
ആഗോള, ആഭ്യന്തരതലങ്ങളിൽ നിന്നുള്ള അനുകൂല ഘടകങ്ങളുടെ കരുത്തിൽ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ (Indian Rupee) മൂല്യത്തിൽ കുതിച്ചുകയറ്റം. ഇന്നു രൂപ വ്യാപാരം ആരംഭിച്ചതുതന്നെ ഡോളറിനെതിരെ 71 പൈസ മുന്നേറി 83.78ൽ. കഴിഞ്ഞ 7 മാസത്തിനിടയിലെ ഏറ്റവും മികച്ച മൂല്യമാണിത്. ഏറെക്കാലത്തിനുശേഷമാണ് ഡോളറിനെതിരെ രൂപ ഒറ്റദിവസം ഇത്രയും കുതിക്കുന്നതും.
ഇന്ത്യൻ ഓഹരി, കടപ്പത്ര വിപണികളിലേക്ക് വിദേശ നിക്ഷേപം കുതിച്ചൊഴുകുന്നതും രാജ്യാന്തര ക്രൂഡ് ഓയിൽ വിലയിലെ വീഴ്ചയും ആഭ്യന്തര സമ്പദ്മേഖല ശക്തിയാർജ്ജിച്ചുവെന്ന് വ്യക്തമാക്കിയുള്ള ജിഎസ്ടി വരുമാനത്തിലെ റെക്കോർഡ്, ഓഹരി വിപണികളുടെ നേട്ടം എന്നിവയുമാണ് രൂപയ്ക്ക് ഊർജമായത്. യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 സുപ്രധാന കറൻസികൾക്കെതിരെ യുഎസ് ഡോളർ ഇൻഡക്സ് 98 നിലവാരത്തിൽ നിന്ന് 100ന് മുകളിലേക്ക് ഉയർന്നിട്ടും, ഡോളറിനെതിരായ വിനിമയത്തിൽ ഇന്ത്യൻ റുപ്പി കരുത്തുനേടിയെന്നതും ശ്രദ്ധേയം.
ഇന്നു ഇതിനകം ഏതാണ്ട് 2,950 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) വാങ്ങിയിട്ടുണ്ട്. ഇതോടെ, കഴിഞ്ഞ 8 വ്യാപാര സെഷനുകളിലൂടെ മാത്രമെത്തിയ വിദേശ നിക്ഷേപം 32,500 കോടി രൂപയും കവിഞ്ഞു. ഇന്നു സെൻസെക്സും നിഫ്റ്റിയും വ്യാപാരത്തിന്റെ തുടക്കത്തിൽ നടത്തിയതും മികച്ച മുന്നേറ്റം. 24,311ൽ വ്യാപാരം തുടങ്ങിയ നിഫ്റ്റി, ഒരുവേള 24,589 വരെ എത്തി. നിലവിൽ വ്യാപാരം പക്ഷേ, വെറും 10ൽ താഴെ പോയിന്റ് (+0.04%) മാത്രം നേട്ടവുമായി 24,34ൽ. അദാനി പോർട്സ് (+5.45%), മാരുതി സുസുക്കി (+3.04%), എറ്റേണൽ (സൊമാറ്റോ, +2.38%), ഹിൻഡാൽകോ (+2.25%), ഇൻഡസ്ഇൻഡ് ബാങ്ക് (+2.10%) എന്നിവയാണ് ആദ്യ മണിക്കൂറിൽ നേട്ടത്തിൽ മുന്നിലെത്തിയത്.
ഐഷർ മോട്ടോഴ്സ് (-2.32%), നെസ്ലെ (-1.57%), ജെഎസ്ഡബ്ല്യു സ്റ്റീൽ (-1.32%), ബജാജ് ഓട്ടോ (-1.11%), ബജാജ് ഫിൻസെർവ് (-0.68%) എന്നിവ നഷ്ടത്തിൽ മുന്നിലായിരുന്നു. സെൻസെക്സും ഇന്ന് 80,300ൽ നേട്ടത്തോടെ തുടങ്ങി 81,177 വരെ എത്തിയിരുന്നു. കഴിഞ്ഞ സെഷനിലെ ക്ലോസിങ് നിലവാരമായ 80,242നെ അപേക്ഷിച്ച് 1,500 പോയിന്റിലേറെ നേട്ടം. നിലവിൽ വ്യാപാരം ചെയ്യുന്നത് 206 പോയിന്റ് (+0.26%) മാത്രം ഉയർന്ന് 80,461ൽ. വിൽപന സമ്മർദം ഉയർന്നതാണ് നേട്ടം കുറയാൻ കാരണം.
ഇന്നത്തെ ആദ്യ സെഷനിൽ അദാനി പോർട്സ് (+5.35%), മാരുതി സുസുക്കി (+2.82%), എറ്റേണൽ (+2.56%), ഇൻഡസ്ഇൻഡ് ബാങ്ക് (+2.09%), ടാറ്റാ മോട്ടോഴ്സ് (+1.84%) എന്നിവ നേട്ടത്തിലും നെസ്ലെ (-1.62%), ബജാജ് ഫിൻസെർവ് (-1.03%), ടൈറ്റൻ (-0.78%), ഭാരതി എയർടെൽ (-0.69%) എന്നിവ നഷ്ടത്തിലും മുന്നിലായിരുന്നു. വിശാല വിപണിയിൽ ബാങ്ക് നിഫ്റ്റി 0.59%, നിഫ്റ്റി ഓട്ടോ 0.93%, ഐടി 0.59%, പൊതുമേഖലാ ബാങ്ക് 0.88%, ഓയിൽ ആൻഡ് ഗ്യാസ് 1.01% എന്നിങ്ങനെ നേട്ടത്തിലുണ്ട്. സെൻസെക്സിന്റെ ഇന്നത്തെ ആദ്യ മണിക്കൂറുകളിലെ നേട്ടത്തിൽ ഏറ്റവുമധികം പങ്കുവഹിച്ചത് ഐസിഐസിഐ ബാങ്ക് (+116 പോയിന്റ്), റിലയൻസ് ഇൻഡസ്ട്രീസ് (+77 പോയിന്റ്), എച്ച്ഡിഎഫ്സി ബാങ്ക് (+67 പോയിന്റ്), അദാനി പോർട്സ് (+45.11 പോയിന്റ്) എന്നിവയായിരുന്നു.
