ഇന്ത്യയ്ക്കുമേൽ ചുമത്തിയ പകരംതീരുവ വെട്ടിക്കുറയ്ക്കാനും വ്യാപാരക്കരാർ ഉറപ്പിക്കാനുമുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയമാണെന്ന് കിറ്റെക്സ് ഗാർമെന്റ്സ് ചെയർമാൻ സാബു എം. ജേക്കബ്.
അമേരിക്കയും ട്രംപും ഇന്ത്യയ്ക്ക് മുന്നിൽ മുട്ടുമടക്കി. ഇന്ത്യയുടെ യശസ്സും പ്രസക്തിയുമാണ് ആഗോളതലത്തിൽ ഉയരുന്നതെന്നും ഇന്ത്യ ലോക വ്യാപാരരംഗത്ത് ഒന്നാംസ്ഥാനത്തേക്ക് ഉയരുമെന്നും ട്വന്റി20 പാർട്ടി കോ-ഓർഡിനേറ്റർ കൂടിയായ സാബു ജേക്കബ് മനോരമ ഓൺലൈനിനോട് പറഞ്ഞു.
കടന്നാക്രമിച്ചിട്ടും മോദി നേരിട്ടു
കഴിഞ്ഞ ഒരുവർഷമായി പലതരത്തിലാണ് ട്രംപ് ഇന്ത്യയെ ഉപദ്രവിക്കാൻ ശ്രമിച്ചത്.
എന്നാൽ, ഇന്ത്യ വഴങ്ങിയില്ല. മറ്റു പല പ്രമുഖ രാജ്യങ്ങൾ പോലും അമേരിക്കയിലെത്തി ട്രംപിന് മുന്നിൽ മുട്ടുമടക്കിയാണ് വ്യാപാരക്കരാറിൽ എത്തിയത്.
എന്നാൽ, ഇന്ത്യയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ മോദി ഉറച്ചുനിന്നു. കാർഷിക, ക്ഷീരമേഖലയുടെ സുരക്ഷയും താൽപര്യവും ഉറപ്പാക്കാനാണ് മോദി സർക്കാർ ശ്രമിച്ചത്.
ഇതിന്റെ പേരിൽ പലരും മോദിയെ വ്യക്തിപരമായി പോലും കടന്നാക്രമിച്ചു. എന്നാൽ, പക്വതയോടെയാണ് മോദി അവയെയെല്ലാം നേരിട്ടത്.
ഇന്ത്യയ്ക്ക് മത്സരം പോലുമില്ല
ലോകത്ത് അമേരിക്ക ഏറ്റവും കുറവ് തീരുവ ഏർപ്പെടുത്തിയ രാജ്യമായാണ് ഇന്ത്യ മാറുന്നത്.
ജപ്പാൻ, യുകെ, യൂറോപ്യൻ യൂണിയൻ എന്നിവയ്ക്ക് 15 ശതമാനം തീരുവയേയുള്ളൂ. എന്നാൽ, ഇന്ത്യയുടെ ഉൽപന്നങ്ങൾക്ക് പകരംവയ്ക്കാൻ ഈ രാജ്യങ്ങൾ ഉൽപന്നങ്ങളില്ല.
ഫലത്തിൽ അമേരിക്കയ്ക്ക് ഇന്ത്യയെ ആശ്രയിച്ചേ തീരൂ. ഇന്ത്യയുമായി മത്സരംപോലും സാധ്യമാകാത്തവിധമാണ് ഇപ്പോൾ തീരുവ കുറഞ്ഞത്.
ചൈനയ്ക്കുപോലും ഇപ്പോഴും 30-50% തീരുവ തുടരുകയാണെന്നും സാബു ജേക്കബ് പറഞ്ഞു.
ട്രംപ് ഇങ്ങോട്ടു വിളിച്ച് കീഴടങ്ങി
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ കരാർ ഒപ്പുവച്ച് ഒരാഴ്ച കഴിയുംമുൻപേയാണ് ട്രംപ് ഇന്ത്യയ്ക്കുമേൽ തീരുവയിളവ് പ്രഖ്യാപിച്ചത്. ഇന്ത്യ-ഇയു കരാർ ട്രംപിനെ അസ്വസ്ഥനാക്കിയെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.
സമ്മർദം താങ്ങാനാവാതെയാണ് ട്രംപ് മോദിയെ ഇങ്ങോട്ടുവിളിച്ച് ഇളവുകൾ പ്രഖ്യാപിച്ചത്. ഇന്ത്യ പോലുള്ള വലിയ വിപണിയിൽ യൂറോപ്യൻ യൂണിയൻ പിടിമുറുക്കുന്നത് ട്രംപിനെ അലോസരപ്പെടുത്തി.
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലെ കരാർ ഇരുകൂട്ടർക്കും തുല്യപ്രയോജനം കിട്ടുന്നവിധമാണ്. അമേരിക്കയുമായും സമാനമായ കരാറിലാകും ഇന്ത്യയും ഏർപ്പെടുകയെന്നും സാബു ജേക്കബ് പറഞ്ഞു.
പ്രതിപക്ഷത്തിന് കുശുമ്പ്
ഇന്ത്യ-യുഎസ് ഡീൽ പ്രഖ്യാപനത്തിന്റെ പേരിൽ പ്രധാനമന്ത്രി മോദിയെയും കേന്ദ്ര സർക്കാരിനെയും കടന്നാക്രമിക്കുന്ന പ്രതിപക്ഷ നീക്കത്തിനു പിന്നിൽ അസൂയയും കുശുമ്പുമാണ്.
