രാജ്യത്തെ പ്രമുഖ സ്വർണപ്പണയ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസിൽ സുപ്രധാന ഭരണഘടനാപരമായ മാറ്റങ്ങൾ വരുന്നു. കമ്പനിയുടെ നിലവിലെ ജോയിന്റ് മാനേജിങ് ഡയറക്ടറായ അലക്സാണ്ടർ ജോർജ് മുത്തൂറ്റ് പുതിയ മാനേജിങ് ഡയറക്ടറായി ചുമതലയേൽക്കും.
പരേതനായ മുൻ ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റിന്റെ ഇളയ മകനാണ് അദ്ദേഹം. കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗീകരിച്ച തീരുമാനപ്രകാരം, നിലവിലെ മാനേജിങ് ഡയറക്ടറായ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സ്ഥാനത്തേക്ക് മാറും.
നിലവിൽ എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായ കെ.ആർ.ബിജിമോനെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി (സിഇഒ) നിയമിക്കാനും ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്. ഒക്ടോബർ ഒന്ന് മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.
വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകളുടെ ഔദ്യോഗിക അനുമതി ലഭിക്കുന്ന മുറയ്ക്കായിരിക്കും നിയമനം പൂർത്തിയാകുക. ജോർജ് ജേക്കബ് മുത്തൂറ്റ് ആണ് നിലവിൽ ചെയർമാനായി തുടരുന്നത്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ജോർജ് അലക്സാണ്ടർ മുത്തൂറ്റിന്റെ നേതൃപാടവത്തിൽ മികച്ച വളർച്ചയാണ് കമ്പനി കൈവരിച്ചത്. 2026 ജൂൺ 30 വരെയുള്ള കണക്കുകൾ പ്രകാരം 1.91 ലക്ഷം കോടി രൂപയുടെ സംയോജിത വായ്പാ ആസ്തിയാണ് സ്ഥാപനത്തിനുള്ളത്.
2025-26 സാമ്പത്തിക വർഷത്തിൽ 10,606 കോടി രൂപയാണ് കമ്പനിയുടെ സംയോജിത ലാഭം. നിലവിൽ 7500ഓളം ശാഖകളും 50,000-ൽ അധികം ജീവനക്കാരും മുത്തൂറ്റ് ഫിനാൻസിനുണ്ട്.
1.25 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള മുത്തൂറ്റ് ഫിനാൻസ്, കേരളത്തിൽ നിന്ന് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ ഏറ്റവും വലിയ മൂല്യമുള്ള സ്ഥാപനം കൂടിയാണ്. ഒരു ലക്ഷം കോടി രൂപയെന്ന വിപണി മൂല്യം പിന്നിട്ട
ഏക കേരളാ കമ്പനിയും ഇത് തന്നെയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

