പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഉൾപ്പെടെ ഉന്നത നേതാക്കൾ കൊല്ലപ്പെട്ടിട്ടും ഇസ്രയേലി-യുഎസ് സഖ്യത്തിനെതിരെ ആത്മവിശ്വാസത്തോടെ, വീറോടെ ഇറാൻ പ്രത്യാക്രമണം കടുപ്പിച്ചത് ‘ഗൾഫ് സംഘർഷം’ കൂടുതൽ രൂക്ഷമാക്കുന്നു. ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ നടപടി രാജ്യാന്തര കപ്പൽഗതാഗത നീക്കത്തിന്റെ മർമ്മത്തിന് കിട്ടിയ കനത്ത അടിയായി.
യുഎഇയും സൗദിയും ഖത്തറും ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾക്കുനേരെയും ഇറാൻ ആക്രമണം നടത്തുന്നത് എണ്ണ, ഗ്യാസ് വില കുത്തനെ കത്തിക്കയറാനും ഇടവരുത്തി.
∙ ക്രൂഡ് ഓയിൽ വില രണ്ടുവർഷത്തെ ഉയരത്തിലേക്ക് കുതിച്ചുകയറി. ∙ ഇതോടെ യുഎസ് ഓഹരി വിപണി തകർന്നടിഞ്ഞു.
∙ പിന്നാലെ ട്രംപ് ‘പുത്തൻ ഓഫർ’ പ്രഖ്യാപിച്ചു. ഇതോടെ ഓഹരി നഷ്ടം കുറച്ചു.
∙ സ്വർണവില നിലംപൊത്തി
ഹോർമുസ് പ്രതിസന്ധിമൂലം എണ്ണനീക്കം തടസ്സപ്പെട്ടതാണ് വില കത്തിക്കയറാൻ പ്രധാനകാരണം. ചരക്കുനീക്കം, കാർഗോ, ഇൻഷുറൻസ് ബാധ്യതകൾ കുത്തനെ കൂടിയതും വിലയെ റോക്കറ്റിലേറ്റി.
ഗൾഫ് രാഷ്ട്രങ്ങളിലെ പ്രതിസന്ധി ഉൽപാദനത്തെ ബാധിച്ചത് ഇരട്ടി ആഘാതമായി. രാജ്യാന്തര ക്രൂഡ് ഓയിൽ വില ഇപ്പോഴുള്ളത് ബാരലിന് 6% ഉയർന്ന് 82.32 ഡോളറിൽ.
യുഎസ് ക്രൂഡ് വില 5% ഉയർന്ന് 75.28 ഡോളറിലും. 2024 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്.
തകർന്നടിഞ്ഞ് ഓഹരി, പിന്നാലെ അൽപം ആശ്വാസം
ക്രൂഡ് ഓയിൽ വില കൂടുന്നതും വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കി ഇറാൻ ഗൾഫിലെ അമേരിക്കന് എംബസികളെയടക്കം ഉന്നമിട്ട് ശക്തമായി തിരിച്ചടിക്കുന്നതും യുഎസ്-ഇസ്രയേലി സഖ്യത്തിന്റെ കണക്കുകൂട്ടൽ തെറ്റിച്ചെന്ന വിലയിരുത്തലുണ്ട്. ഹോർമുസ് അടച്ച ഇറാന്റെ തീരുമാനം ഗൾഫ് രാഷ്ട്രങ്ങളെയും അവരിൽ നിന്ന് എണ്ണയും എൽഎൻജിയും മറ്റും വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെയും വെട്ടിലാക്കി.
വിമാന സർവീസുകൾ താറുമാറായതും വൻ ആഘാതമായി.
യുഎസ് ഓഹരി വിപണി ഇന്നലെ വൻ തകർച്ചയാണ് നേരിട്ടത്. ഡൗ ജോൺസ് ഒരുവേള 1,200 പോയിന്റ് (-2.6%) വീണുടഞ്ഞു.
നാസ്ഡാക് 2.7%, എസ് ആൻഡ് പി500 സൂചിക 2.5% എന്നിങ്ങനെയും ഇടിഞ്ഞു. എന്നാൽ, ഹോർമുസ് അടച്ചത് വലിയ പ്രശ്നമല്ലെന്ന് പറഞ്ഞ ട്രംപ് ഒരു ഓഫർ മുന്നോട്ടുവച്ചത് ഓഹരികളെ നഷ്ടം കുറയ്ക്കാൻ സഹായിച്ചു.
ട്രംപ് പറഞ്ഞത് ഇങ്ങനെ:
‘‘ഹോർമുസ് അടച്ചത് പ്രശ്നമല്ല. ലോകത്തിന് എണ്ണ ലഭിക്കുന്നുണ്ടെന്ന് യുഎസ് ഉറപ്പാക്കും.
ലോകത്തെ ഏറ്റവും സമ്പന്നരാഷ്ട്രമാണ് യുഎസ്. നമ്മുടെ സൈന്യം ഭൂമിയിലെ ഏറ്റവും കരുത്തരാണ്.
