ചിപ് നിർമാണത്തിൽ വിദേശ കമ്പനികൾക്ക് മൂക്കുകയറിടാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കം പൊളിച്ച് തായ്വാൻ. യുഎസിൽ സെമികണ്ടക്ടറുകൾ (ചിപ്) വിൽക്കുന്ന കമ്പനികൾ അവയിൽ 50 ശതമാനം യുഎസിൽ തന്നെ നിർമിക്കണമെന്നായിരുന്നു ട്രംപ് ആവശ്യപ്പെട്ടത്.
ഇതു അനുവദിക്കാനാവില്ലെന്നാണ് തായ്വാന്റെ നിലപാട്.
യുഎസ് അധികൃതരുമായി തീരുവ സംബന്ധിച്ച് നടന്ന ചർച്ചയിൽ 50:50 ഡീൽ ചർച്ചയ്ക്കുവന്നില്ലെന്ന് തായ്വാൻ ഉപപ്രധാനമന്ത്രി ചെങ് ലി-ച്യൂൻ വ്യക്തമാക്കി. നിലപാടിൽ തായ്വാൻ ഉറച്ചുനിന്നാൽ ട്രംപിന് അത് വൻ ക്ഷീണമാകും.
അതേസമയം, ട്രംപിന് വഴങ്ങിയാൽ തായ്വാനും അതു വലിയ ആഘാതമാകും.
തായ്വാനുമേൽ ട്രംപ് 20% ഇറക്കുമതി തീരുവ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതു കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നിലവിൽ ചെങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം ചർച്ച നടത്തുന്നത്.
അതേസമയം, ചിപ് നിർമാണത്തിൽ മുൻനിരയിലുള്ള തായ്വാൻ കമ്പനിയായ ടിഎസ്എംസി യുഎസിൽ 165 ബില്യൻ ഡോളർ നിക്ഷേപിച്ച് ഫാക്ടറി സ്ഥാപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും, കമ്പനിയുടെ ചിപ് നിർമാണത്തിൽ ഭൂരിഭാഗവും തായ്വാനിൽ തന്നെ നിലനിർത്തും.
ട്രംപിന് ആശ്വാസം 10 ബില്യന്റെ ഡീൽ
ചിപ് സംബന്ധിച്ച് സമവായമായിട്ടില്ലെങ്കിലും യുഎസിൽ നിന്ന് 10 ബില്യൻ ഡോളർ മതിക്കുന്ന സോയാബീൻ, ഗോതമ്പ്, ബീഫ്, ചോളം എന്നിവ വാങ്ങാമെന്ന് തായ്വാൻ സമ്മതിച്ചത് ട്രംപിന് ആശ്വാസമായിട്ടുണ്ട്.
നിലവിൽ യുഎസിന്റെ കാർഷിക ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാൻ പല രാജ്യങ്ങളും മടിക്കുന്നുണ്ട്. താരിഫ് സംബന്ധിച്ച ചർച്ചകളിൽ ഇക്കാര്യവും ഉന്നയിച്ച് അനുകൂല ഡീൽ നേടിയെടുക്കാനാണ് ട്രംപ് ശ്രമിക്കുന്നതും.
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ വൈകുന്നതിന് പിന്നിലൊരു കാരണവും ഇന്ത്യയിൽ യുഎസിന്റെ കാർഷിക ഉൽപന്നങ്ങൾ തീരുവയില്ലാതെ ഇറക്കുമതി ചെയ്യാൻ അനുവദിക്കണമെന്ന ട്രംപിന്റെ നിലപാടാണ്.
അടുത്ത 4 വർഷംകൊണ്ട് 10 ബില്യൻ ഡോളറിന്റെ യുഎസ് കാർഷിക ഉൽപന്നങ്ങൾ വാങ്ങാമെന്നാണ് തായ്വാൻ സമ്മതിച്ചത്.
റഷ്യൻ ‘നാഫ്ത’ വാങ്ങിക്കൂട്ടി തായ്വാൻ; മൗനത്തിൽ ട്രംപ്
യുക്രെയ്ന്റെ ‘ഉറ്റചാങ്ങാതി’യായ തായ്വാൻ റഷ്യയിൽ നിന്ന് നാഫ്ത ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാം നമ്പർ പട്ടം ചൂടിയിട്ടും പ്രതികരിക്കാതെ ഡോണൾഡ് ട്രംപ്. ഈ വർഷം ഇതുവരെ 130 കോടി ഡോളറിന്റെ നാഫ്തയാണ് റഷ്യയിൽ നിന്ന് തായ്വാൻ വാങ്ങിത്.
2022നുശേഷം ഇതുവരെ ഏകദേശം 500 കോടി ഡോളറിന്റെ ഇറക്കുമതി തായ്വാൻ നടത്തിയിട്ടുണ്ടെന്ന് ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ റിസർച് ഓൺ എനർജി ആൻഡ് ക്ലീൻ എയറും വ്യക്തമാക്കി.
റഷ്യയിൽ നിന്ന് പെട്രോളിയം ഉൽപന്നമായ നാഫ്ത ഏറ്റവുമധികം വാങ്ങുന്ന രാജ്യമാണിപ്പോൾ തായ്വാൻ. റഷ്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയനെയടക്കം തായ്വാൻ പിന്തുണച്ചെങ്കിലും അപ്പോഴും റഷ്യയിൽ നിന്നുള്ള പെട്രോളിയം ഇറക്കുമതി തായ്വാൻ നിർത്തിയിരുന്നില്ല.
ഈ വർഷം മാത്രം തായ്വാന്റെ നാഫ്ത ഇറക്കുമതി വർധിച്ചത് 44 ശതമാനമാണ്. അതേസമയം, റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയ്ക്കെതിരെ മാത്രമേ ഇപ്പോഴും ട്രംപ് നടപടിയെടുത്തിട്ടുള്ളൂ.
ഏറ്റവുമധികം റഷ്യൻ എണ്ണ വാങ്ങുന്ന ചൈനയ്ക്കുമേൽ അധികമായി തീരുവ പ്രഖ്യാപിച്ചിട്ടില്ല.
ചൈനയ്ക്ക് 30 ശതമാനവും ഇന്ത്യയ്ക്ക് 50 ശതമാനവുമാണ് തീരുവ. തുർക്കി, ഒട്ടേറെ നാറ്റോ രാജ്യങ്ങൾ എന്നിവയും ഇപ്പോഴും റഷ്യൻ എണ്ണ ഇറക്കുമതി തുടരുന്നുണ്ടെങ്കിലും ട്രംപ് നടപടിക്ക് മുതിർന്നിട്ടില്ല.
അതേസമയം, സർക്കാർ സ്ഥാപനങ്ങളൊന്നും റഷ്യൻ ഉൽപന്നങ്ങൾ വാങ്ങുന്നില്ലെന്നും സ്വകാര്യ കമ്പനികളാണ് നാഫ്ത ഇറക്കുമതി ചെയ്യുന്നതെന്നുമാണ് തായ്വാന്റെ വിശദീകരണം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]