
സംസ്ഥാന സർക്കാർ സബ്സിഡി നൽകിയാൽ പോലും ഓണക്കാലത്തെ വർധിച്ച ആവശ്യം നികത്താൻ വെളിച്ചെണ്ണയ്ക്ക് പകരക്കാരനായ പാമോയിലിനെ ആശ്രയിക്കാനുള്ള സാധ്യതയേറുന്നു. മലേഷ്യയിൽ നിന്നുള്ള പാമോയില് ഇറക്കുമതി കൂടുന്നത് ഇതിന്റെ സൂചനയാണ്.
ഓണമെത്തുന്നതോടെ കൂടുതൽ പാമോയിൽ ഇറക്കുമതിക്കുള്ള നീക്കം നടക്കുന്നുമുണ്ട്.
മലേഷ്യൻ പാമോയിൽ കൗൺസിലിന്റെ കണക്കനുസരിച്ച് കഴിഞ്ഞ രണ്ട് മാസങ്ങളിൽ (മേയ്, ജൂൺ) 25 ലക്ഷം ടൺ പാമോയിൽ ഇന്ത്യയിലേക്ക് കയറ്റി അയച്ചിട്ടുണ്ട്. പാമോയിലിന് വെളിച്ചെണ്ണ, സൺഫ്ലവർ എണ്ണ എന്നിവയെക്കാൾ വില കുറവായതിനാൽ ഇറക്കുമതിക്കാർ പാമോയിൽ സംഭരണം വർധിപ്പിക്കുകയാണ്.
തിരിച്ചുവരവ് എളുപ്പമാകില്ല
കേരളീയർക്ക് വെളിച്ചണ്ണ കഴിഞ്ഞാൽ കൂടുതൽ സ്വീകാര്യത പാമോയിലാണ്.
കാലങ്ങളായി വെളിച്ചെണ്ണയെ കടത്തിവെട്ടി പാമോയിലിനായിരുന്നു കൂടുതൽ ഡിമാന്റ്. ഏതാനും വർഷം മുമ്പാണ് സ്ഥിതി മാറി വെളിച്ചണ്ണ വിപണി തിരിച്ചുപിടിച്ചത്.
വിലയിലുണ്ടായ കുറവായിരുന്നു അതിന്റെ പ്രധാന കാരണം. എന്നാലിപ്പോൾ വിലക്കയറ്റത്തെ തുടർന്ന് പാമോയിൽ വിപണി പിടിച്ചാൽ വെളിച്ചെണ്ണയ്ക്ക് തിരിച്ചുവരവ് അത്ര എളുപ്പമാകില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വില ഉയരുന്നു
കർഷകരെ പിന്തുണയ്ക്കാനാണ് സർക്കാർ വിവിധ ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ കഴിഞ്ഞ വർഷം ഉയർത്തിയത്.
ഇത് തൽക്കാലത്തേക്ക് കർഷകർക്ക് ഗുണമേകിയെങ്കിലും ഭക്ഷ്യ എണ്ണവില ക്രമേണ ഉയരുന്ന പ്രവണതയായിരുന്നു. തുടർന്ന് ഇറക്കുമതി നിയന്ത്രണം കുറയ്ക്കേണ്ടിയും വന്നു.
നാളികേര ഉൽപ്പാദനം കുറഞ്ഞത് വെളിച്ചെണ്ണയ്ക്ക് കൂടുതൽ തിരിച്ചടിയായി.
ഓണക്കാലത്ത് വെളിച്ചെണ്ണ ലീറ്ററിന് 349 രൂപയ്ക്കും അര ലീറ്റർ 179 രൂപയ്ക്കും സപ്ലൈകോ വിൽപനശാലകൾ വഴി ലഭ്യമാക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. സബ്സിഡിയില്ലാത്ത വെളിച്ചെണ്ണ ലീറ്ററിന് 429 രൂപയ്ക്കും അര ലീറ്റർ 219 രൂപയ്ക്കുമാണ് ലഭിക്കുയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. പൊതു വിപണിയിൽ 480 രൂപ വരെയാണ് ലീറ്ററിന് നിലവിൽ വില.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]