ആഗോളതലത്തിൽ ഓഹരി വിപണികൾക്കും ക്രിപ്റ്റോകറൻസികൾക്കും ഷോക്കായി ജപ്പാന്റെ പുത്തൻ നീക്കം. രാജ്യത്ത് പണപ്പെരുപ്പം പിടിവിട്ടുയർന്ന പശ്ചാത്തലത്തിൽ അടിസ്ഥാന പലിശനിരക്ക് കൂട്ടുമെന്ന ജാപ്പനീസ് കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ജപ്പാന്റെ പ്രഖ്യാപനമാണ് തിരിച്ചടിയായത്.
പലിശ കൂടുമെന്ന് ഉറപ്പായതോടെ ജാപ്പനീസ് സർക്കാരിന്റെ ബോണ്ട് യീൽഡ് (കടപ്പത്ര ആദായനിരക്ക്) കത്തിക്കയറി. ഇതോടെ ഓഹരിയും ക്രിപ്റ്റോകറൻസികളും പോലെ ‘റിസ്ക്’ നിറഞ്ഞ ആസ്തികളെ കൈവിട്ട് നിക്ഷേപകർ ബോണ്ടുകളിലേക്ക് ചുവടുമാറ്റി.
ഇതാണ് തിരിച്ചടിക്കു വഴിവച്ചത്.
ജപ്പാന്റെ 10-വർഷ ബോണ്ട് യീൽഡ് 1.88 ശതമാനത്തിലേക്ക് ഉയർന്നു. 2008ന് ശേഷമുള്ള ഏറ്റവും ഉയരമാണിത്.
20 വർഷ ബോണ്ട് യീൽഡ് 2.915 ശതമാനത്തിലേക്ക് കുതിച്ചുകയറി. 1999ന് ശേഷംകുറിക്കുന്ന ഏറ്റവും ഉയരം.
30-വർഷ യീൽഡ് മുന്നേറിയത് സർവകാല റെക്കോർഡായ 3.411 ശതമാനത്തിലേക്കും. ബോണ്ടിൽ നിക്ഷേപിച്ച് വൻ നേട്ടം കൊയ്യാമെന്നും പണം സുരക്ഷിതമാക്കാമെന്നുമുള്ള സാഹചര്യം ഉണ്ടാകുമ്പോൾ റിസ്കുള്ള ഓഹരി, ക്രിപ്റ്റോകറൻസി വിപണികൾക്ക് സ്വീകാര്യത കുറയും.
എല്ലായിടത്തും ബോണ്ട് തരംഗം
ജാപ്പനീസ് ബോണ്ടുകളുടെ മുന്നേറ്റം അമേരിക്കയിലെയും ജർമനിയിലെയുമടക്കം ലോകത്തെ ഒട്ടുമിക്ക മുൻനിര രാജ്യങ്ങളിലെയും ബോണ്ടുകളുടെ കുതിപ്പിന് വഴിയൊരുക്കി.
ക്രിപ്റ്റോകറൻസികൾ അതോടെ ചോരപ്പുഴയായി. ലോകത്തെ ഏറ്റവും സ്വീകാര്യതയുള്ള ക്രിപ്റ്റോയായ ബിറ്റ്കോയിന്റെ വില 86,000 ഡോളറിന് താഴേക്കുപതിച്ചു.
കഴിഞ്ഞ മാർച്ചിനുശേഷമുള്ള ഏറ്റവും മോശം വില. സമീപകാലത്തായി ക്രിപ്റ്റോകറൻസികൾ കനത്ത ഇടിവാണ് നേരിടുന്നത്.
ആഴ്ചകൾക്കിടെ മാത്രം കൊഴിഞ്ഞുപോയത് ഒരു ട്രില്യൻ ഡോളറിലധികം. ഏതാണ്ട് 88 ലക്ഷം കോടിയിലേറെ രൂപ.
ക്രിപ്റ്റോകൾ വീണതിന്റെ ആഘാതം ഓഹരി വിപണികളിലും അലയടിച്ചു.
