അത്തത്തിന് തുടങ്ങിയ ഓണ മൂഡ് ഉത്രാട പാച്ചിലിൽ എത്തി നിൽക്കുമ്പോൾ മലയാളി മാത്രമല്ല, കേരളത്തിലേക്ക് എത്തുന്ന വടക്കേ ഇന്ത്യൻ ടൂറിസ്റ്റുകളും വിദേശ ടൂറിസ്റ്റുകളുമൊക്കെ ആവേശത്തിലാണ്.
കേരളത്തിലെ വാരാഘോഷവും ഓണസദ്യയും ആസ്വദിക്കാൻ ഹോട്ടലുകളിലേക്ക് എത്തുന്ന ടൂറിസ്റ്റുകൾ ഏറെയാണെന്ന് കൊച്ചിയിലെ അബാദ് ഹോട്ടൽസ് ആൻഡ് റിസോർട്ട് മാനേജിങ് ഡയറക്ടർ റിയാസ് അഹമ്മദ് പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചിയിലും കോവളം, മൂന്നാർ, കുമരകം തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലും എത്തിയ സഞ്ചാരികളിൽ ഏറെയും ആവശ്യപ്പെട്ടത് ഓണസദ്യ ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇലയിൽ വിളമ്പുന്ന ഓണസദ്യയും പലതരം പായസവും വിദേശികൾക്കു പുതുമയേറിയ അനുഭവമാണ് സമ്മാനിക്കുന്നത്.
ഇക്കുറി ഓണത്തിന് അടുക്കളയിൽ സദ്യ പാകം ചെയ്തു സമയം കളയേണ്ടതില്ലെന്നു കരുതുന്ന മലയാളികളുണ്ട്. ഓണസദ്യ പാഴ്സലിനു ഹോട്ടലുകൾക്കും കേറ്ററിങ് യൂണിര്റുകൾക്കും മറ്റും വൻ തോതിൽ ലഭിച്ച ഓർഡറുകൾ ഇതിനു തെളിവാണ്.
ഓണസദ്യ പാഴ്സലിന് നഗരങ്ങളിൽ മാത്രമല്ല ഗ്രാമങ്ങളിൽ പോലും ആവശ്യക്കാർ ധാരാളമുണ്ട്. അത്തം മുതൽ തന്നെ ഓണവിഭവങ്ങൾക്ക് ഏറെ ആവശ്യക്കാർ എത്തുന്നുണ്ടെന്ന് എറണാകുളം കരയോഗം പ്രസിഡന്റ് ആലപ്പാട്ട് മുരളീധരൻ പറഞ്ഞു.
വെളിച്ചെണ്ണ വില കൂടിയതും സദ്യയ്ക്കു വില കൂടിയതുമൊന്നും ആളുകൾക്ക് പ്രശ്നമല്ല. കഴിഞ്ഞ തവണത്തേതിലും 10% വില ഓണസദ്യയ്ക്ക് ഏറിയിട്ടുണ്ട്.
പായസത്തിനു വൻ ഡിമാന്റാണുള്ളത്. മുൻ കാലങ്ങളിൽ ഓഫിസുകളിലേക്കും മറ്റും വൻതോതിൽ സദ്യ ബുക്ക് ചെയ്തിരുന്നത് ഇപ്പോൾ ഉത്രാടത്തിനും തിരുവോണത്തിനും വീടുകളിലേക്കും ബുക്ക് ചെയ്യുന്നുണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
പല കേറ്ററിങ് ഗ്രൂപ്പുകളും ഉത്രാടം മുതൽ സദ്യ പാഴ്സലായി വിതരണം ചെയ്യുന്നുണ്ട്.
കേരളത്തിൽ മൊത്തം 300 കേറ്ററിങ് ഗ്രൂപ്പുകളാണുള്ളത്, ഇവിടെയെല്ലാം ഇക്കുറി ഓണസദ്യ ഓർഡർ ബുക്കിങ് ഫുൾ ആണ്. ഇതിലേറെയും വീടുകളിലേക്കാണ്.
നഗരത്തിൽ ഫ്ലാറ്റുകളിലും മറ്റും താമസിക്കുന്നവർ ഹോട്ടലിൽ പോയി സദ്യ കഴിക്കുകയാണു പതിവ്. ഗ്രൂപ്പുകൾ സദ്യ ബുക്കിങ് അവസാനിപ്പിച്ചുവെങ്കിലും ഹോട്ടലുകളിൽ സദ്യ പാഴ്സലായി വാങ്ങാനും അവിടെ വച്ച് കഴിക്കാനും അവസരമുണ്ട്.
ഉത്രാടത്തിനും തിരുവോണത്തിനും നൽകുന്ന സദ്യക്ക് കാറ്ററിങ് ഗ്രൂപ്പുകാർ ചോറ് സാധാരണയായി ഉൾപ്പെടുത്താറില്ല, ചീത്തയാകാനുള്ള സാധ്യത കൂടുതലുള്ളതുകൊണ്ടാണ് ഇത്. രണ്ടുതരം പായസം ഉൾപ്പെടെ 20 കൂട്ടം വിഭവങ്ങൾ ഉൾപ്പെടുന്ന 4 പേർക്കുള്ള ഓണസദ്യയ്ക്ക് എറണാകുളം കരയോഗത്തിൽ 1500 രൂപയാണ് നിരക്ക്.
