ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയെ ‘ചരിത്രപരം’ എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെ, ചൈനയ്ക്കെതിരെ പുതിയ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈന അവകാശം ഉന്നയിക്കുന്ന തായ്വാനുമേൽ സൈനിക നടപടിക്ക് ചൈന മുതിർന്നാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും അക്കാര്യം ഷി ജിൻപിങ്ങിന് നന്നായി അറിയാമെന്നും ട്രംപ് വ്യക്തമാക്കി.
ഒരു യുഎസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇത് പറഞ്ഞത്.
വ്യാപാരയുദ്ധം അവസാനിപ്പിക്കാൻ ഷിയും ട്രംപും തമ്മിലെ കൂടിക്കാഴ്ച വഴിയൊരുക്കുമെന്ന് പ്രതീക്ഷിച്ചിരിക്കേ, തായ്വാനെചൊല്ലി ഇരു രാജ്യങ്ങളും വീണ്ടും ഭിന്നതയിലേക്ക് നീങ്ങുന്നത് തിരിച്ചടിയാകുമോ എന്ന ഭീതി ആഗോള സമ്പദ്വ്യവസ്ഥയ്ക്കും ഓഹരി വിപണികൾക്കുംമേൽ ഉയർന്നുകഴിഞ്ഞു. ‘‘ദക്ഷിണ കൊറിയയിൽ ഞാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഷി ജിൻപിങ് തായ്വാൻ വിഷയം ഉന്നയിച്ചില്ല.
അതു പലരിലും അമ്പരപ്പ് ഉണ്ടാക്കി. തായ്വാൻ വിഷയം എടുത്തിട്ടാൽ ഭവിഷ്യത്ത് എന്താകുമെന്ന് ഷിക്ക് അറിയാം.
ഞാൻ വൈറ്റ്ഹൗസിൽ ഉള്ളിടത്തോളം കാലം തായ്വാനെ തൊടില്ലെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്’’ – ട്രംപ് പറഞ്ഞു.
തായ്വാനെ പിന്തുണയ്ക്കാൻ യുഎസ് സൈന്യം രംഗത്തിറങ്ങുമോ എന്ന ചോദ്യത്തിന് ട്രംപ് മറുപടി പറഞ്ഞില്ല. നിലവിൽ തായ്വാനു സമീപം ചൈന തുടർച്ചയായി സൈനിക അഭ്യാസങ്ങൾ നടത്തി പ്രകോപനം സൃഷ്ടിക്കുന്നുണ്ട്.
സ്വതന്ത്ര രാഷ്ട്രമാണെന്ന തായ്വാന്റെ വാദം ചൈന അംഗീകരിച്ചിട്ടില്ല. തായ്വാൻ ചൈനയുടെ ഭാഗമാണെന്ന വാദമാണ് ചൈനീസ് ഭരണകൂടത്തിന്റേത്.
വേണ്ടിവന്നാൽ സൈനികനീക്കത്തിലൂടെ തായ്വാൻ പിടിച്ചെടുക്കുമെന്നും ചൈന വ്യക്തമാക്കിയിരുന്നു.
തായ്വാനുപുറമേ ദക്ഷിണ ചൈനാക്കടലിൽ ചൈന ഉന്നയിക്കുന്ന അവകാശവാദവും മേഖലയിൽ സംഘർഷഭീതി ഉയർത്തുന്നുണ്ട്. ഇക്കാര്യത്തിൽ തായ്വാനുപുറമേ വിയറ്റ്നാം, ഫിലിപ്പീൻസ്, മലേഷ്യ, ബ്രൂണേയ് എന്നിവയുമായാണ് ചൈനയുടെ തർക്കം.
തായ്വാൻ സമീപകാലത്തായി സെമികണ്ടക്ടറുകൾ (ചിപ്), എഐ എന്നിവയിൽ കൈവരിക്കുന്ന വൻ മുന്നേറ്റവും ചൈനയെ അസ്വസ്ഥമാക്കുന്നുണ്ട്.
അതേസമയം, തായ്വാൻ ചൈനയുടെ ആഭ്യന്തര വിഷയമാണെന്നും തായ്വാനെ ചൈനയിൽനിന്ന് വേർപെടുത്താൻ ആരെയും അനുവദിക്കില്ലെന്നും വാഷിങ്ടണിലെ ചൈനീസ് ഏംബസി പ്രതികരിച്ചു. തായ്വാൻ വിഷയം പരിഹരിക്കാൻ ചൈനക്കാർക്ക് അറിയാമെന്നും ഏംബസി വക്താവ് പറഞ്ഞു.
