
കനേഡിയൻ ധനകാര്യ സ്ഥാപനമായ ബ്രൂക്ക്ഫീൽഡ് അസറ്റ് മാനേജ്മെന്റിന് കീഴിലെ ഓഹരി വിപണിയിലെ കന്നിവ്യാപാര ദിനത്തിൽ (Listing) നനഞ്ഞ തുടക്കം. ഐപിഒയിലെ (IPO) വിലയേക്കാൾ 6 ശതമാനത്തിലധികം ഇടിഞ്ഞാണ് എൻഎസ്ഇയിലും ബിഎസ്ഇയിലും ഷ്ളോസ് ബാംഗ്ലൂർ ലിമിറ്റഡ‍് (Schloss Bangalore Limited) അഥവാ ലീല ഹോട്ടൽസ് (THELEELA) ഓഹരി ലിസ്റ്റ് ചെയ്തത്.
435 രൂപയായിരുന്നു കഴിഞ്ഞവാരം സമാപിച്ച ഐപിഒയിൽ വില. എൻഎസ്ഇയിൽ ഇന്ന് ലിസ്റ്റ് ചെയ്തതാകട്ടെ 6.67% ഇടിഞ്ഞ് 406 രൂപയിൽ. ബിഎസ്ഇയിൽ 6.55% നഷ്ടത്തോടെ 406.50 രൂപയിലും. അതായത്, ഐപിഒയിൽ മിനിമം ലോട്ട് സ്വന്തമാക്കിയ നിക്ഷേപകർക്ക് ലിസ്റ്റിങ്ങിലുണ്ടായ നഷ്ടം 986 രൂപ. 34 ഓഹരികളായിരുന്നു മിനിമം ലോട്ട്. ഇഷ്യൂവിലയായ 435 രൂപ പ്രകാരം മിനിമം നിക്ഷേപം 14,790 രൂപയും. എന്നാൽ, ഇന്നത്തെ ലിസ്റ്റിങ് വിലയായ 406 രൂപ പരിഗണിച്ചാൽ നിക്ഷേപമൂല്യം 13,804 രൂപയായാണ് കുറഞ്ഞത്.
അതേസമയം, എൻഎസ്ഇയിലും ബിഎസ്ഇയിലും ലീല ഹോട്ടൽസ് ഓഹരി മെല്ലെ നഷ്ടം നിജപ്പെടുത്തുന്നുണ്ട്. ഇന്നത്തെ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടന്നപ്പോൾ ബിഎസ്ഇയിൽ വിലയുള്ളത് ഇഷ്യൂവിലയേക്കാൾ 0.15% മാത്രം താഴ്ന്ന് 434.35 രൂപയിലും എൻഎസ്ഇയിൽ 0.07% താഴ്ന്ന് 434.25 രൂപയിലുമാണ്. 14,500 കോടി രൂപയാണ് വിപണിമൂല്യം.
മലയാളിയായ ക്യാപ്റ്റൻ കൃഷ്ണൻ നായർ 1986ൽ സ്ഥാപിച്ച ഹോട്ടൽ ശൃംഖലയാണ് ലീല. ഹോട്ടൽ ലീല വെഞ്ച്വേഴ്സിൽ നിന്ന് 2019 ഒക്ടോബറിലാണ് 3,950 കോടി രൂപയ്ക്ക് ലീല ഹോട്ടൽസിനെ ബ്രൂക്ക്ഫീൽഡ് ഏറ്റെടുത്തത്. ഐപിഒയിലൂടെ ലീല ഹോട്ടൽസ് സമാഹരിച്ചത് 3,500 കോടി രൂപയായിരുന്നു. ഇതിൽ 2,500 കോടി രൂപ പുതിയ ഓഹരികളും (Fresh Issue) 1,000 കോടി രൂപ ഓഫർ-ഫോർ-സെയിലും (OFS) ആയിരുന്നു. നിലവിലെ ഓഹരി ഉടമകൾ നിശ്ചിത ഓഹരികൾ വിറ്റഴിക്കുന്നതാണ് ഒഎഫ്എസ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)
English Summary:
Leela Hotels (Schloss Bangalore) Shares List at 7% Discount to IPO Price.
m39c7liu3frhqok4i7r0fd8gn mo-news-common-captain-leela-krishnan-nair mo-business-stockmarket mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-business-listing 3sdn5dbhvlnj360kbfi72l9e03-list