ഇറക്കുമതി തീരുവ വിഷയത്തിൽ കീഴ്ക്കോടതിയിലും അപ്പീൽ കോടതിയിലും നിന്നേറ്റ വമ്പൻ തിരിച്ചടിയുടെ ആഘാതം മാറാതെ ട്രംപ് ഭരണകൂടം. വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ എത്രയും വേഗം പരിഗണിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ട
ട്രംപ്, ‘‘നിങ്ങളും തീരുവ റദ്ദാക്കിയാൽ അത് അമേരിക്കയെ മൂന്നാം ലോക രാജ്യമാക്കി മാറ്റും’’ എന്നും പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് അപ്പീൽ കോടതി ട്രംപ് പ്രഖ്യാപിച്ച തീരുവകളിൽ ഭൂരിഭാഗവും നിയമവിരുദ്ധവും ഇല്ലാത്ത അധികാര പ്രയോഗവുമാണെന്ന് വിധിച്ചത്.
11 അംഗ ജഡ്ജിമാരുടെ പാനലിൽ 7 പേരും ട്രംപിനെതിരെയാണ് വിധിച്ചത്.
ഇതാണ്, ട്രംപ് ഭരണകൂടത്തെ കടുത്ത ആശങ്കയിലാഴ്ത്തുന്നതും. അതേസമയം, വിധി അപ്പീൽ കോടതി ഒക്ടോബർ 14വരെ റദ്ദാക്കിയിട്ടുണ്ട്.
സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് ട്രംപ് അറിയിച്ചതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ, കാത്തിരിക്കാനാവില്ലെന്നും താരിഫിന്മേൽ വിധി ഉടനടി വേണമെന്നുമാണ് ട്രംപ് ആവശ്യപ്പെടുന്നത്.
അപ്പീൽ കോടതി വിധിയെത്തുടർന്ന് യുഎസ് ഓഹരി വിപണികൾ ഇടിയുകയാണെന്ന് ട്രംപ് ഇതിനായി ചൂണ്ടിക്കാട്ടി.
ഓഹരി വിപണി താരിഫ് വേണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഇന്റർനാഷനൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് പ്രകാരം ട്രംപ് പ്രഖ്യാപിച്ച 50% വരെ തീരുവയാണ് കീഴ്ക്കോടതിയും അപ്പീൽ കോടതിയും നിയമവിരുദ്ധമെന്ന് വിധിച്ചത്.
യുഎസ് കോൺഗ്രസിന് മാത്രമാണ് തീരുവ പ്രഖ്യാപിക്കാനുള്ള അധികാരമെന്നും കോടതികൾ പറഞ്ഞിരുന്നു.
സുപ്രീം കോടതിയും ഇതു ശരിവച്ചാൽ ചൈന, കാനഡ, മെക്സിക്കോ, ഇന്ത്യ തുടങ്ങിയവയ്ക്കുമേൽ ട്രംപ് പ്രഖ്യാപിച്ച ഭൂരിഭാഗം തീരുവകളെല്ലാം അസാധുവാകും. ഉദാഹരണത്തിന് ഇന്ത്യയ്ക്കുമേലുള്ള തീരുവഭാരം 50ൽ നിന്ന് 15 ശതമാനമായി താഴും.
നിലവിൽ 142 ബില്യൻ ഡോളർ തീരുവ (ഏകദേശം 12.5 ലക്ഷം കോടി രൂപ) ഇതിനകം രണ്ടാം ട്രംപ് ഭരണകൂടം പിരിച്ചെടുത്തിട്ടുണ്ട്. കോടതിയിൽ തോറ്റാൽ ഇതെല്ലാം തിരിച്ചുകൊടുക്കേണ്ടി വരും.
∙ ട്രംപിന്റെ തീരുവ നിലവിൽ യുഎസിലേക്കുള്ള 70% ഉൽപന്നങ്ങൾക്കും ബാധകമാണ്.
∙ കോടതി തീരുവ റദ്ദാക്കിയാൽ അത് വെറും 16% ഉൽപന്നങ്ങളിലേക്ക് ചുരുങ്ങും. ∙ ട്രംപിന് അത് കനത്ത തിരിച്ചടിയാകും.
മറ്റ് രാജ്യങ്ങൾക്കുമേൽ തീരുവ, വ്യാപാരക്കരാർ ചർച്ചകളിൽ അമേരിക്കയ്ക്കുണ്ടായിരുന്ന മേധാവിത്വവും നഷ്ടമാകും. ഇതൊഴിവാക്കാനുള്ള ശ്രമത്തിലാണ് ട്രംപ്.
∙ തീരുവകൾ പ്രഖ്യാപിച്ചത് യുഎസ് ഗവൺമെന്റിന് വൻ നേട്ടമായിരുന്നു.
