യുദ്ധം അവസാനിപ്പിക്കാൻ ‘ആഗ്രഹമുണ്ടെന്ന്’ അറിയിച്ച് ഇറാനിയൻ പ്രസിഡന്റ് പെസെഷ്കിയാൻ. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിലും ആക്രമണങ്ങൾ നിർത്താൻ തയാറെന്ന് യുഎസ് പ്രസിഡന്റ് ട്രംപ്.
ഒടുവിൽ, ഇറാനും യുഎസിനും ‘ഏതാണ്ട് ഒരേ ശബ്ദം’ ആയതോടെ എണ്ണവില താഴാൻ തുടങ്ങി. ഓഹരി വിപണികളും സ്വർണവിലയും കുതിച്ചുകയറ്റവും ആരംഭിച്ചു.
കുതിച്ചുകയറി ഓഹരിയും സ്വർണവും, ഇടിഞ്ഞ് എണ്ണവില
യുദ്ധം നിർത്താൻ ‘റെഡി’ എന്ന് ട്രംപും ഇറാനും വ്യക്തമാക്കിയതിന് പിന്നാലെ യുഎസ് ഓഹരി വിപണികൾ കുതിച്ചുകയറി.
ഏഷ്യൻ, ഇന്ത്യൻ വിപണികൾക്കും ഇത് വലിയ ആവേശം പകരും. യുഎസിൽ ഡൗ ജോൺസ് മുന്നേറിയത് 1125 പോയിന്റാണ് (2.5%).
എസ് ആൻഡ് പി500 സൂചിക 2.91%, നാസ്ഡാക് 3.81% എന്നിങ്ങനെയും മുന്നേറി. ∙ ടെക് നേട്ടം:
യുദ്ധം തുടങ്ങിയതിൽപ്പിന്നെ സമ്മർദത്തിലായിരുന്ന എൻവിഡിയെ (+5.6%), മൈക്രോസോഫ്റ്റ് (+3.1%) തുടങ്ങിയ ടെക് കമ്പനികൾ നേട്ടം തിരിച്ചുപിടിച്ചതും ഓഹരി വിപണിക്ക് ഗുണം ചെയ്തു.
∙ എണ്ണ ഇടിവ്:
യുദ്ധം വൈകാതെ അവസാനിച്ചേക്കുമെന്ന വിലയിരുത്തൽ എണ്ണവിലയെ താഴ്ത്തിയതും വിപണിക്ക് ആശ്വാസമായി.
ബ്രെന്റ് ക്രൂഡ് വില ബാരലിന് 3.18% താഴ്ന്ന് 104 ഡോളറിലാണ് രാവിലെയുള്ളത്. ഡബ്ല്യുടിഐ (യുഎസ് ക്രൂഡ്) വില 0.69% മാത്രം ഉയർന്ന് 102.1 ഡോളറിലും നിൽക്കുന്നു.
∙ സ്വർണക്കയറ്റം:
രാജ്യാന്തര സ്വർണവില പക്ഷേ, എണ്ണവില ഇടിവിന്റെയും ‘ഡിപ്-ബയിങ്ങിന്റെയും’ (സ്വർണവില കുറഞ്ഞതു മുതലെടുത്തുള്ള വാങ്ങിക്കൂട്ടൽ) കരുത്തിൽ കത്തിക്കയറി.
രാവിലെയുള്ളത് 146.37 ഡോളർ ഉയർന്ന് ഔൺസിന് 4,674.12 ഡോളറിൽ. കേരളത്തിലും ഇന്ന് രാവിലെ വില കൂടുമെന്ന സൂചന ഇതു നൽകുന്നു.
ഇറാന്റെ കണ്ടിഷനുകളും ട്രംപിന്റെ വാദവും
അപ്പോഴും പക്ഷേ, ആശങ്കയുടെ കാർമേഘം പഴയപടി നിലയുറപ്പിച്ചിരിക്കുകയാണ്.
ഇറാന് ചില കണ്ടിഷനുകളുണ്ട്. അതൊക്കെ അംഗീകരിച്ചാലേ വെടിനിർത്തൂ.
ഒന്ന്, ഇറാന്റെ അവകാശങ്ങളും പരമാധികാരവും അംഗീകരിക്കണം. രണ്ട്, ആക്രമണത്തിലൂടെ ഇറാനുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണം.
മൂന്ന്, ഇനിയും ആക്രമണമെന്നും പറഞ്ഞ് ഇറാന്റെ വഴിക്ക് വരരുത്.
ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് യുഎസിന്റെ ആവശ്യമല്ലെന്നും അതുപയോഗിക്കുന്ന രാജ്യങ്ങളാണ് അതിനായി ശ്രമിക്കേണ്ടതെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ‘‘ഞങ്ങളുടെ സൈന്യം ദീർഘകാലം അവിടെ തുടരില്ല.
ഇറാന്റെ ശക്തി ക്ഷയിച്ചുകഴിഞ്ഞു. ഇനി എന്തെങ്കിലും ശക്തി അവർക്ക് അവശേഷിക്കുന്നുണ്ടെങ്കിൽ അതുകൂടി തീർത്തശേഷം യുഎസ് സൈന്യം മടങ്ങും’’ – ട്രംപ് പറഞ്ഞു.
ആപ്പിളിനും മെറ്റയ്ക്കും ഇറാന്റെ ഭീഷണി
അതേസമയം, ഇനിയും ഇറാന്റെ നേതാക്കളെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്നത് തുടർന്നാൽ യുഎസ് ടെക് ഭീമന്മാരായ ആപ്പിൾ, മെറ്റ, ഗൂഗിൾ തുടങ്ങിയവയെ ആക്രമിക്കുമെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ് കോർ (ഐആർജിസി) ഭീഷണി മുഴക്കി.