ബുക്ക് ചെയ്തവർക്ക് തിരുവോണ ദിവസം രാവിലെ 9 നും 10 നും ഇടയിൽ സദ്യ വാങ്ങാം. 1000 രൂപ മുതൽ 2000 രൂപ വരെയാണ് നിരക്ക്.
ഇനി ജോലിയുടെ തിരക്കെല്ലാം ഒതുങ്ങി ഓണത്തിന്റെ അവധിക്ക് ആസ്വാദ്യകരമായി സദ്യ പാചകം ചെയ്യണമെന്നുണ്ടെങ്കിൽ ഇൻസ്റ്റന്റ് ആയി ഓണവിഭവങ്ങൾ അവതരിപ്പിക്കാൻ ക്വിക് കൊമേഴ്സ് കമ്പനികളും റെഡിയാണ്.
സ്വിഗി ഇൻസ്റ്റമാർട്ടിൽ സദ്യ വിളമ്പാനുള്ള വാഴയില വരെ കിട്ടും. അഞ്ചു വാഴയിലക്ക് 55 രൂപ നൽകിയാൽ മതി.
മിൽമ പാലട പായസത്തിന് 400 ഗ്രാമിന് 120 രൂപ.
ക്വിക് കൊമേഴ്സ് കമ്പനികൾ ഓണസദ്യക്കുള്ള വിഭവങ്ങൾ മാത്രമല്ല ഓണപ്പൂക്കളം ഇടാൻ പൂക്കളും ഞൊടിയിടയിൽ എത്തിക്കും. ഇൻസ്റ്റമാർട്ടിൽ 100 ഗ്രാം പൂവിന് 18 രൂപ മുതൽ ലഭിക്കും. 94 രൂപയ്ക്ക് മൂന്നുതരം ഓണപ്പൂക്കളുടെ മിക്സ് ആണ് നിമിഷങ്ങൾക്കുള്ളിൽ വീട്ടിലെത്തുക.
വില കൂടിയിട്ടുണ്ടെങ്കിലും ഓണം ആയതു കൊണ്ട് വാങ്ങലുകൾ ഒന്നും കുറയ്ക്കുന്നില്ലെന്ന് കൊല്ലം സ്വദേശിനിയായ വീട്ടമ്മ അമ്പിളി ഷാജി പറയുന്നു.
വർഷത്തിലൊരിക്കൽ അല്ലേ ഉള്ളൂ, അതുകൊണ്ടുതന്നെ ഓണക്കോടിയും സദ്യക്കുള്ള വിഭവങ്ങളും പൂക്കളം ഇടാനുള്ള പൂക്കളും ഒക്കെ വാങ്ങിക്കഴിഞ്ഞു. ഇനി നാളെ മഴ മാറി നല്ല കാലാവസ്ഥ കൂടിയായാൽ കുട്ടികൾക്കും മുതിർന്നവർക്കും ആഘോഷിക്കാൻ അതു മതിയെന്ന് അമ്പിളി കൂട്ടിച്ചേർത്തു.
കൊല്ലത്തെ ചിന്നക്കടയിലും ചാമക്കടയിലും ബിഷപ്പ് ജെറോം നഗറിലുമൊക്കെ തിരക്ക് കാരണം ഒന്നും വാങ്ങാൻ കൂടി പറ്റാത്ത അവസ്ഥയാണെന്ന് അമ്പിളി കൂട്ടിച്ചേർത്തു.
കണ്ണൂരിൽ ഇറച്ചിയും മീനും ഒക്കെയുള്ള നോൺ വെജിറ്റേറിയൻ സദ്യയാണ് ആവേശമെന്ന് വീട്ടമ്മ രജിത അരവിന്ദ് പറയുന്നു. കണ്ണൂരിൽ എല്ലായിടത്തും ഇത്തരത്തിലുള്ള ഓണം വൈബാണെന്നും രജിത പറയുന്നു.
ഓണത്തിനുള്ള തയാറെടുപ്പുകൾ എല്ലാം സെറ്റ് ആയിക്കഴിഞ്ഞു, ഇനിയൊരു അടിപൊളി ഓണാഘോഷമാണ് പ്ലാൻ ചെയ്യുന്നതെന്ന് കൊച്ചിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കെ. അനിൽ കുമാർ പറയുന്നു മക്കൾക്കായി നൽകാൻ ഇതൊക്കെയല്ലേ ഉള്ളൂ.
ഉത്രാട ദിവസം രാവിലെ പെയ്ത മഴ പലരെയും ആശങ്കപ്പെടുത്തിയെങ്കിലും ആവേശം വീണ്ടും തിരിച്ചു വന്നിരിക്കുകയാണ്.
വിപണി ഉത്രാട പാച്ചിലിലാണ്.
കേരളത്തിൽ ഓണത്തെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോൾ തന്നെ വിദേശ മലയാളികൾക്കിടയിൽ ഓണാഘോഷം തുടങ്ങിക്കഴിഞ്ഞിട്ടുണ്ടെന്ന് യുകെയിലെ പ്രവാസിയായ പുന്നൂസ് പറയുന്നു. ശീതീകരിച്ച ഓണസദ്യയ്ക്കാണിത്തവ ണ പ്രിയമെങ്കിലും ഓണസദ്യ വീട്ടിലും തയാറാക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]