ഉദാഹരണത്തിന് മേയിൽ ഗവൺമെന്റ് രേഖപ്പെടുത്തിയത് 316 ബില്യൻ ഡോളറിന്റെ വരുമാനക്കമ്മിയായിരുന്നു. ജൂണിൽ കുറിച്ചതാകട്ടെ 27 ബില്യൻ ഡോളറിന്റെ വരുമാന സർപ്ലസും.
ഇന്ത്യയ്ക്ക് ഇളവില്ലെന്ന് ട്രംപ്
ഇന്ത്യയുമായി യുഎസിന് നാമമാത്ര വ്യാപാരം മാത്രമാണുള്ളതെന്നും എന്നാൽ, യുഎസ് ഇന്ത്യയ്ക്ക് വലിയ വിപണിയാണെന്നും ട്രംപ് പറഞ്ഞു.
‘‘യുഎസ് ഉൽപന്നങ്ങൾക്ക് ഇന്ത്യ കനത്ത തീരുവയാണ് ചുമത്തുന്നത്. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ തീരുവയുള്ള രാജ്യമാണ് ഇന്ത്യ.
യുഎസിന്റെ ഉൽപന്നങ്ങൾ ഇന്ത്യയിൽ അതുകൊണ്ട് വിൽക്കാനും പറ്റുന്നില്ല. എന്നാൽ, അമേരിക്ക ഇന്ത്യൻ ഉൽപന്നങ്ങൾക്ക് തുച്ഛമായ തീരുവയാണ് ഈടാക്കിവന്നത്.
ഇപ്പോഴാണ് അതിനു മാറ്റം വന്നത്’’ – ട്രംപ് പറഞ്ഞു. ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച 50% തീരുവ കുറയ്ക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
കൂടുതൽ ഇടിഞ്ഞ് യുഎസ് ഓഹരികൾ
താരിഫ് വിഷയത്തിൽ സുപ്രീം കോടതിയിലും ട്രംപിന് തിരിച്ചടിയുണ്ടാകുമോയെന്ന ആശങ്കമൂലം യുഎസ് ഓഹരി വിപണികൾ വീണ്ടും നഷ്ടത്തിലായി.
പിരിച്ചെടുത്ത തീരുവയെല്ലാം മടക്കിക്കൊടുക്കേണ്ടി വരുമോയെന്നതാണ് പ്രധാന ആശങ്ക. ഡൗ ജോൺസ് 0.55%, നാസ്ഡാക് 0.82%, എസ് ആൻഡ് പി500 സൂചിക 0.69% എന്നിങ്ങനെ താഴ്ന്നു.
അതേസമയം, ഫ്യൂച്ചേഴ്സ് വിപണിയിൽ എസ് ആൻഡ് പി500 സൂചിക 0.2%, നാസ്ഡാക് 0.3% എന്നിങ്ങനെ ഉയരുകയും ഡൗ 0.1% താഴുകയും ചെയ്തു.
∙ തീരുവ റീഫണ്ട് ചെയ്യേണ്ടിവന്നേക്കാമെന്ന നിരീക്ഷണങ്ങൾക്കിടെ യുഎസിൽ കടപ്പത്ര ആദായനിരക്കുകൾ കുതിച്ചുയർന്നതും ഓഹരി വിപണിക്ക് തിരിച്ചടിയായി.
∙ യുഎസ് ഗവൺമെന്റിന്റെ 10-വർഷ ട്രഷറി യീൽഡ് 4.26 ശതമാനത്തിൽ നിന്ന് 4.28% വരെ ഉയർന്നു.
ഗൂഗിളിന് വൻ ആശ്വാസം; ഓഹരിക്ക് കുതിപ്പ്
സെർച്ച്, ഡിജിറ്റൽ അഡ്വർടൈസിങ് എന്നിവയിൽ കുത്തകവൽക്കരണമാണ് ഗൂഗിൾ നടത്തുന്നതെന്ന് ആരോപിച്ച് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് എടുത്ത നടപടിയിന്മേൽ കോടതിയിൽ നിന്ന് ആശ്വാസം ലഭിച്ചത് ഗൂഗിളിന് വൻ നേട്ടമായി. സെർച്ച് എൻജിനായ ക്രോം വിറ്റഴിക്കണമെന്ന് ഗൂഗിളിനോട് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ ആവശ്യമില്ലെന്ന് കോടതി പറഞ്ഞു.
മാത്രമല്ല, ആപ്പിളുമായുള്ള കരാർ തുടരാമെന്നും ഗൂഗിളിനോട് കോടതി വ്യക്തമാക്കി. ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന്റെ ഓഹരികൾ ഇതോടെ 8% കയറി.
ആപ്പിൾ 3 ശതമാനവും. കരാർപ്രകാരം ആപ്പിളിന് ഗൂഗിൾ പ്രതിവർഷം നിശ്ചിതതുക നൽകണമെന്നും കോടതി പറഞ്ഞിരുന്നു.
