വാഷിങ്ടൻ ∙ ലോകത്തു തന്നെ ഏറ്റവും കൂടിയ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോയുടെ ആരോപണം. യുഎസ് ചുമത്തിയ തീരുവയ്ക്കു മുന്നിൽ മുട്ടുമടക്കില്ലെന്ന ഇന്ത്യയുടെ നിലപാടാണ് യുഎസിന്റെ ‘തല്ലിനും തലോടലിനും’ കാരണമായത്.
നവാരോ ഇന്ത്യയ്ക്കെതിരെ പുതിയ ആരോപണങ്ങളുമായും രംഗത്തുവന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച നേതാവാണെങ്കിൽ, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി സഹകരിക്കാൻ കഴിയുന്നത് എങ്ങനെയെന്നു മനസ്സിലാവുന്നില്ല. ചൈനയാണ് പാക്കിസ്ഥാൻ സൈന്യത്തിന് ധനസഹായം നൽകുന്നത്.
പാക്കിസ്ഥാനെ ആണവായുധം നിർമിക്കാൻ സഹായിച്ചതും ചൈനയാണ്. ഒട്ടേറെ തവണ ഇന്ത്യയെ ആക്രമിച്ചു.
ഇപ്പോഴും ഇന്ത്യയുടെ കുറച്ചുഭാഗം ചൈന കൈവശം വച്ചിട്ടുണ്ട്. ഇന്ത്യക്കാരോട് എനിക്ക് സ്നേഹമുണ്ട്, മോദിയോട് ബഹുമാനവുമുണ്ട്.
ഇന്ത്യ സഹകരിക്കേണ്ടത് യുഎസിനോടാണ്– നവാരോ പറഞ്ഞു. 2022 ഫെബ്രുവരിയിൽ യുക്രെയ്ൻ യുദ്ധം തുടങ്ങുന്നതിനു മുൻപ് ഇന്ത്യ റഷ്യയുടെ എണ്ണ വാങ്ങിയിരുന്നില്ലെന്നും അദ്ദേഹം വാദിച്ചു.
റഷ്യൻ റിഫൈനറികൾ ഇപ്പോൾ ഇന്ത്യയിലെ വൻകിട
എണ്ണക്കമ്പനികളുമായി കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്. പുട്ടിൻ മോദിക്ക് ക്രൂഡ് ഓയിൽ വിലകുറച്ച് നൽകുന്നു.
ഇന്ത്യ ഈ എണ്ണ സംസ്കരിച്ച് യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ ഉയർന്ന നിരക്കിൽ വിറ്റ് ലാഭമുണ്ടാക്കുന്നു. ഇന്ത്യയിലെ ജനങ്ങൾ ഇക്കാര്യം മനസ്സിലാക്കണം.
ഇന്ത്യക്കാരന്റെ ചെലവിൽ ബ്രാഹ്മണർ ലാഭമുണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ചിലതരം ചെമ്പ് ഉൽപന്നങ്ങൾക്ക് അമേരിക്ക 50 ശതമാനത്തിലേറെ തീരുവ ചുമത്തിയതിനെതിരെ ലോകവ്യാപാരസംഘടനയുടെ പരിരക്ഷാകരാർ അനുസരിച്ച് ചർച്ച വേണമെന്ന് ഇന്ത്യ അമേരിക്കയോടാവശ്യപ്പെട്ടു. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അമേരിക്ക ചുമത്തിയ ഇരട്ടത്തീരുവയ്ക്കെതിരെ പകരംതീരുവ ചുമത്താനുള്ള അവകാശം നേടിയശേഷം ഇന്ത്യ നടത്തുന്ന മറ്റൊരു നീക്കമാണിത്.
അതേസമയം, ഇന്ത്യയും യുഎസും തമ്മിലുള്ള പ്രശ്നങ്ങൾ വൈകാതെ ഒത്തുതീരുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞു.
ചൈനയും റഷ്യയും ആയി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയ്ക്ക് ഒത്തുപോകാൻ കഴിയുന്നത് യുഎസിനോടാണെന്ന് മാധ്യമ അഭിമുഖത്തിൽ ബെസന്റ് പറഞ്ഞു. ഷാങ്ഹായ് സഹകരണ കൂട്ടായ്മയുടെ ഉച്ചകോടിയെപ്പറ്റിയായിരുന്നു ഈ പ്രതികരണം.
യുഎസ് 50% ഇറക്കുമതിത്തീരുവ ചുമത്തിയതിനു പിന്നാലെ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം മോശമായ സന്ദർഭത്തിലാണ് പ്രശ്നങ്ങളെ ലഘൂകരിച്ചുകൊണ്ടുള്ള ഈ നിലപാട്.
ഇന്ത്യ– യുഎസ് വ്യാപാരക്കരാർ നവംബറിനുള്ളിൽ: പീയുഷ് ഗോയൽ
ന്യൂഡൽഹി ∙ നവംബറിനുള്ളിൽ ഇന്ത്യ– യുഎസ് വ്യാപാരക്കരാർ സാധ്യമാകുമെന്ന പ്രതീക്ഷ പങ്കുവച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി പീയുഷ് ഗോയൽ. ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കരാർ ചർച്ചകളെ ബാധിച്ചുവെന്നും അതേസമയം സാഹചര്യം പഴയ നിലയിലേക്കു പോകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മുംബൈയിൽ നടക്കുന്ന വാർഷിക ഗ്ലോബൽ നിക്ഷേപക കൂട്ടായ്മയിൽ വെർച്വൽ രീതിയിൽ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ള വ്യാപാര, ബിസിനസ് ബന്ധം ശക്തിപ്പെടുത്തുന്നതിനു ലോകം മുഴുവൻ ഒരു ആവേശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് x/Sumitൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]