ഹോർമുസ് വഴി പോകുന്ന കപ്പലുകൾക്ക് റിസ്ക് ഇൻഷുറൻസ് യുഎസ് നൽകും. യുഎസ് നേവിയുടെ അകമ്പടിയുമുണ്ടാകും’’.
ഇതുകേട്ടപാടെ, ഓഹരികളുടെ നഷ്ടം വലിയതോതിൽ കുറഞ്ഞു.
ഡൗ വ്യാപാരം പൂർത്തിയാക്കിയത് 403 പോയിന്റ് (-0.83%) നഷ്ടത്തിൽ. എസ് ആൻഡ് പി500ന്റെ നഷ്ടം 0.94 ശതമാനമായും നാസ്ഡാക്കിന്റേത് 1.02 ശതമാനമായും കുറഞ്ഞു.
അതേസമയം സ്റ്റോക്ക് ഫ്യൂച്ചേഴ്സിൽ 3 സൂചികകളും 0.2% വരെ താഴ്ന്നു.
കൂപ്പുകുത്തി സ്വർണം, കേരളത്തിലും കുത്തനെ താഴും
മധ്യേഷ്യ യുദ്ധക്കളമായതോടെ ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമനേടി കഴിഞ്ഞദിവസം ഔൺസിന് 5,400 ഡോളറിന് മുകളിലേക്ക് കുതിച്ചുകയറിയ രാജ്യാന്തര സ്വർണവില 5,084.78 ഡോളറിലേക്ക് ഇന്നു നിലംപൊത്തി. യുഎസ് ഡോളർ ഇൻഡക്സും യുഎസ് ട്രഷറി യീൽഡും കുതിച്ചുകയറിയതും ലാഭമെടുപ്പ് സമ്മർദവും സ്വർണത്തെ വീഴ്ത്തുകയായിരുന്നു.
പിന്നീട് നഷ്ടം അൽപം നിജപ്പെടുത്തി 5,165ൽ എത്തി.
യുദ്ധം നീളുന്നത് വലിയൊരു തകർച്ചയിലേക്ക് പതിക്കാതെ സ്വർണത്തെ പിടിച്ചുനിർത്തിയേക്കും. അതേസമയം, കേരളത്തിൽ ഇന്നുരാവിലെ സ്വർണവില വലിയതോതിൽ ഇടിയുമെന്ന് ഉറപ്പായിട്ടുണ്ട്.
∙ ഗൾഫ് പ്രതിസന്ധിയെ തുടർന്ന് എണ്ണവില കുതിച്ചത് യുഎസിൽ പണപ്പെരുപ്പം കൂടാനുള്ള സാഹചര്യമാണ് ഒരുക്കിയത്.
ഇത് പലിശനിരക്ക് കുറയാനുള്ള സാധ്യതയ്ക്ക് മങ്ങലേൽപ്പിച്ചു.
∙ ഇതോടെ യുഎസ് ഡോളർ ഇൻഡ്ക്സ് 0.70% മുന്നേറി 99.07ൽ എത്തി. യുഎസ് ഗവൺമെന്റിന്റെ 10-വർഷ കടപ്പത്ര ആദായനിരക്ക് (ട്രഷറി യീൽഡ്) 4.07 ശതമാനത്തിലേക്കും ഉയർന്നു.
∙ ഡോളറും ബോണ്ടും ഉയർന്നതും പലിശനിരക്ക് താഴാനുള്ള സാധ്യത മങ്ങിയതും സ്വർണനിക്ഷേപങ്ങളിൽ ലാഭമെടുപ്പിന് വഴിവച്ചു.
ഇതോടെയാണ് വില താഴ്ന്നത്.
ഹോർമുസ് ആഘാതം: കൂടുതൽ ഇന്ത്യയ്ക്കും ചൈനയ്ക്കും
ഹോർമുസ് അടച്ച ഇറാന്റെ തീരുമാനവും യുദ്ധം അറുതിയില്ലാതെ നീളുന്നതും ഏറ്റവും തിരിച്ചടിയാവുക ഇന്ത്യയ്ക്കും ചൈനയ്ക്കും. പാക്കിസ്ഥാന്റെയും ബംഗ്ലദേശിന്റെയും സമ്പദ്വ്യവസ്ഥ താറുമാറാകാനും സാധ്യതയേറെ.
കടക്കെണിയിൽപ്പെട്ട് നട്ടംതിരിയുന്ന പാക്കിസ്ഥാന് കനത്ത അടിയുമാണിത്.
∙ എണ്ണവില വൈകാതെ 100 ഡോളറിന് മുകളിലേക്ക് കുതിച്ചേക്കാം. ഉപഭോഗത്തിനുള്ള എണ്ണയുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
∙ ചൈനയിലേക്ക് ഹോർമുസ് വഴി എത്തിയിരുന്നത് പ്രതിദിനം ശരാശരി 54 ലക്ഷം ബാരൽ എണ്ണ.
