മതിയായ ഫണ്ട് ലഭിക്കുകയെന്നത് വളരെ പ്രധാനമാണ്. പല ദേശസാൽകൃത / ഷെഡ്യൂൾഡ് ബാങ്കുകളും നൽകാൻ വേണ്ടത്ര ഉത്സാഹം കാണിക്കാറില്ല.
സ്ഥിരമായ ആസ്തികൾ പലപ്പോഴും പ്രോജക്ട് കോസ്റ്റിൽ ഉൾപ്പെടുന്നില്ലെന്നതാണു കാരണം. എയ്ഞ്ചൽ/ക്രൗഡ് ഫണ്ടിങ് എന്നിവയാണ് പ്രധാനമായും സംരംഭകരുടെ ധനാഗമ മാർഗം.
ഇതു കൂടാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകളും ഫണ്ട് നൽകുന്നുണ്ട്. സ്റ്റാർട്ടപ് സംരംഭകർക്ക് ലഭ്യമാകുന്ന പ്രധാന പദ്ധതികൾ ചുവടെ.
സീഡ് ഫണ്ട് സ്കീം
സ്റ്റാർട്ടപ്പിന്റെ സീഡ് ഫണ്ട് സ്കീമാണ് ഇതിൽ പ്രധാനം.
കേന്ദ്രസർക്കാർ വഴി നടപ്പാക്കിവരുന്ന പദ്ധതിയാണിത്. ആശയം, അസൽ മാതൃക, പ്രോജക്ട് ട്രയൽ, വിപണി തുടങ്ങി എല്ലാ ഘട്ടത്തിലും സാമ്പത്തിക സഹായം പദ്ധതി ഉറപ്പുവരുത്തുന്നു.
20 ലക്ഷം രൂപ വരെ ഒന്നാം ഘട്ടത്തിൽ ഗ്രാൻഡ് അനുവദിക്കും. ആശയം പ്രോട്ടോടൈപ്പ്, പ്രോഡക്ട് ടെസ്റ്റിങ് തുടങ്ങി ഉൽപന്നം വിപണിയിൽ എത്തിക്കാൻ തയാറാകുന്നതുവരെയുള്ള ആവശ്യങ്ങൾക്കാണു തുക അനുവദിക്കുക.
50 ലക്ഷം രൂപ വരെ രണ്ടാംഘട്ടമായി നൽകും.
ഡിബഞ്ചറുകൾ, കടം/ കടവുമായി ബന്ധപ്പെട്ടവ എന്ന രീതിയിലാണ് ആനുകൂല്യം നൽകുന്നത്. വാണിജ്യവൽക്കരണം, വിപണി പ്രവേശനം, ഉൽപാദനത്തോത് ഉയർത്തൽ എന്നിവയ്ക്കാണ് ആനുകൂല്യം ലഭിക്കുക.
സ്റ്റാർട്ടപ് ഇന്ത്യയുടെ വെബ്സൈറ്റിൽ കയറി സീഡ് ഫണ്ട് എന്ന ലിങ്ക് മുഖേന അപേക്ഷ സമർപ്പിക്കാം.
കെഎസ്ഐഡിസി
കെഎസ്ഐഡിസി സ്റ്റാർട്ടപ്പുകൾക്ക് നേരത്തെ നൽകി വന്നിരുന്ന പദ്ധതികൾ നിർത്തലാക്കി, സ്കെയിൽ അപ് അസിസ്റ്റൻസ് (ശേഷി ഉയർത്താനുള്ള സഹായം) എന്ന രീതിയിലുള്ള പദ്ധതിയാണ് ഇപ്പോൾ നടപ്പാക്കുന്നത്. കേരളത്തിൽ റജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ഒരു കോടി രൂപ വരെ (പദ്ധതി ചെലവിന്റെ 70% വരെ) വായ്പയായി നൽകുന്നു.
നാലുവർഷത്തേക്കാണ് വായ്പ. 50 ലക്ഷം രൂപ വരെ പ്രത്യേക സെക്യൂരിറ്റി ഇല്ലാതെ അനുവദിക്കും.
50 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയുള്ള വായ്പകൾക്കു സെക്യൂരിറ്റി നൽകേണ്ടതുണ്ട്. 7% വാർഷിക പലിശ.
