തിരുവനന്തപുരം∙ നിറം പകരാൻ ബാലരാമപുരം വസ്ത്രങ്ങൾ ഒരുങ്ങി. ഈ ഓണക്കാലം തങ്ങളുടെ ജീവിതത്തിനും നിറം പകരുമെന്ന പ്രതീക്ഷയിലാണു പരമ്പരാഗത നെയ്ത്തുകാരും കൈത്തറി കച്ചവടക്കാരും.
കൈത്തറി സാരി, മുണ്ട്, സെറ്റ്മുണ്ട് തുടങ്ങി ലക്ഷക്കണത്തിനു രൂപയുടെ കൈത്തറി വസ്ത്രങ്ങളാണ് വിപണിയിലുള്ളത്. ഏതാണ്ട് 100 കോടി രൂപയുടെ കച്ചവടമാണ് കഴിഞ്ഞ സീസണിൽ നടന്നത്.
ഇക്കുറി വരുമാനം അതിലും ഉയരുമെന്നാണ് പ്രതീക്ഷയെന്ന് പരമ്പരാഗത കൈത്തറി വിൽപനക്കാരനായ ആർ.നാഗരാജൻ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും കയറ്റുമതി ഓർഡറുണ്ട്.
വള്ളിയൂരിൽനിന്ന് തിരുവിതാംകൂറിൽ
19ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തമിഴ്നാട്ടിലെ വള്ളിയൂരിൽ നിന്നെത്തിയ നെയ്ത്തുകാരാണു ബാലരാമപുരത്ത് തലമുറകളായി ഈ തൊഴിൽ ചെയ്യുന്നത്.
തിരുവിതാംകൂർ കൊട്ടാരത്തിനു വസ്ത്രങ്ങൾ നെയ്യാനായി എത്തിയവരുടെ പിൻതലമുറകൾ പിന്നീട് ഈ നാടിന്റെ ഭാഗമായി. മംഗലത്തുകോണം, ഉച്ചക്കട, പയറ്റുവിള, പുന്നക്കാട്, പനയറക്കുന്ന്, റസൽപുരം, പെരിങ്ങമല, നെല്ലിവിള, ആലുവിള, ഐത്തിയൂർ, ആർസി സ്ട്രീറ്റ്, ഭഗവതിനട
തുടങ്ങി ബാലരാമപുരത്തിന് 5 കിലോമീറ്റർ ചുറ്റളവിൽ നൂറോളം നെയ്ത്തു കേന്ദ്രങ്ങളാണ് സജീവമായുള്ളത്. അയ്യായിരത്തോളം നെയ്ത്തുകാരുണ്ട്.
നൂറിലേറെ പരമ്പരാഗത വസ്ത്രവിൽപന ശാലകൾ പ്രവർത്തിക്കുന്നു. പവർലൂം എത്തിയതോടെ പരമ്പരാഗത തറി ഉപയോഗിച്ച് നെയ്യുന്നവരുടെ എണ്ണംകുറഞ്ഞു.
മെഷീൻ ഉപയോഗിച്ചുള്ള വസ്ത്രനിർമാണത്തിന് തറിയെക്കാൾ മൂന്നിലൊന്നു ചെലവു മതി എന്നതാണ് പവർലൂം കൂടാൻ കാരണം. കുഴിത്തറകളിലാണ് (ത്രോ ഷട്ടിൽ പിറ്റ്) ബാലരാമപുരത്തെ പരമ്പരാഗത നെയ്ത്ത്.
നിലത്ത് കുഴിച്ച കുഴികളിൽ നിന്നാണ് വസ്ത്രങ്ങൾ നെയ്തെടുക്കുന്നത്. തറിയിൽ ഒരു കസവുസാരി നെയ്തെടുക്കാൻ ചുരുങ്ങിയത് 6 ദിവസമെടുക്കും.
കസവിന്റെ വീതി നോക്കിയാണ് വില നിശ്ചയിക്കുന്നത്. ഓണക്കാലത്തേക്കായി മഞ്ഞക്കോടിയും നെയ്യുന്നുണ്ട്.
പവർലൂമിനോട് മല്ലിട്ട് നെയ്ത്ത്
കസവുസാരി 6 ദിവസം കൊണ്ടു നെയ്താൽ നെയ്ത്തുകാരന് പ്രതിഫലമായി കിട്ടുന്നത് 5000 രൂപയോളമാണ്.
അധ്വാനത്തിനും കരവിരുതിനും ഈ കൂലി പോരെന്നാണ് ആവശ്യം. ഒരു മുണ്ട് നെയ്താൽ 400 രൂപയാണ് പ്രതിഫലം.
കൈത്തറി മുണ്ടിന് വിപണിയിൽ 1,300 രൂപ മുതലാണ് വില. അതേസമയം പവർലൂം മുണ്ടിന് 700 മുതലാണ് വില.
പവർലൂം വസ്ത്രങ്ങളോടു പിടിച്ചുനിൽക്കാൻ പരമ്പരാഗത നെയ്ത്തുകാർ ബുദ്ധിമുട്ടുന്നു. മറ്റു തൊഴിൽ മേഖലകളിലേക്കു പോകുന്നവരുമുണ്ട്.
പുതിയ തലമുറയിൽപെട്ടവർ നെയ്ത്ത് വേണ്ടെന്നു വയ്ക്കുന്നു. സർക്കാർ ഏജൻസികളുടെ ആവശ്യപ്രകാരം വസ്ത്രങ്ങൾ നെയ്യുന്നുണ്ടെങ്കിലും പണം സമയത്ത് കിട്ടാത്തതും വെല്ലുവിളിയാണ്.
കസവ് ഗുജറാത്തിൽനിന്ന്
പ്രകൃതിദത്തമായി പരുവപ്പെടുത്തിയെടുക്കുന്ന നൂലാണ് ബാലരാമപുരം കൈത്തറിക്കായി ഉപയോഗിക്കുന്നത്.
നൂൽ നനച്ച് കറകളഞ്ഞ് പ്രത്യേക റാട്ടിൽചുറ്റി പാവാക്കി മാറ്റുന്നു. ഇതു പിന്നീട് വലിച്ചുകെട്ടി അരിമാവിന്റെ പശചേർത്തു മിനുസപ്പെടുത്തും.
തുടർന്നാണു നെയ്ത്ത്. കൈത്തറിയിൽ മാത്രമേ യഥാർഥ കസവ് പൊട്ടിപ്പോകാതെ നെയ്തെടുക്കാൻ സാധിക്കൂ. സ്വർണവും വെള്ളിയും ചേർന്ന കസവ് ഗുജറാത്തിൽ നിന്നാണ് എത്തിക്കുന്നത്.
ഇതിനു വില വർധിച്ചതും തിരിച്ചടിയായി. 24 കാരറ്റ് സ്വർണം പൂശിയ കസവാണ് ബാലരാമപുരം കൈത്തറിയിലുള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]