുന്നു. വെള്ളിയാഴ്ച രാവിലെ 10ന് ഒമാനിലെ മസ്കറ്റിലാണ് സമവായ ചർച്ച.
ഇറാന്റെ ന്യൂക്ലിയർ പദ്ധതികളാണ് പ്രധാന വിഷയം. ആണവായുധ നിർമാണ പദ്ധതികളിൽ നിന്ന് ഇറാൻ പിന്മാറണമെന്നും ഇതിനായി യുഎസുമായി ധാരണയിലെത്തണമെന്നും പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇറാൻ അതിന് വഴങ്ങാത്ത പശ്ചാത്തലത്തിലായിരുന്നു വമ്പൻ കപ്പൽപ്പട
(അർമാഡ) ഇറാനെ ഉന്നമിട്ട് അയച്ചുകൊണ്ട് ട്രംപ് ആക്രമണ ഭീഷണി മുഴക്കിയത്.
ആക്രമിച്ചാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്നും മധ്യേഷ്യയാകെ യുദ്ധകലുഷിതമാകുമെന്നും ഇറാനും പ്രതികരിച്ചിരുന്നു. അതേസമയം, ചർച്ച പൊളിഞ്ഞാൽ ഇറാനിയൻ പരമോന്നത നേതാവ് അലി ഖമനയി ദുഃഖിക്കേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
കൂടുതൽ വിശദീകരിക്കാൻ ട്രംപ് തയാറായില്ല.
ഇറാൻ-യുഎസ് ചർച്ചയ്ക്ക് വഴിയൊരുങ്ങിയതോടെ എണ്ണവില (ക്രൂഡ് ഓയിൽ) വില ഇടിഞ്ഞു. കഴിഞ്ഞവാരം ബാരലിന് 70 ഡോളർ വരെയെത്തിയ ബ്രെന്റ് ക്രൂഡ് വില ഇപ്പോഴുള്ളത് 68.50 ഡോളറിൽ.
ഇന്നുമാത്രം 1.38% കുറഞ്ഞു. 66 ഡോളർ നിലവാരത്തിൽ നിന്ന് ഡബ്ല്യുടിഐ ക്രൂഡ് വില 62 ഡോളറിലേക്കും ഒരുഘട്ടത്തിൽ ഇടിഞ്ഞെങ്കിലും പിന്നീട് 64ലേക്ക് കയറി.
∙ അമേരിക്കയുടെ ഉപരോധമുള്ളതിനാൽ ആഗോള എണ്ണ ഉൽപാദന, കയറ്റുമതി രംഗത്ത് ഇറാൻ ഇപ്പോൾ നിർണായകശക്തി അല്ല.
എന്നാൽ, ഇറാനും എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിലെ അംഗമാണ്. മാത്രമല്ല, ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതിയുടെ മുഖ്യപങ്കും പോകുന്നത് ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോർമുസ് കടലിടുക്ക് വഴിയാണ്.
ഇറാൻ-യുഎസ് യുദ്ധമുണ്ടായാൽ ഗൾഫ് എണ്ണയുടെ ഉൽപാദനം, ഹോർമുസ് വഴിയുള്ള നീക്കം എന്നിവ തടസ്സപ്പെട്ടേക്കുമെന്ന ഭീതിയാണ് കഴിഞ്ഞവാരം എണ്ണവിലയെ മുന്നോട്ട് നയിച്ചത്.
ഒഴിയാതെ ടെൻഷൻ, ഇറാനൊപ്പം നിൽക്കാൻ കൂടുതൽ രാജ്യങ്ങൾ
ഇറാൻ-യുഎസ് ചർച്ചയ്ക്ക് വഴിതെളിഞ്ഞെങ്കിലും ആശങ്ക തുടരുകയാണ്. യുഎസിന്റെ വിമാനവാഹിനി പടക്കപ്പലായ യുഎസ്എസ് ഏബ്രഹാം ലിങ്കന് നേർക്കെത്തിയ ഒരു ഇറാനിയൻ ഡ്രോൺ യുഎസ് സൈന്യം വെടിവച്ചിട്ടിരുന്നു.
ഇതിനുപിന്നാലെയാണ് ട്രംപ് ഖമനയിക്കുനേരെ ഭീഷണി എയ്തത്. ഡ്രോൺ അയച്ചത് മേഖലയിലെ പതിവ് നിരീക്ഷണത്തിന്റെ ഭാഗമായാണെന്നും രാജ്യാന്തര നിയമം ലംഘിച്ചിട്ടില്ലെന്നും ഇറാൻ വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിൽ ഒരു യുഎസ് വാണിജ്യക്കപ്പൽ പിടിച്ചെടുക്കാൻ ഇറാൻ ശ്രമിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞവർഷം ഇറാന്റെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേലും യുഎസും ആക്രമണം നടത്തിയപ്പോഴും ഇറാൻ സൈന്യം കാര്യമായി പ്രതികരിച്ചിരുന്നില്ല.
ഇറാന്റെ സഖ്യകക്ഷികളായ ഇറാഖ്, യെമൻ, ലെബനൻ എന്നിവയും ഇടപെട്ടിരുന്നില്ല. എന്നാൽ, ഇക്കുറി ഇറാനെതിരെ ആക്രമണമുണ്ടായാൽ ഈ രാജ്യങ്ങളുടെ സൈന്യവും പ്രതിരോധിക്കാനെത്തുമെന്ന് സൂചനകളുണ്ട്.