ഏഷ്യൻ വിപണിക്ക് ‘ചൈനീസ്’ ഷോക്ക്
ഏഷ്യൻ ഓഹരി വിപണികളെ നിരാശയിലാഴ്ത്തി ചൈനയുടെ കഴിഞ്ഞമാസത്തെ മാനുഫാക്ചറിങ് പിഎംഐ ഡേറ്റ.
ഫാക്ടറികളുടെ പ്രവർത്തനമികവിന്റെ അളവുകോലുകളിലൊന്നായ മാനുഫാക്ചറിങ് പിഎംഐ സ്വകാര്യ സർവേ പ്രകാരം, ഒക്ടോബറിൽ 50.6 ശതമാനത്തിലേക്കാണ് താഴ്ന്നത്. സെപ്റ്റംബറിൽ ഇത് 6-മാസത്തെ ഉയരമായ 51.2 ആയിരുന്നു.
നിരീക്ഷകർ വിലയിരുത്തിയ 50.9നേക്കാളും താഴെയാണ് കഴിഞ്ഞമാസത്തെ കണക്കെന്നതാണ് പ്രധാന തിരിച്ചടി.
അതേസമയം, സർക്കാരിന്റെ കണക്കുപ്രകാരം മാനുഫാചറിങ് പിഎംഐ കഴിഞ്ഞമാസം 6-മാസത്തെ താഴ്ചയായ 49ലേക്ക് ഇടിഞ്ഞിരുന്നു. ഇത് 50ന് താഴെയാകുന്നത് പ്രതിസന്ധിയുണ്ടെന്നതിന് തെളിവായാണ് കരുതുക.
ചൈനീസ് ഓഹരി സൂചികയായ ഷാങ്ഹായ് 0.24% ഇടിവിലാണുള്ളത്. ഹോങ്കോങ് സൂചിക 0.41% നേട്ടത്തിലേറി.
ജാപ്പനീസ് നിക്കേയ് വിപണിക്ക് ഇന്ന് അവധിയാണ്. ദക്ഷിണ കൊറിയയുടെ കോസ്പി 1.95% ഉയർന്നപ്പോൾ ഓസ്ട്രേലിയയുടെ എഎസ്എക്സ്200 സൂചിക 0.3% താഴ്ന്നു.
യൂറോപ്യൻ വിപണികൾ പൊതുവേ നഷ്ടത്തിലാണുള്ളത്.
∙ കോർപറേറ്റ് കമ്പനികളുടെ മെച്ചപ്പെട്ട പ്രവർത്തനഫലത്തിന്റെ കരുത്തിൽ യുഎസ് വിപണികൾ നേട്ടത്തിലേറി.
∙ ഫ്യൂച്ചേഴ്സ് വിപണിയിൽ ഡൗ, എസ് ആൻഡ് പി, നാസ്ഡാക് എന്നിവ 0.1% വീതം കയറി.
∙ അതേസമയം, ഗവൺമെന്റിന്റെ ഷട്ട്ഡൗൺ പ്രതിസന്ധി പരിഹാരമില്ലാതെ നീളുന്നതും ഭക്ഷ്യ സബ്സിഡി വിതരണം ചെയ്തേപറ്റൂ എന്ന കോടതി ഉത്തരവും ട്രംപ് ഭരണകൂടത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ഷട്ട്ഡൗൺ മൂലം പല സാമ്പത്തിക വിവരക്കണക്കുകളും പുറത്തുവിടാതെ ഗവൺമെന്റ് പിടിച്ചുവച്ചിരിക്കുന്നതും സാമ്പത്തികമേഖലയെ ഉലയ്ക്കുന്നുണ്ട്.
ഇന്ത്യൻ കയറ്റുമതിക്ക് ട്രംപ് ഷോക്ക്
ട്രംപ് തുറന്നുവിട്ട ‘താരിഫ് ഭൂതം’ ഇന്ത്യയുടെ കയറ്റുമതിയെ ഉലയ്ക്കുന്നു.
നടപ്പുവർഷം മേയ്-സെപ്റ്റംബർ കാലയളവിൽ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 37.5 ശതമാനമാണ് ഇടിഞ്ഞത്. വരുമാനം 880 കോടി ഡോളറിൽ നിന്ന് 550 കോടി ഡോളറിലേക്ക് കൂപ്പുകുത്തി.
കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യയ്ക്കുമേൽ ആദ്യം 10% തീരുവ ചുമത്തിയ ട്രംപ് പിന്നീട് 25 ശതമാനത്തിലേക്കും തുടർന്ന് റഷ്യൻ എണ്ണയുടെ പേരിൽ 25% പിഴച്ചുങ്കം കൂടി ചുമത്തി 50 ശതമാനത്തിലേക്കും ഉയർത്തിയിരുന്നു.
ഇതുമൂലം സമുദ്രോൽപന്നങ്ങൾ, വസ്ത്രം തുടങ്ങി നിരവധി കയറ്റുമതികൾ സ്തംഭിച്ചിട്ടുണ്ട്.