നിഫ്റ്റി ഫാർമ 0.37%, ഹെൽത്ത്കെയർ 0.17%, കൺസ്യൂമർ ഡ്യൂറബിൾസ് 0.45% എന്നിങ്ങനെ നഷ്ടത്തിൽ വ്യാപാരം ചെയ്യുന്നു. നിഫ്റ്റി മിഡ്ക്യാപ്100 സൂചിക 0.35%, സ്മോൾക്യാപ് 100 സൂചിക 0.83 ശതമാനം എന്നിങ്ങനെ നേട്ടത്തിലേറി. ഇന്ത്യ വിക്സ് 1.05% താഴ്ന്നു. മികച്ച നാലാംപാദ പ്രവർത്തനഫലം, വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്മിഷനിങ് എന്നിവയുടെ പശ്ചാത്തലത്തിലാണ് അദാനി പോർട്സ് ഓഹരികളുടെ മുന്നേറ്റം. മാർച്ചുപാദ ലാഭം 50 ശതമാനവും വരുമാനം 23 ശതമാനവുമാണ് ഉയർന്നത്.
രൂപയുടെ നേട്ടം, യുഎസ്-ചൈന വ്യാപാരയുദ്ധം ശമിക്കുന്നതിന്റെ സൂചന, വിദേശ നിക്ഷേപത്തിലെ വർധന, ക്രൂഡ് വില ഇടിവ്, ജിഎസ്ടി വരുമാനത്തിലെ റെക്കോർഡ് എന്നിവയാണ് ഓഹരികൾക്കും ആവേശമാകുന്നത്. ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 60 ഡോളറിനും ബ്രെന്റ് ക്രൂഡ് വില 63 ഡോളറിനും താഴെയാണുള്ളത്. ഉപഭോഗത്തിന്റെ 85-90 ശതമാനം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് ഇത് സാമ്പത്തികമായി വലിയ ആശ്വാസമാണ്. ജിഎസ്ടി സമാഹരണം കഴിഞ്ഞമാസം 2.37 ലക്ഷം കോടി രൂപയെന്ന റെക്കോർഡിലെത്തി. 2024 ഏപ്രിലിലെ 2.10 ലക്ഷം കോടി രൂപയെന്ന റെക്കോർഡ് തകർന്നു.
പ്രവാസികൾക്ക് തിരിച്ചടി
ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയരുന്നത് ഇന്ത്യക്ക് ഒരുപോലെ നേട്ടവും കോട്ടവുമാണ്. രൂപ കരുത്താർജ്ജിക്കുന്നത് ഇറക്കുമതിച്ചെലവ് കുറയാനും ആനുപാതികമായി വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികൾ, പണപ്പെരുപ്പം എന്നിവ താഴാനും സഹായിക്കും. വിദേശത്തെ പഠനച്ചെലവ്, വിദേശയാത്രാച്ചെലവ് എന്നിവയും കുറയും.
അതേസമയം, കയറ്റുമതി രംഗത്തെ കമ്പനികൾക്ക് ഡോളർ തളരുന്നത് വരുമാനത്തെ ബാധിക്കും. പ്രത്യേകിച്ച് ഐടി, ഫാർമ, സീഫുഡ് തുടങ്ങിയവ മേഖലകളിലെ കമ്പനികൾക്ക്. പ്രവാസികൾക്കും ഡോളറിന്റെ വീഴ്ച പ്രതിസന്ധിയാകും. ഏതാനും ആഴ്ചകൾക്ക് മുമ്പുവരെ ഒരു യുഎഇ ദിർഹം ഇന്ത്യയിലേക്ക് അയച്ചാൽ 24 രൂപയ്ക്കടുത്ത് കിട്ടുമായിരുന്നു.
നിലവിൽ ദിർഹമുള്ളത് കഴിഞ്ഞ ഒക്ടോബറിന് ശേഷമുള്ള ഏറ്റവും താഴ്ചയായ 22.82ൽ. അതായത്, ദിർഹം നാട്ടിലേക്ക് അയച്ചാൽ ആനുപാതികമായി കിട്ടുന്ന തുക കുറഞ്ഞു. ഡോളറിനെ അടിസ്ഥാനമായി മൂല്യനിർണയമുള്ള സൗദി റിയാൽ അടക്കം മറ്റ് ജിസിസി രാഷ്ട്രങ്ങളിലെ കറൻസികൾക്കും രൂപയ്ക്കെതിരെ മൂല്യം കുറഞ്ഞു. ഈ രാജ്യങ്ങളിലെ പ്രവാസികൾ നാട്ടിലേക്ക് പണമയയ്ക്കുന്നത് നീട്ടിവയ്ക്കാൻ സാധ്യതയുണ്ട്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)