സംരംഭകന്റെ വിഹിതം ഏറ്റവും കുറഞ്ഞത് 30% ആയിരിക്കും.
സ്റ്റാർട്ടപ് മിഷൻ
കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തികമായും സാങ്കേതികമായും പിന്തുണ നൽകുന്നു. ഐഡിയ ഗ്രാൻഡ് – 3 ലക്ഷം രൂപ, വിദ്യാർഥികൾക്കുള്ള ഐഡിയ ഗ്രാൻഡ് -2 ലക്ഷം രൂപ, വാണിജ്യവൽക്കരണത്തിന് 7 ലക്ഷം രൂപ, വിമൻ/ട്രാൻസ്ജെൻഡർ വിഭാഗത്തിന് 12 ലക്ഷം രൂപ, മാർക്കറ്റ് ആക്സിലറേഷൻ ഗ്രാൻഡ് പദ്ധതിയിൽ 10 ലക്ഷം രൂപ, സ്കെയിൽ അപ് ഗ്രാൻഡ് 15 ലക്ഷം രൂപ എന്നിങ്ങനെ നൽകിവരുന്നു.
ഇന്നവേഷൻ ഗ്രാൻഡ് പദ്ധതി പ്രകാരമാണ് ആനുകൂല്യം നൽകുന്നത്. ഗവേഷണവും വികസനവും എന്ന രീതിയിൽ 30 ലക്ഷം രൂപയുമുണ്ട്.
ഇതിന് 50% ഗ്രാൻഡ് ഹാർഡ്വെയർ ഉൽപന്നങ്ങൾക്ക് വിനിയോഗിക്കണം. സോഫ്റ്റ് ലോൺ എന്ന നിലയിൽ 6% പലിശയ്ക്ക് 15 ലക്ഷം രൂപ വരെ വനിതാ സ്റ്റാർട്ടപ്പുകൾക്ക് നൽകാൻ പദ്ധതിയുണ്ട്.
പർച്ചേസ് ഓർഡറിന്റെ 80% വരെ ഈ രീതിയിൽ വായ്പയായി ലഭിക്കും.
സീഡ് ഫണ്ട് എന്ന ഇനത്തിൽ 15 ലക്ഷം രൂപ 6% പലിശയിൽ അനുവദിക്കാനും കേരള സ്റ്റാർട്ടപ് മിഷനിൽ പദ്ധതിയുണ്ട്. സ്റ്റാർട്ടപ് മിഷൻ വെബ്സൈറ്റിലൂടെ അപേക്ഷ നൽകാം.
കേരള ഫിനാൻഷ്യൽ കോർപറേഷൻ
കേരള ഫിനാൻഷ്യൽ കോർപറേഷൻ ആശയം, ഉൽപാദനം, എന്നിവയ്ക്ക് 25 ലക്ഷം രൂപ വരെയും വാണിജ്യവൽക്കരണത്തിന് 50 ലക്ഷം രൂപ വരെയും, സ്കെയിൽ അപ് ചെയ്യുന്നതിന് ഒരു ലക്ഷം രൂപ വരെയുമാണ് വായ്പയായി അനുവദിക്കുന്നത്.
കേരളത്തിൽ തുടങ്ങി, യുണീക് ഐഡന്റിഫിക്കേഷൻ നേടിയിട്ടുള്ള എല്ലാ സ്ഥാപനങ്ങൾക്കും ഇതിന് അർഹതയുണ്ട്. പദ്ധതി ചെലവിന്റെ 90% വരെ ഇപ്രകാരം വായ്പയായി ലഭിക്കും.
5% പലിശ.
ഇതുകൂടാതെ മുദ്രയോജന, സ്റ്റാൻഡ്അപ് ഇന്ത്യ എന്നീ പദ്ധതികൾ വഴിയും സ്റ്റാർട്ടപ്പുകൾക്ക് വായ്പകൾ ലഭിക്കും. അതുപോലെ തന്നെ അടൽ ഇന്നവേഷൻ മെഷീൻ വഴിയും ഫണ്ട് ലഭ്യമാകും.
(സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടറാണു ലേഖകൻ) ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]