ബ്രിക്സ് കൂട്ടായ്മയുടെ 2026 വർഷത്തേക്കുള്ള അധ്യക്ഷപദവി ഏറ്റെടുത്ത ഇന്ത്യയ്ക്ക് മുൻപിൽ തീരുമാനത്തിനായി കാത്തുകിടക്കുന്നത് ‘ബദ്ധവൈരി’യായ പാക്കിസ്ഥാന്റെ അംഗത്വ അപേക്ഷ. പാക്കിസ്ഥാൻ ഉൾപ്പെടെ പത്തിലേറെ രാജ്യങ്ങൾ ബ്രിക്സിൽ ചേരാൻ അപേക്ഷിച്ചിട്ടുണ്ട്.
പാക്കിസ്ഥാന് അംഗത്വം നൽകുന്നതിനെ റഷ്യ പരസ്യമായി പിന്തുണച്ചുകഴിഞ്ഞു. സുഹൃദ് രാഷ്ട്രമായ ചൈനയുടെ പിന്തുണയും പാക്കിസ്ഥാന് കിട്ടും.
ഇന്ത്യയെന്ത് തീരുമാനിക്കും?
ബ്രിക്സിൽ ചേരാനാഗ്രഹിക്കുന്ന രാജ്യങ്ങൾക്ക് പലവിധ മോഹങ്ങളാണുള്ളത്. ചിലർക്ക് വായ്പ വേണം.
ചിലർക്ക് സ്വാധീനശക്തിയാകണം. ചിലർ ആഗ്രഹിക്കുന്നത് ഏതെങ്കിലും ഒരു ചേരിയിൽ തളച്ചിടപ്പെടാതെ, പ്രമുഖ കൂട്ടായ്മകളിലെല്ലാം അംഗത്വം.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നിവയാണ് ബ്രിക്സിന്റെ സ്ഥാപക അംഗങ്ങൾ. 2024ൽ സൗദി അറേബ്യ, ഇറാൻ, യുഎഇ, ഈജിപ്ത്, എത്ത്യോപിയ എന്നിവയും 2025ൽ ഇന്തൊനീഷ്യയും അംഗത്വം നേടി.
ഇതോടെ ലോകത്തെ ഏറ്റവും പ്രബലമായ കൂട്ടായ്മകളിലൊന്നുമായി ബ്രിക്സ്.
ലോക ജനസംഖ്യയുടെ ഏതാണ്ട് പാതിയിലധികമാണ് ഇപ്പോൾ ബ്രിക്സ്. ആഗോള ജിഡിപിയുടെ ഏതാണ്ട് മൂന്നിലൊന്നും.
മലേഷ്യ, തായ്ലൻഡ്, ക്യൂബ, യുഗാണ്ട, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, ബൊളീവിയ, ബെലറൂസ് എന്നിവ ബ്രിക്സിൽ പാർട്ണർ അംഗങ്ങളാണ്. ഇവ സമ്പൂർണ അംഗത്വം ആഗ്രഹിക്കുന്നു.
പാക്കിസ്ഥാനാകട്ടെ നിലവിൽ പാർട്ണർ അംഗം പോലുമല്ല.
ബ്രിക്സിൽ ചേരുന്നതിലൂടെ ആഗോളതലത്തിൽ കൂടുതൽ പ്രസക്തി നേടുക മാത്രമല്ല പാക്കിസ്ഥാന്റെ ലക്ഷ്യം. ബ്രിക്സിന്റെ ബാങ്കായ ന്യൂ ഡവലപ്മെന്റ് ബാങ്കിൽ (എൻഡിബി) നിന്ന് വായ്പ തരപ്പെടുത്തുകയുമാണ്.
ഇപ്പോൾ രാജ്യാന്തര നാണയ നിധിയുടെ (ഐഎംഎഫ്) വായ്പയുടെയും അതുവഴി അവർ പറയുന്ന ചട്ടങ്ങളുടെയും ‘ചൊൽപ്പടിയിലാണ്’ പാക്കിസ്ഥാൻ. അതിൽനിന്ന് പുറത്തു കടക്കുക കൂടിയാണ് പാക്കിസ്ഥാന്റെ ലക്ഷ്യം.
എന്നാൽ, ബ്രിക്സിൽ അംഗത്വം തേടുന്ന രാജ്യങ്ങൾക്ക് നിലവിലെ അംഗരാജ്യങ്ങളുമായി നല്ല ബന്ധം ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ.
മാത്രമല്ല, ഒരു അംഗം എതിർത്താലും അംഗത്വ അപേക്ഷ നിരസിക്കപ്പെടും. അതായത്, പാക്കിസ്ഥാന്റെ അപേക്ഷ അധ്യക്ഷ പദവികൂടി വഹിക്കുന്ന ഇന്ത്യയ്ക്ക് എളുപ്പത്തിൽ തള്ളാനാകും.
എന്നാൽ, ബ്രിക്സിൽ കൂടുതൽ അംഗങ്ങളെ ചേർത്ത് വിപുലീകരിക്കണമെന്ന് വാദിച്ചവരിൽ മുന്നിലുള്ള ഇന്ത്യ തന്നെ, പുതിയൊരു അംഗത്വ അപേക്ഷ തള്ളുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ബ്രിക്സിനെ ചൈനയുടെ സ്വാധീനത്തിൽപ്പെടാതെ സംരക്ഷിക്കുകയെന്ന നിർണായക ലക്ഷ്യവും ഇന്ത്യയ്ക്കുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