∙ യുഎസിലേക്കുള്ള മരുന്ന് കയറ്റുമതി 15.7% ഇടിഞ്ഞു.
∙ 2024 ഏപ്രിൽ-സെപ്റ്റംബറിൽ 197% വളർന്ന സ്മാർട്ഫോൺ കയറ്റുമതി ഇക്കുറി ഏപ്രിൽ-സെപ്റ്റംബറിൽ 58% ഇടിവ് നേരിട്ടു.
∙ ലോഹം, വാഹനഘടകം തുടങ്ങിയവയുടെ കയറ്റുമതി നഷ്ടം 16.7%. അലുമിനിം നേരിട്ടത് 37% ഇടിവ്; ചെമ്പിന്റേത് 25%.
∙ ജെം ആൻഡ് ജ്വല്ലറി, കെമിക്കൽ, കാർഷിക ഉൽപന്നങ്ങൾ, മെഷീനറികൾ തുടങ്ങിയവ 60% വരെ നഷ്ടമാണ് നേരിട്ടത്.
ഗിഫ്റ്റി നിഫ്റ്റി ചുവന്നു; ഓഹരിക്ക് ‘നെഗറ്റീവ്’ പേടി
ഡെറിവേറ്റീവ് വിപണിയായ ഗിഫ്റ്റ് നിഫ്റ്റി ഇന്ന് രാവിലെ 40 പോയിന്റ് താഴ്ന്നാണ് വ്യാപാരം ചെയ്തത്.
സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ വ്യാപാരം തുടങ്ങിയേക്കുമെന്ന സൂചന ഇതു നൽകുന്നു.
∙ ബിപിസിഎൽ സെപ്റ്റംബർ പാദത്തിൽ 170% ലാഭക്കുതിപ്പ് നേടി’ വരുമാന വർധന 2.1%.
∙ ബാങ്ക് ഓഫ് ബറോഡയുടെ ലാഭം 8.2% കുറഞ്ഞു.
∙ ഗോദ്റെജ് കൺസ്യൂമർ പ്രോഡക്ട്സ് 6.5% ലാഭക്കുറവ് രേഖപ്പെടുത്തി.
∙ ടാറ്റ കെമിക്കൽസിന്റെ ലാഭം കുറഞ്ഞത് 60.3%.
∙ എൽജി ഇലക്ട്രോണിക്സിന്റെ ലിസ്റ്റിങ് വേളയിൽ ശ്രദ്ധനേടിയ എൽജി ബാലകൃഷ്ണന്റെ സെപ്റ്റംബർപാദ ലാഭം 20.7%, വരുമാനം 19.1% എന്നിങ്ങനെ ഉയർന്നു.
∙ ഇന്ന് ഭാരതി എയർടെൽ, ടൈറ്റൻ, ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്, പവർഗ്രിഡ്, അംബുജ സിമന്റ്സ്, ഗ്ലാൻഡ് ഫാർമ തുടങ്ങിയവ പ്രവർത്തനഫലം പുറത്തുവിടും.
വിദേശ നിക്ഷേപവും രൂപയും
വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) വിൽക്കലുകാരായി തുടരുന്നത് മറ്റൊരു തിരിച്ചടിയാണ്. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം അവർ 6,769 കോടി രൂപയാണ് പിൻവലിച്ചത്.
രൂപ ഡോളറിനെതിരെ കാര്യമായ മാറ്റമില്ലാതെ 88.69ൽ വ്യാപാരം അവസാനിപ്പിച്ചു.
എണ്ണയും സ്വർണവും
രാജ്യാന്തര സ്വർണവില വീണ്ടും ഔൺസിന് 4,000 ഡോളറിന് മുകളിൽ എത്തിയിട്ടുണ്ട്. കേരളത്തിൽ വില വീണ്ടും ഉയർന്നു തുടങ്ങിയേക്കാം.
രാജ്യാന്തര എണ്ണവിലയും കൂടുകയാണ്. ക്രൂഡ് ഓയിൽ ഉൽപാദനം കൂട്ടുന്നത് സംബന്ധിച്ച് ഒപെക് പ്ലസ് രാഷ്ട്രങ്ങൾ മനസ്സുമാറ്റുന്നതാണ് കാരണം.
ഡിസംബറിന് ശേഷം ഉൽപാദനം കൂട്ടേണ്ടതില്ലെന്ന നിലപാടിലേക്കാണ് ഒപെക് പ്ലസ് നീങ്ങുന്നത്. ഡബ്ല്യുടിഐ വില ബാരലിന് 0.41% ഉയർന്ന് 61.23 ഡോളറിലും ബ്രെന്റ് വില 0.43% കയറി 65.05 ഡോളറിലും എത്തി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