കാർഷിക മേഖലയ്ക്ക് ഒരു കോട്ടവും തട്ടാത്തവിധമായിരിക്കും യുഎസുമായുള്ള ഡീലും. യൂറോപ്യൻ യൂണിയനുമായി ഉൾപ്പെടെ മറ്റു രാജ്യങ്ങളുമായും ഇന്ത്യ അങ്ങനെതന്നെയാണ് വ്യാപാരക്കരാർ ഒപ്പുവച്ചതെന്ന് സാബു ജേക്കബ് ചൂണ്ടിക്കാട്ടി.
ടെക്സ്റ്റൈൽ രംഗത്ത് ഇനി ഇന്ത്യയുടെ കാലം
വസ്ത്ര കയറ്റുമതി രംഗത്ത് ചൈനയും ബംഗ്ലദേശുമായിരുന്നു ഇന്ത്യയ്ക്ക് പ്രധാന വെല്ലുവിളികൾ.
ചൈനയ്ക്ക് 30-50 ശതമാനം തീരുവയുള്ളതിനാൽ ഇന്ത്യയുമായുള്ള മത്സരത്തിൽ അവർ പിന്നാക്കം പോകും. ബംഗ്ലദേശ് ആഭ്യന്തര രാഷ്ട്രീയ അരക്ഷിതാവസ്ഥമൂലം പ്രതിസന്ധിയിലായി കഴിഞ്ഞു.
പുതിയ കരാർ പ്രകാരം ഇന്ത്യയിൽ നിന്ന് യൂറോപ്യൻ യൂണിയനിലെത്തുന്ന തുണിത്തരങ്ങൾക്ക് പൂജ്യമാണ് തീരുവ. ബംഗ്ലദേശിനും പൂജ്യമാണെങ്കിലും ആ ഇളവ് യൂറോപ്യൻ യൂണിയൻ ഉടൻ എടുത്തുകളയുമെന്നാണ് അറിയുന്നത്.
അങ്ങനെയെങ്കിൽ അതും ഇന്ത്യയ്ക്ക് വൻ നേട്ടമാകും.
ബംഗ്ലദേശിന് കിട്ടേണ്ട ഓർഡറുകളും ഇനി ഇന്ത്യയ്ക്ക് കിട്ടും.
ടെക്സ്റ്റൈൽ നിർമാണ, കയറ്റുമതി രംഗത്ത് ഇനി ഇന്ത്യയുടെ കാലമായിരിക്കും. ഇന്ത്യയിൽ എത്ര നിക്ഷേപം ഈ രംഗത്ത് നടത്തിയാലും അതിവേഗം അതു തിരിച്ചുപിടിക്കാനാവുന്ന നേട്ടം ഇനി ലഭിക്കും.
വ്യാവസായ, മാനുഫാക്ചറിങ്, തൊഴിൽ മേഖലയിൽ ഇനി രാജ്യത്ത് വലിയ ഉണർവുണ്ടാകും. ലോകത്തിന്റെ ഡിജിറ്റൽ ഹബ്ബായും ഇനി ഇന്ത്യ മാറും.
തീരുവ പൂജ്യമായതിനാൽ ഇനി നിക്ഷേപമൊഴുകും. മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള കമ്പനികളിൽ നിന്ന് ഇനി കൂടുതൽ നിക്ഷേപം ഇന്ത്യയിലെത്തുമെന്നും സാബു ജേക്കബ് പറഞ്ഞു.
കിറ്റെക്സ് ഓഹരികളിൽ മുന്നേറ്റം
ട്രംപ് ഇന്ത്യയ്ക്കുമേലുള്ള തീരുവ കുറയ്ക്കുന്ന പ്രഖ്യാപനം നടത്തിയതിന്റെ ചുവടുപിടിച്ച് കിറ്റെക്സ് ഗാർമെന്റ്സ് ഓഹരികൾ ഇന്ന് 20% മുന്നേറി അപ്പർ-സർക്യൂട്ടിലെത്തി.
ഓഹരികൾ നിശ്ചിത പരിധിക്കപ്പുറം ഒരു സെഷനിൽ കൂടുകയോ ഇടിയുകയോ ചെയ്യുന്നത് നിയന്ത്രിക്കുന്ന സംവിധാനമാണ് അപ്പർ/ലോവർ സർക്യൂട്ടുകൾ.
ട്രംപ് കഴിഞ്ഞവർഷം ഏപ്രിലിൽ പകരംതീരുവ പ്രഖ്യാപനം നടത്തുംമുൻപ് അമേരിക്കയിലെത്തുന്ന വസ്ത്രങ്ങളുടെ ഇറക്കുമതി തീരുവ പൂജ്യമായിരുന്നു. ഇതാണ് കഴിഞ്ഞ ഓഗസ്റ്റോടെ ട്രംപ് 50 ശതമാനമാക്കിയത്.
കിറ്റെക്സിന്റെ കയറ്റുമതി 100 ശതമാനവും യുഎസിലേക്ക് ആയിരുന്നതിനാൽ ഉയർന്ന തീരുവ കമ്പനിക്ക് തിരിച്ചടിയായിരുന്നു.
എന്നാൽ, യൂറോപ്പിലും ഇന്ത്യയിലും വിപണി വ്യാപിപ്പിച്ച് പ്രതിസന്ധി തരണം ചെയ്യാൻ കമ്പനി ശ്രമിച്ചുവെന്ന് സാബു ജേക്കബ് പറഞ്ഞു. ഇപ്പോൾ യൂറോപ്യൻ യൂണിയനും പിന്നാലെ യുഎസുമായുള്ള ഡീലും യാഥാർഥ്യമാകുന്നത് വലിയ നേട്ടമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