അമേരിക്കയിൽ പലിശനിരക്ക് കുറയാനുള്ള സാധ്യത ശക്തമാണെങ്കിലും പണപ്പെരുപ്പ ഭീഷണി വിട്ടൊഴിഞ്ഞിട്ടില്ലെന്ന വിലയിരുത്തലുകളും ഓഹരി വിപണികളിൽ വിറ്റൊഴിയൽ സമ്മർദത്തിന് വഴിവച്ചു. ഇതോടൊപ്പം ഓഹരികളുടെ അധികരിച്ച വിലയും (ഓവർ-വാല്യുവേഷൻ) വീണ്ടും ശക്തമാകുന്ന നിർമിത ബുദ്ധി കുമിളപ്പേടിയും (എഐ ബബിൾ) ഓഹരികളെ ഉലയ്ക്കുന്നുണ്ട്.
ഓഹരികളുടെ വീഴ്ച, കൊറിയയ്ക്ക് ആഘോഷം
യുഎസിൽ ഡൗ ജോൺസ് 0.90%, നാസ്ഡാക് 0.38%, എസ് ആൻഡ് പി500 സൂചിക 0.53% എന്നിങ്ങനെ നഷ്ടത്തിലായി.
ഫ്യൂച്ചേഴ്സ് വിപണി ഏറക്കുറെ നിർജീവമായിരുന്നു. യൂറോപ്പിൽ എഫ്ടിഎസ്ഇ, ഡാക്സ് എന്നിവ ഒരു ശതമാനത്തിലധികം വരെ താഴ്ന്നു.
ഏഷ്യൻ വിപണികൾ സമ്മിശ്രമാണ്. ചൈനയിൽ ഷാങ്ഹായ് 0.23% നഷ്ടത്തിലാണ്.
ഹോങ്കോങ് വിപണി 0.84% കയറി.
ദക്ഷിണ കൊറിയയ്ക്കുമേലുള്ള ഇറക്കുമതി തീരുവ നവംബർ 1ന് മുൻകാല പ്രാബല്യത്തോടെ നടപ്പാകുംവിധം 15 ശതമാനത്തിലേക്ക് കുറച്ചതായി യുഎസ് വ്യക്തമാക്കി. ഇതോടെ കൊറിയൻ വിപണി ഉഷാറായി.
വാഹനക്കമ്പനികളുടെ ഓഹരികൾ ഇതാഘോഷമാക്കി. കൊറിയൻ ഓഹരി സൂചികയായ കോസ്പി 1.02% ഉയർന്നു.
രാജ്യത്തെ പണപ്പെരുപ്പം കൂടിയെന്ന റിപ്പോർട്ട് വന്നിട്ടും ഓഹരികൾ കുലുങ്ങാതെ മുന്നേറി.
ടെൻഷനിൽ ഇന്ത്യ
വിദേശത്തുനിന്നുള്ള പ്രതികൂല തരംഗം ഇന്ത്യൻ വിപണിയെയും ഇന്ന് ഉലച്ചേക്കും. ഇന്നലെ രാവിലെ റെക്കോർഡ് തകർത്ത് ഉയർന്ന സെൻസെക്സും നിഫ്റ്റിയും ‘ലഞ്ച്’ കഴിഞ്ഞപ്പോഴേക്കും കലമുടച്ചിരുന്നു.
ഒരുവേള 86,159.02 എന്ന സർവകാല ഉയരത്തിലെത്തിയ സെൻസെക്സ് വ്യാപാരം പൂർത്തിയാക്കിയത് 64 പോയിന്റ് നഷ്ടവുമായി 85,641ൽ. നിഫ്റ്റി 26,325 എന്ന റെക്കോർഡിൽനിന്ന് 26,175ലേക്കും താഴ്ന്നു.
ലാഭമെടുപ്പ് തരംഗമാണ് തിരിച്ചടിയായത്.
