റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയ്ക്കുമേൽ ഇനിയും കടുത്ത തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ, ഇന്ത്യയെ പ്രതിരോധത്തിലാക്കുന്ന പുതിയ വെളിപ്പെടുത്തലുമായി യുഎസ് സെനറ്റർ ലിൻഡ്സേ ഗ്രഹാം.
റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ ഇപ്പോൾ കുറച്ചെന്ന് തന്നോട് പറഞ്ഞ യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വത്ര, ഇന്ത്യയ്ക്കുമേലുള്ള തീരുവ കുറയ്ക്കാൻ ട്രംപിനോട് പറയാമോ എന്ന് തന്നോട് അഭ്യർഥിച്ചെന്നും ഗ്രഹാം വെളിപ്പെടുത്തി.
റഷ്യൻ എണ്ണ ഇറക്കുമതിക്കുള്ള പിഴയെന്നോണം 25% അധികത്തീരുവയാണ് ട്രംപ് ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ചത്. ഇതൊഴിവാക്കണമെന്നാണ് അംബാസഡറുടെ ആവശ്യം.
റഷ്യൻ എണ്ണയുടെ പേരിൽ ട്രംപ് പിഴത്തീരുവ ചുമത്തിയ ഏകരാജ്യവും ഇന്ത്യയാണ്. ഇനിയും റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യാനാണ് ഇന്ത്യയുടെ തീരുമാനമെങ്കിൽ കൂടുതൽ തീരുവ ചുമത്തുമെന്ന് ട്രംപ് ഇന്നു ഭീഷണി മുഴക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് ഗ്രഹാം അംബാസഡറുടെ അഭ്യർഥനയെക്കുറിച്ച് വെളിപ്പെടുത്തിയത്. ട്രംപിനൊപ്പം എയർ ഫോഴ്സ് വൺ വിമാനത്തിൽ മാധ്യമങ്ങളോടാണ് ഇക്കാര്യം ലിൻഡ്സേ ഗ്രഹാം പറഞ്ഞത്.
‘‘എന്നെ സന്തോഷിപ്പിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.
പ്രധാനമന്ത്രി മോദി ഒരു നല്ല മനുഷ്യനാണ്. ഞാൻ സന്തോഷവാനല്ലെന്ന് മോദിക്ക് അറിയാം.
എന്നെ സന്തോഷിപ്പിക്കേണ്ടത് അനിവാര്യമാണെന്നും മോദിക്കറിയാം. ഇനിയും അവർ റഷ്യൻ എണ്ണ വാങ്ങിയാൽ ഉടനടി തീരുവ കൂട്ടാൻ ഞങ്ങൾക്ക് പറ്റും’’ – ട്രംപ് പറഞ്ഞതിങ്ങനെ. അമേരിക്കയുമായി വ്യാപാരക്കരാറിലെത്താനും അതുവഴി തീരുവയിൽ ഇളവ് നേടാനും ഇന്ത്യ ശ്രമിക്കുന്നതിനിടെയാണ് ട്രംപിന്റെ പുതിയ വെല്ലുവിളി.
2022ൽ യുക്രെയ്നെതിരെ റഷ്യ യുദ്ധം ആരംഭിച്ചതിന് പിന്നാലെയായിരുന്നു ഇന്ത്യ വലിയതോതിൽ റഷ്യൻ എണ്ണ വാങ്ങിത്തുടങ്ങിയത്.
ഉപരോധംമൂലം റഷ്യയ്ക്ക് പരമ്പരാഗത ഉപഭോക്താക്കളെ നഷ്ടപ്പെട്ടപ്പോൾ വൻതോതിൽ ഡിസ്കൗണ്ട് നൽകി ഇന്ത്യയെയും ചൈനയെയും ആകർഷിക്കുകയായിരുന്നു. തുടർന്നും ഇപ്പോഴും ഏറ്റവുമധികം റഷ്യൻ എണ്ണ വാങ്ങുന്നത് ചൈനയാണെങ്കിലും ട്രംപ് പിഴത്തീരുവ ചുമത്തിയത് ഇന്ത്യയ്ക്ക് മാത്രം.
യുദ്ധത്തിന് മുൻപ് ഇന്ത്യയിലേക്കുള്ള മൊത്തം എണ്ണ ഇറക്കുമതിയിൽ ഒരു ശതമാനത്തിനും താഴെയായിരുന്നു റഷ്യയുടെ വിഹിതം.
യുദ്ധാനന്തരം ഇത് 40 ശതമാനം വരെ ഉയർന്നു. ഇതോടെ, പുട്ടിന്റെ യുദ്ധത്തിന് എണ്ണവാങ്ങി ഇന്ധനം പകരുന്നത് ഇന്ത്യയാണെന്ന് ആരോപിച്ചാണ് ട്രംപ് കനത്ത പിഴത്തീരുവ ചുമത്തിയത്.
എന്നാൽ, ഉപഭോഗത്തിന്റെ 85-90% ക്രൂഡ് ഓയിലും പുറത്തുനിന്നു വാങ്ങുന്ന രാജ്യമാണ് ഇന്ത്യയെന്നും രാജ്യത്തെ ജനങ്ങൾക്ക് ഊർജ സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യവും വിപണിസാഹചര്യങ്ങളും വിലയിരുത്തിയാണ് റഷ്യൻ എണ്ണ വാങ്ങുന്നതെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

