രാജ്യത്തെ എണ്ണ വിതരണ കമ്പനികളെ പ്രതിസന്ധിയിലാക്കി ക്രൂഡ് ഓയില്‍ വില കുതിക്കുന്നു. ഇറക്കുമതി ചെലവ് വർധിച്ചതോടെ വലിയ നഷ്ടത്തിലാണ് കമ്പനികളുടെ പ്രവർത്തനം.
രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂടാതിരിക്കാൻ കേന്ദ്ര സർക്കാർ കഴിഞ്ഞ ആഴ്ച എക്സൈസ് ഡ്യൂട്ടി കുറച്ചിരുന്നു. എന്നാല്‍ ഇതുകൊണ്ടും നഷ്ടം നികത്താൻ എണ്ണക്കമ്പനികൾക്ക് കഴിഞ്ഞിട്ടില്ല.
ഫലത്തിൽ ഇന്ധന വില കൂട്ടാൻ ഇവർ നിർബന്ധിതരായേക്കും.
അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ വില വർധിപ്പിക്കാതെ നികുതി കുറയ്ക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. പെട്രോളിന്റേത് മൂന്ന് രൂപയും ഡീസലിന്റേത് 10 രൂപയുമാണ് കുറച്ചത്.
എന്നാൽ ഇതുകൊണ്ടു മാത്രം എണ്ണക്കമ്പനികളുടെ നഷ്ടം നികത്താൻ കഴിയില്ലെന്നാണ് സാമ്പത്തിക സ്ഥാപനമായ നൊമൂറയുടെ വിലയിരുത്തൽ.
എക്സൈസ് നികുതി ഇളവിന് ശേഷവും എണ്ണ കമ്പനികളുടെ പ്രവര്‍ത്തന ലാഭം നെഗറ്റീവായി തുടരാനാണ് സാധ്യതയെന്ന് നൊമൂറയുടെ റിപ്പോർട്ടിൽ പറയുന്നു. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നിട്ടും രാജ്യത്തെ ഇന്ധന വില മാറാത്തതാണ് പ്രധാന തിരിച്ചടി.
30–40 രൂപ വരെ നഷ്ടം സഹിച്ചാണ് ഇന്ത്യയിലെ പല നഗരങ്ങളിലും ഒരു ലീറ്റർ പെട്രോൾ വില്‍ക്കുന്നത്. നികുതി കുറച്ചതിനു ശേഷവും കമ്പനികളുടെ സാമ്പത്തിക നില മെച്ചപ്പെട്ടില്ലെന്നതിന്റെ തെളിവാണ് ഇതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അധിക എക്സൈസ് നികുതി വെട്ടിക്കുറച്ചത് കമ്പനികൾക്ക് സഹായമായിട്ടുണ്ട്. എന്നാൽ രാജ്യാന്തര വിപണിയിലെ ക്രൂഡ് വില വർധന കണക്കിലെടുത്താൽ ഇത് വളരെ പരിമിതമാണ്.
എണ്ണക്കമ്പനികളുടെ മൊത്തത്തിലുള്ള ബിസിനസ് പരിഗണിച്ചാൽ ചില കമ്പനികള്‍ ബ്രേക്ക് ഈവനിൽ (നഷ്ടവും ലാഭവും ഇല്ലാത്ത അവസ്ഥ) എത്തുമെന്നും റിപ്പോർട്ട് പറയുന്നു.
എല്ലാ വിഭാഗത്തിലുമുള്ള ബിസിനസ് കണക്കിലെടുത്താൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ മെച്ചപ്പെട്ട നിലയിലാണ്.
ഹിന്ദുസ്ഥാൻ പെട്രോളിയം നഷ്ടത്തിൽത്തന്നെ തുടരുകയാണ്. രാജ്യത്തെ എണ്ണവില രാജ്യാന്തര വിലയ്ക്ക് തുല്യമാകുന്നതു വരെ എണ്ണ വിതരണ കമ്പനികളുടെ പ്രവർത്തന ലാഭം നെഗറ്റീവായി തുടരുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
വില വർധന ഉടൻ?
അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതും ക്രൂഡ് ഓയിൽ വില വർധിക്കുന്നതും കണക്കിലെടുത്ത് രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ കൂടുതല്‍ വർധനയുണ്ടാകുമെന്ന് ഉറപ്പാണ്.
സ്വകാര്യ കമ്പനിയായ ‘നയാര’ ഇതിനോടകം തന്നെ വില കൂട്ടി. അധിക നികുതി വേണ്ടെന്ന് വച്ച് താൽകാലിക പരിഹാരം കണ്ടെത്താൻ സർക്കാരിന് കഴിയുമെങ്കിലും വില ഉയർത്താതെ വഴിയില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വില വർധനയുണ്ടാകുമെന്നും ഇവർ പറയുന്നു. എന്നാൽ ക്രൂഡ് ഓയില്‍ വില 140 ഡോളറിലെത്തിയാൽ മാത്രമേ വില വര്‍ധിപ്പിക്കൂ എന്നാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