പുറമേ ഇറാനോട് കൂറുള്ള ഹൂതികളും ലെബനനിലെ ഹിസ്ബുള്ളയും ഇറാഖിലെ ഇറാൻ അനുകൂല വിമതരും രംഗത്തിറക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കരുത്തറിയിക്കാൻ ഇന്ത്യൻ വിപണി
ഇന്ത്യ-ഇയു ഡീലിന് പിന്നാലെ ഇന്ത്യ-യുഎസ് ഡീൽ പ്രഖ്യാപനത്തിന്റെയും തീരുവഭാരം കുറയുന്നതിന്റെയും പശ്ചാത്തലത്തിൽ ചൊവ്വാഴ്ച ഇന്ത്യൻ ഓഹരി വിപണികൾ സമീപകാലത്തെ ഏറ്റവും മികച്ച നേട്ടത്തിലേക്ക് കുതിച്ചുകയറിയിരുന്നു. എന്നാൽ, ഡീൽ സംബന്ധിച്ച അവ്യക്തത നിലനിൽക്കുന്നത് ഇന്നലെ വിപണികളെ ആലസ്യത്തിലാഴ്ത്തി.
വിദേശ വിപണികളുടെ മോശം പ്രകടനവും സ്വാധീനിച്ചു.
ഇന്ന് രാവിലെ ഗിഫ്റ്റ് നിഫ്റ്റി 20 പോയിന്റോളം ഉയർന്നിട്ടുണ്ട്. സെൻസെക്സും നിഫ്റ്റിയും ഇന്നും നേട്ടം തുടരുമെന്ന പ്രതീക്ഷ ഇതു നൽകുന്നു.
എങ്കിലും, വിദേശ സൂചനകൾ ഇപ്പോഴും നെഗറ്റീവ് ആണെന്ന ആശങ്കയുണ്ട്. എഐ പേടി വിട്ടൊഴിയാത്തതിനാൽ യുഎസ് ഫ്യൂച്ചേഴ്സ് ഇന്നും ചുവന്നു.
എസ് ആൻഡ് പി ഫ്യൂച്ചേഴ്സ് 0.29%, നാസ്ഡാക് 0.45%, ഡൗ 0.01% എന്നിങ്ങനെ താഴ്ന്നു. യുഎസ് വിപണിയുടെ വീഴ്ചയുടെ ചുവടുപിടിച്ച് ജാപ്പനീസ് നിക്കേയ് 0.85%, ഹോങ്കോങ് 1.50%, ഷാങ്ഹായ് 1.00% എന്നിങ്ങനെ ഇടിഞ്തും ഇന്ത്യൻ വിപണികളെ അലോസരപ്പെടുത്തിയേക്കും.
∙ രൂപ ഇന്നലെ ഡോളറിനെതിരെ 15 പൈസ താഴ്ന്ന് 90.47ൽ എത്തി.
കോർപറേറ്റ് കമ്പനികളും ഇറക്കുമതിക്കാരും ഡോളർ വൻതോതിൽ വാങ്ങിക്കൂട്ടിയതാണ് തിരിച്ചടിയായത്.
ആടിയുലഞ്ഞ് സ്വർണവില
ഇന്നലെ വീണ്ടും ഔൺസിന് 5,000 ഡോളർ എന്ന നാഴികക്കല്ല് വീണ്ടെടുത്ത രാജ്യാന്തര സ്വർണവില ഇന്നൊരുവേള 4,821ലേക്ക് ഇടിഞ്ഞു. ലാഭമെടുപ്പ് സമ്മർദമാണ് ഇടിവിനു കാരണം.
ഇതു വിലയിരുത്തിയാൽ കേരളത്തിൽ ഇന്നും സ്വർണവില കുറയും. ഇന്നലെ വൈകിട്ട് ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞിരുന്നു.
ഐടിയിൽ ചോരപ്പുഴയോ?
ചൊവ്വാഴ്ച കുതിച്ചുമുന്നേറിയ ഇന്ത്യൻ ഓഹരി സൂചികകളെ ഇന്നലെ ഏറക്കുറെ നിർജീവമാക്കിയത് ഐടി കമ്പനികളുടെ ഓഹരികളായിരുന്നു.
നിർമിതബുദ്ധി (എഐ) കമ്പനിയായ ആന്ത്രോപ്പിക് പുറത്തിറക്കിയ പുതിയ സേവനങ്ങൾ (ക്ലോഡ് കോവർക്ക്) ഐടി കമ്പനികൾക്ക് ഭീഷണിയാകുമെന്ന വിലയിരുത്തലാണ് ഇന്നലെ തിരിച്ചടിയായത്.
∙ ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ ടെക് എന്നിവ ഇന്നലെ കനത്ത നഷ്ടം നേരിട്ടിരുന്നു. ∙ നിഫ്റ്റി ഐടി സൂചികയും ഇടിഞ്ഞത് 6 ശതമാനത്തിലധികം
∙ ഇന്നും ഐടി ഓഹരികൾ സമ്മർദത്തിലായേക്കും.
∙ ഭാരതി എയർടെൽ, എൽഐസി, ടാറ്റാ മോട്ടോഴ്സ്, ഹീറോ മോട്ടോകോർപ്പ്, നൈക തുടങ്ങിയവ ഇന്ന് ഡിസംബർപാദ പ്രവർത്തനഫലം പുറത്തുവിടും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