ഇതു ബില്യൻ കണക്കിനുവരും. കുത്തകവൽക്കരണ ആരോപണം കോടതി ശരിവച്ചിരുന്നെങ്കിൽ ഗൂഗിളിന് കനത്ത പിഴ ലഭിക്കുമായിരുന്നു.
ഇതൊഴിവായതാണ് ഓഹരികളെ ആഘോഷത്തിലാക്കിയത്.
ഏഷ്യൻ ഓഹരികൾ സമ്മിശ്രം
തീരുവ വിഷയത്തിൽ യുഎസിലെ ചലനങ്ങളിലേക്ക് ഉറ്റുനോക്കുകയാണ് ഏഷ്യൻ വിപണികളും. ജാപ്പനീസ് നിക്കേയ് 0.25%, ഷാങ്ഹായ് 0.61% എന്നിങ്ങനെ താഴ്ന്നു.
ഹോങ്കോങ് സൂചിക 0.04% മാത്രം ഉയർന്നു. യൂറോപ്പിൽ എഫ്ടിഎസ്ഇ 0.87 ശതമാനവും ഡാക്സ് 2.29 ശതമാനവും ഇടിഞ്ഞു.
ഗിഫ്റ്റ് നിഫ്റ്റി നെഗറ്റീവ്
ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റി ഇന്നുരാവിലെ നേരിയ നഷ്ടത്തിലേക്ക് വീണു.
സെൻസെക്സും നിഫ്റ്റിയും ഇന്ന് നഷ്ടത്തിൽ തുടങ്ങിയേക്കാം. എന്നാൽ, ഇന്നും നാളെയുമായി നടക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലേക്കാണ് നിക്ഷേപകരുടെ പ്രധാനശ്രദ്ധ.
നികുതിനിരക്കുകൾ വൻതോതിൽ കുറയ്ക്കുമെന്ന പ്രതീക്ഷയുള്ളതിനാൽ ഓഹരികൾ നേട്ടത്തിന്റെ ട്രാക്ക് പിടിക്കാനുള്ള സാധ്യതയുമേറെ.
∙ ഇന്നലെ ലാഭമെടുപ്പ് സമ്മർദത്തെ തുടർന്ന് നിഫ്റ്റി 45 പോയിന്റും (-0.18%), സെൻസെക്സ് 200 പോയിന്റും (-0.26%) താഴ്ന്നിരുന്നു. ഇന്നലെ രാവിലെ മികച്ച നേട്ടം കൊയ്തശേഷം ഉച്ചയ്ക്കത്തെ സെഷനിലാണ് ഓഹരി വിപണി ‘കലമുടച്ചത്’.
∙ വിദേശ നിക്ഷേപകർ (എഫ്ഐഐ) ഇന്നലെയും 1,159 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
∙ രൂപ ഇന്നലെ ഡോളറിനെതിരെ 5 പൈസ താഴ്ന്ന് സർവകാല താഴ്ചയായ 88.15ൽ എത്തി.
റെക്കോർഡ് തകർത്ത് സ്വർണ മുന്നേറ്റം
രാജ്യാന്തര സ്വർണവില കത്തിക്കയറുകയാണ്.
നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 63 ഡോളർ കുതിച്ച് റെക്കോർഡ് 3,541 ഡോളറിൽ. ഒരുഘട്ടത്തിൽ വില 3,545.33 ഡോളറിലും എത്തിയിരുന്നു.
കേരളത്തിൽ ഇന്നലെ ഗ്രാമിന് 9,725 രൂപയും പവന് 77,800 രൂപയും എന്ന റെക്കോർഡിലായിരുന്നു. ഇന്നു പവൻ വില 78,000 കടക്കും; ഒരുപക്ഷേ 79,000വും.
∙ സ്വർണവില കുതിപ്പിന്റെ പശ്ചാത്തലത്തിൽ മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ്, ഐഐഎഫ്എൽ തുടങ്ങിയ ഗോൾഡ് ലോൺ കമ്പനികളുടെ ഓഹരികൾ ഇന്നലെ 2-4% മുന്നേറി.
∙ സ്വർണപ്പണയ വായ്പയ്ക്ക് ഡിമാൻഡ് കൂടുമെന്ന വിലയിരുത്തലുകളാണ് ഊർജമായത്.
എണ്ണവിലയും മുന്നോട്ട്
അമേരിക്കയിൽ ഈമാസം അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതകൾ, ഉൽപാദനം വീണ്ടും വെട്ടിക്കുറയ്ക്കാനുള്ള ഒപെക് പ്ലസിന്റെ നീക്കം, ശമനമില്ലാത്ത യുക്രെയ്ൻ-റഷ്യ യുദ്ധം എന്നിവയുടെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വിലയും കൂടുന്നു.
ബ്രെന്റ് വില 69 ഡോളറിന് മുകളിലെത്തി. ഡബ്ല്യുടിഐ ക്രൂഡ് 65.55 ഡോളറിലും വ്യാപാരം ചെയ്യുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]