എച്ച്പി, ഐബിഎം, ഇന്റൽ, ടെസ്ല, എൻവിഡിയ, ഓറക്കിൾ, ജെപി മോർഗൻ, ബോയിങ്, സിസ്കോ തുടങ്ങിയവയും ഇറാന്റെ പട്ടികയിലുണ്ട്. ഇറാനെതിരായ യുദ്ധത്തിന് സാങ്കേതികമായി ഉൾപ്പെടെ സഹായം നൽകുന്നത് ഈ കമ്പനികളാണെന്നാണ് ഐആർജിസിയുടെ ആരോപണം.
പേടിപ്പിക്കേണ്ടെന്ന് ട്രംപ്
എന്നാൽ, ആ ഭീഷണി വേണ്ടെന്നും എന്തും നേരിടാൻ സജജ്മായി യുഎസ് സൈന്യം മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നും യുഎസ് തിരിച്ചടിച്ചു.
ഇതിനിടെ തുർക്കിക് നേരെ മിസൈലുകൾ അയച്ചത് ഇറാനല്ലെന്നും ഇക്കാര്യത്തിൽ സംയുക്ത അന്വേഷണത്തിന് തയാറാണെന്നും വ്യക്തമാക്കി ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി രംഗത്തുവന്നു.
ഇടപെട്ട് ചൈനയും പാക്കിസ്ഥാനും
ഇതിനിടെ യുദ്ധം അതിവേഗം അവസാനിപ്പിക്കാനായി ചൈനയും പാക്കിസ്ഥാനും 5 നിബന്ധനകളുമായി മുന്നോട്ടുവന്നിട്ടുണ്ട്. ഒന്ന്, കൂടുതൽ നാശനഷ്ടം ഒഴിവാക്കാനായി ഉടൻ വെടിനിർത്തുക.
രണ്ട്, ഇറാന്റെയും ഗൾഫ് രാഷ്ട്രങ്ങളുടെയും പരമാധികാരം മാനിക്കപ്പെടണം. സുരക്ഷ ഉറപ്പാക്കണം.
ഇതിനായി ഉടൻ സമാധാന ചർച്ച ആരംഭിക്കണം.
മൂന്ന്, സൈനികേതര പദ്ധതികളെ ആക്രമിക്കുന്നത് നിർത്തണം. ഊർജ പദ്ധതികൾക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണം.
നാല്, ഹോർമുസിൽ കപ്പലുകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കണം. അഞ്ച്, മേഖലയിൽ ദീർഘകാല സമാധാനം ഉറപ്പാക്കാൻ യുഎൻ ഇടപെടണം.
പാക്കിസ്ഥാൻ വേണ്ടെന്ന് ഇറാൻ, യുഎസിന് നിലപാടില്ല!
സമാധാന ചർച്ചയ്ക്ക് മധ്യസ്ഥത വഹിക്കാനുള്ള പാക്കിസ്ഥാന്റെ താൽപ്പര്യത്തെ പിന്തുണയ്ക്കുമെന്ന് ചൈന വ്യക്തമാക്കി.
എന്നാൽ, പാക്കിസ്ഥാൻ മധ്യസ്ഥരാകുന്നതിനോട് താൽപ്പര്യമില്ലെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. യുഎസുമായി നേരിട്ട് ചർച്ചയില്ലെന്ന നിലപാടും ഇറാൻ മാറ്റിയിട്ടില്ല.
അടിക്കടി നിലപാട് മാറ്റുന്ന യുഎസുമായി ഇനി ചർച്ചയില്ലെന്ന് മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ പറഞ്ഞിരുന്നു.
ഫ്രാൻസിനെതിരെ ട്രംപ്, ‘മറക്കില്ല ഞങ്ങൾ’
ഇതിനിടെ, ഇറാനെതിരായ ആക്രമണത്തിന് വ്യോമപാത ഉൾപ്പെടെ അനുവദിക്കാത്ത യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ ആഞ്ഞടിച്ച് ട്രംപ് രംഗത്തുവന്നു. യുകെ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് യുഎസ് സൈന്യത്തിന് വ്യോമതാവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു.
റൊമേനിയയും അനുവദിച്ചു. ഫ്രാൻസ്, പോർച്ചുഗൽ, സ്പെയിൻ എന്നിവ വിമുഖത കാട്ടി.
‘‘ഫ്രാൻസ് ഒട്ടും സഹകരിച്ചില്ല. ഇക്കാര്യം യുഎസ് എപ്പോഴും ഓർത്തുവയ്ക്കും’’ – ട്രംപ് പറഞ്ഞു.
ഹോർമുസ് കടലിടുക്ക് തുറക്കാൻ പിന്തുണയ്ക്കാത്ത യുകെയെയും ട്രംപ് വിമർശിച്ചു.
‘‘ഇനി നിങ്ങളെ സഹായിക്കാൻ യുഎസ് വരില്ല. നിങ്ങൾക്കുവേണ്ടി എങ്ങനെ പോരാടണമെന്ന് നിങ്ങൾതന്നെ പഠിക്കൂ.
നിങ്ങൾക്ക് എണ്ണ വേണമെങ്കിൽ നിങ്ങൾതന്നെ ശ്രമിക്കണം. അല്ലെങ്കിൽ മറ്റൊരു വഴിയുണ്ട്.
ഞങ്ങളുടെ കൈയിൽ ഇഷ്ടംപോലെ എണ്ണയുണ്ട്. അത് വാങ്ങൂ’’ – ട്രംപ് പറഞ്ഞു.
Updating… … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