∙ ഇന്ത്യയിലേക്ക് 17 ലക്ഷം ബാരൽ. ∙ ജപ്പാൻ : 16 ലക്ഷം
∙ യൂറോപ്പ് : 5 ലക്ഷം
∙ അമേരിക്ക : 6 ലക്ഷം
ലോകത്തിന്റെ വിപണിയിലേക്ക് 31 ശതമാനം എണ്ണയും 20% എൽഎൻജിയും ഒഴുകുന്ന പാതയാണ് ഇറാൻ അടച്ചത്.
യുദ്ധത്തെ തുടർന്ന് ഖത്തർ എൽഎൻജി ഉൽപാദനം നിർത്തിയത് മറ്റൊരു ആഘാതമായി. തായ്ലൻഡ്, ഫിലിപ്പീൻസ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും ഇറാന്റെ നടപടിമൂലം വെട്ടിലായി.
∙ പാക്കിസ്ഥാന്റെ എൽഎൻജി ഇറക്കുമതി 99 ശതമാനവും ഖത്തർ, യുഎഇ എന്നിവിടങ്ങളിൽ നിന്നായിരുന്നു.
∙ ബംഗ്ലദേശ് ഈ രാജ്യങ്ങളിൽ നിന്ന് വാങ്ങുന്നത്: 72%
∙ ഇന്ത്യ വാങ്ങുന്നത് : 53%
∙ ചൈനയായിരുന്നു ഇറാന്റെ 80% ക്രൂഡ് ഓയിലും വാങ്ങിവന്നത്. യുദ്ധംമൂലം ഇതു ഏതാണ്ട് നിലച്ചത് ചൈനയ്ക്കും ഇറാനും തിരിച്ചടിയായി.
∙ ചൈനയുടെ എൽഎൻജി ഇറക്കുമതി 30 ശതമാനം ഖത്തർ, യുഎഇ എന്നിവിടങ്ങളിൽ നിന്നായിരുന്നു.
ചൈനയുടെ മൊത്തം എണ്ണ ഇറക്കുമതിയിൽ 40% വരുന്നത് ഹോർമുസ് വഴിയുമായിരുന്നു.
∙ ജപ്പാന്റെ എണ്ണ ഇറക്കുമതി 75% ഗൾഫിൽ നിന്ന്, കൊറിയയുടേത് 70 ശതമാനവും. ഫലത്തിൽ ഹോർമുസ് അടച്ചതും വിലക്കയറ്റവും ഈ രാജ്യങ്ങളിലെല്ലാം പണപ്പെരുപ്പം കൂടാനിടയാക്കും.
ജിഡിപി വളർച്ചയെയും സാരമായി ബാധിക്കും.
മന്ത്രിതല സമിതിയുമായി ഇന്ത്യ
ഗൾഫ് പ്രതിസന്ധി ഇന്ത്യയുടെ കയറ്റുമതി മേഖലയെ ബാധിച്ചതിനെക്കുറിച്ച് നിരീക്ഷിക്കാനും പോംവഴി ഉറപ്പാക്കാനുമായി കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ മന്ത്രിതല സമിതിക്ക് രൂപം നൽകിയെന്ന് വാണിജ്യ മന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. ഇൻഷുറൻസ്, ചരക്കുനീക്ക, കാർഗോ ഫീസുകൾ കൂടിയത് തിരിച്ചടിയായെന്ന് കയറ്റുമതിക്കാർ വ്യക്തമാക്കിയിരുന്നു.
ഗൾഫിലേക്കുള്ള കയറ്റുമതി തടസ്സപ്പെടുന്നത് വരുമാനത്തെ അതിരൂക്ഷമായും ബാധിക്കും. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുകയാണ് സമിതിയുടെ ലക്ഷ്യം.
ആക്രമണത്തെ അംഗീകരിക്കില്ലെന്ന് ഫ്രാൻസ്
ഇറാനെതിരായ ഇസ്രയേലി-യുഎസ് ആക്രമണത്തെ അംഗീകരിക്കുന്നില്ലെന്ന് ഇതിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ വ്യക്തമാക്കി.
‘‘അപകടകരവും തന്ത്രപരമായ പിഴവും’’ എന്നാണ് ഇറാനെതിരായ ആക്രമണത്തെ മക്രോ വിശേഷിപ്പിച്ചത്. ഇറാനുമേലാണ് ആക്രമണമെങ്കിലും അത് ഗൾഫ് മേഖലയിലാകെ പടർന്നത് തിരിച്ചടിയാണ്.
മേഖലയിൽ നിന്ന് ഫ്രഞ്ച് പൗരന്മാരെ ഒഴിപ്പിക്കുന്ന 2 വിമാനങ്ങൾ പാരിസിലെത്തി. യുദ്ധം കലുഷിതമാകുന്നത് തടയാൻ ഫ്രാൻസ് സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