ഇന്നു രാവിലെ ഗിഫ്റ്റ് നിഫ്റ്റി 30 പോയിന്റോളം താഴ്ന്നത്, സെൻസെക്സും നിഫ്റ്റിയും ഇന്ന് നഷ്ടത്തിൽ വ്യാപാരം തുടങ്ങിയേക്കാമെന്ന സൂചനയാണ് നൽകുന്നത്. ജിഎസ്ടി ഇളവിന്റെ കരുത്തിൽ കഴിഞ്ഞമാസത്തെ വിൽപന പൊടിപൊടിച്ചത് വാഹനക്കമ്പനികളുടെ ഓഹരികളെ ആവേശത്തിലാക്കിയേക്കും.
നവംബറിലെ ജിഎസ്ടി വരുമാനം ഒക്ടോബറിലെ 1.95 ലക്ഷം കോടി രൂപയിൽ നിന്ന് 1.70 ലക്ഷം കോടി രൂപയിലേക്ക് കുറഞ്ഞിട്ടുണ്ട്. ജിഎസ്ടി ഇളവുകളാണ് ഇതിനു കാരണം.
വ്യവസായത്തളർച്ച
ഒക്ടോബറിൽ ഇന്ത്യയുടെ വ്യാവസായിക ഉൽപാദന സൂചികയുടെ (ഐഐപി) വളർച്ചനിരക്ക് 14 മാസത്തെ താഴ്ചയായ 0.4 ശതമാനത്തിലേക്ക് കുറഞ്ഞതും ഓഹരി വിപണിയെ നിരാശപ്പെടുത്തിയേക്കും.
സെപ്റ്റംബറിലെ 4 ശതമാനം വളർച്ചയിൽ നിന്നാണ് വീഴ്ച.
അതേസമയം, ഡിസംബർ 5ന് പ്രഖ്യാപിക്കുന്ന പണനയത്തിൽ റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ ആശ്വാസവും നൽകുന്നുണ്ട്. ഇന്ത്യയും യുഎസും തമ്മിലെ വ്യാപാരക്കരാർ ഉടൻ പ്രഖ്യാപിക്കാനുള്ള സാധ്യതകൾ, ഇറക്കുമതി തീരുവ 50ൽ നിന്ന് 20 ശതമാനത്തിന് താഴേക്കു കുറയ്ക്കുമെന്ന പ്രതീക്ഷകൾ, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ സന്ദർശനം എന്നിവയും വിപണി ഉറ്റുനോക്കുന്നു.
സ്വർണവും എണ്ണയും
∙ ലാഭമെടുപ്പ് സമ്മർദമുള്ളതിനാൽ രാജ്യാന്തര സ്വർണവിലയിൽ ഇന്ന് കാര്യമായ മാറ്റമില്ല.
രാവിലെ വെറും 2 ഡോളർ മാത്രം ഉയർന്ന് 4,220 ഡോളറിലാണ് വില. കേരളത്തിൽ ഇന്നു സ്വർണവിലയിൽ കാര്യമായ മാറ്റത്തിന് സാധ്യതയില്ല.
∙ രാജ്യാന്തര ക്രൂഡ് ഓയിൽ വില നേട്ടത്തിലാണ്.
റഷ്യയുടെ മൂന്നാമതൊരു എണ്ണക്കപ്പൽ കൂടി യുക്രെയ്ൻ തകർത്തതും വെനസ്വേല അമേരിക്കയുടെ ആക്രമണത്തിന്റെ നിഴലിലായതും എണ്ണവിലയിൽ കുതിപ്പിന് വളമിടുന്നുണ്ട്. റഷ്യയും വെനസ്വേലയും എണ്ണകയറ്റുമതി രംഗത്തെ മുൻനിര രാജ്യങ്ങളാണ്.
∙ ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 0.15% നേട്ടവുമായി 59.41 ഡോളറിൽ എത്തി.
ബ്രെന്റ് വില 0.06% ഉയർന്ന് 63.21 ഡോളറും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

