യുഎസുമായുള്ള സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ച സ്വന്തം തീരുമാനം ഇറാനെ തിരിഞ്ഞുകുത്തിയതായി റിപ്പോർട്ട്. ഇറാന് പുറമേ യുഎഇയും സൗദി അറേബ്യയുമടക്കം ഗൾഫ് രാജ്യങ്ങൾ ലോക വിപണിയിലേക്ക് ക്രൂഡോയിലും എൽപിജിയും എൽഎൻജിയും മറ്റും വലിയതോതിൽ കയറ്റിഅയച്ചിരുന്ന രാജ്യാന്തര കപ്പൽപ്പാതയായിരുന്നു ഇത്.
ഹോർമുസ് കടലിടുക്ക് അടച്ച ഇറാനെ സമ്മർദത്തിലാക്കാനായി മേഖലയിൽ അമേരിക്കൻ സൈന്യവും കപ്പൽ ഉപരോധം തുടങ്ങിയതാണ് ഇറാനെ വെട്ടിലാക്കിയത്. ഇറാനിലേക്കും ഇറാനിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്കും പോകുന്ന കപ്പലുകളെ മാത്രമാണ് അമേരിക്കൻ സൈന്യം തടയുന്നത്.
ഫലത്തിൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പലുകളുടെ യാത്ര ഏറക്കുറെ നിലച്ചു. ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതി ഇതോടെ പൂർണമായും സ്തംഭിച്ചു.
സൗദിയും യുഎഇയും മറ്റ് ഗൾഫ് രാജ്യങ്ങളും ഹോർമുസിനെ ഒഴിവാക്കി മറ്റുവഴികളിലൂടെ കയറ്റുമതി ഊർജിതമാക്കിയാണ് നേട്ടമുണ്ടാക്കുന്നത്. കണക്കുകൾ പ്രകാരം പ്രധാനമായും ചെങ്കടൽ തീരത്തെ യാമ്പുവിലേക്കുള്ള ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ വഴിയാണ് ഇപ്പോൾ സൗദി അറേബ്യ ലോക വിപണിയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നത്.
സൗദിയുടെ എണ്ണ കയറ്റുമതി ഓഗസ്റ്റിലെ പ്രതിദിനം 24.5 ലക്ഷം ബാരലിൽ നിന്ന് സെപ്റ്റംബറിൽ പ്രതിദിനം 54 ലക്ഷം ബാരലായി ഉയർന്നു. ഹോർമുസിനെ ഒഴിവാക്കി ഗൾഫ് ഓഫ് ഒമാനിലെ ഫുജൈറ കേന്ദ്രമാക്കിയാണ് യുഎഇയുടെ കയറ്റുമതി.
യുഎഇ സെപ്റ്റംബറിൽ 14 ലക്ഷം ടൺ എണ്ണ കയറ്റുമതി ചെയ്തെന്ന് വ്യക്തമാക്കുന്നു. ഇതിൽ മുന്തിയപങ്കും പോയത് കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്കാണ്.
എന്നാൽ ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതി പൂർണമായും നിലച്ചെന്നാണ് വിപണി ഗവേഷകരായ കെപ്ലർ പറയുന്നത്. അമേരിക്കയുടെ കപ്പൽ ഉപരോധവും എണ്ണ ടാങ്കറുകൾ കിട്ടാത്തതുമാണ് ഇറാനെ വലച്ചത്.
ജൂലൈയിൽ ഇറാൻ പ്രതിദിനം 8.93 ലക്ഷം ബാരൽ എണ്ണ കയറ്റുമതി ചെയ്തിരുന്നു. ഓഗസ്റ്റിൽ ഇത് 1.56 ലക്ഷമായി കുറഞ്ഞു.
ജൂലൈ രണ്ടാംപകുതി മുതൽ ഏഷ്യയിലേക്ക് ഇറാനിൽ നിന്ന് കയറ്റുമതി ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാന്റെ എണ്ണ ഉൽപാദനവും കുത്തനെ ഇടിഞ്ഞു.
നിലവിൽ ഇത് പ്രതിദിനം 18 ലക്ഷം ബാരലാണെന്ന് കെപ്ലർ വ്യക്തമാക്കുന്നു. യുദ്ധത്തിന് മുൻപുള്ളതിന്റെ ഏതാണ്ട് പാതിയാണിത്.
ഇതാകട്ടെ ആഭ്യന്തര ഉപഭോഗത്തിന് മാത്രമെ തികയുകയുള്ളൂ. പശ്ചിമേഷ്യയിൽ നിന്നുള്ള മൊത്തം എണ്ണ കയറ്റുമതിയുടെ 40 ശതമാനവും ഇപ്പോൾ ഹോർമുസിനെ ഒഴിവാക്കിയാണ് ലോക വിപണിയിലെത്തുന്നത്.
ഇറാൻ-യുഎസ് യുദ്ധം ആരംഭിക്കുംമുൻപ് ഹോർമുസ് ഒഴിവാക്കിയുള്ള കയറ്റുമതി 17% മാത്രമായിരുന്നുവെന്ന് വിപണി ഗവേഷകരുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഹോർമുസിൽ ഇറാന്റെ നിയന്ത്രണം നഷ്ടപ്പെടുകയാണെന്നും പശ്ചിമേഷ്യയിൽ നിന്ന് ബദൽ വഴികളിലൂടെ ഉൾപ്പെടെ എണ്ണകയറ്റുമതി വർധിച്ചെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കെപ്ലറിന്റെ കണക്കുപ്രകാരം സെപ്റ്റംബറിൽ പശ്ചിമേഷ്യൻ എണ്ണകയറ്റുമതി പ്രതിദിനം ശരാശരി 1.65 കോടി ബാരലാണ്. സെപ്റ്റംബറിന്റെ അവസാന ആഴ്ച ഇത് 1.95 കോടിയായി വർധിച്ചു.
യുദ്ധത്തിന് മുൻപ് പ്രതിദിനം 1.7 കോടിയായിരുന്നു ശരാശരി. ലോകവിപണിയിലേക്ക് 31 ശതമാനം എണ്ണയും 20% എൽഎൻജിയും ഒഴുകുന്ന പാതയായിരുന്നു ഹോർമുസ് കടലിടുക്ക്.
സംസ്കരിച്ച എണ്ണയുടെ ഇതുവഴിയുള്ള നീക്കം യുദ്ധത്തിന് മുൻപ് പ്രതിദിനം 36 ലക്ഷം ബാരലായിരുന്നുവെങ്കിൽ, നിലവിൽ അത് വെറും 6.77 ലക്ഷം മാത്രമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

