രാജ്യാന്തര തലത്തിൽ നിക്ഷേപകരെ ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നു. ഇന്ത്യയിലേക്ക് തിരിക്കാനിരുന്ന ഇറാനിയൻ വിമാനം യുഎസ് ആക്രമണത്തില്‍ തകർന്നെന്ന് റിപ്പോർട്ട്.
പകരം ദുബായ് തുറമുഖത്ത് കുവൈത്തി എണ്ണ ടാങ്കറിന് നേരെ ഇറാനും ആക്രമണം നടത്തി. ഇറാനെ കരമാർഗത്തിലൂടെ ആക്രമിക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടുതൽ യുഎസ് സൈനികർ പശ്ചിമേഷ്യയില്‍ എത്തിയിട്ടുണ്ട്.
ഇതും നിക്ഷേപകരുടെ ആശങ്ക വർധിപ്പിച്ചു.
അതേസമയം, ഹോർമുസിൽ പരിഹാരമുണ്ടായില്ലെങ്കിലും ഇറാൻ യുദ്ധം അവസാനിപ്പിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ഹോർമുസ് തുറക്കാനുള്ള ശ്രമങ്ങൾ യുദ്ധം വീണ്ടും രൂക്ഷമാക്കുമെന്ന നിലപാടിലാണ് ട്രംപ്.
യുദ്ധം അവസാനിപ്പിക്കുമെന്ന വാർത്ത നിക്ഷേപകർക്ക് ആശ്വാസം നൽകുന്നതാണ്. യുദ്ധം അവസാനിപ്പിക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ അമേരിക്കൻ ഓഹരി ഫ്യൂച്ചറുകൾ നേട്ടത്തിലായി.
എന്നാല്‍ യുഎസ് പിന്മാറിയാൽ ഹോർമുസിൽ ഇറാന്റെ നിയന്ത്രണം ഇനിയും വർധിക്കും.
ഫെബ്രുവരി 28ന് ശേഷം ഇറാൻ യുദ്ധം അവസാനിക്കാൻ പോകുന്നുവെന്ന് 12ലധികം തവണയാണ് ട്രംപ് അവകാശപ്പെട്ടത്. യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നിലപാട്.
യുഎസ് സമാധാന നീക്കങ്ങളോട് ഇറാനും ഇതുവരെ പോസിറ്റീവായി പ്രതികരിച്ചിട്ടില്ല.
ഡീലിൽ എത്തിയില്ലെങ്കിൽ ഇറാനിലെ എണ്ണപ്പാടങ്ങൾ തകർക്കുമെന്നും ഖാർഗ് ദ്വീപ് പിടിച്ചടക്കുമെന്നും ട്രംപ് ഇന്നലെ ഭീഷണിപ്പെടുത്തിയിരുന്നുന്നു. പിന്നാലെ ക്രൂഡ് ഓയില്‍ കുതിച്ചു.
രാജ്യാന്തര വിപണിയിൽ ഡബ്ല്യുടിഐ ക്രൂഡ് ഓയില്‍ 2022ന് ശേഷം ബാരലിന് 100 ഡോളർ കടന്നു.
കനത്ത ഇടിവ്
ഇന്നലെ ഇന്ത്യൻ ഓഹരി വിപണിയിൽ അനുഭവപ്പെട്ടത് കനത്ത വിൽപന സമ്മർദമായിരുന്നു. ഇരുസൂചികകളും രണ്ടു ശതമാനത്തിലേറെ ഇടിഞ്ഞു.
സെൻസെക്സ് 1,636 പോയിന്റ് നഷ്ടത്തിൽ 71,948ലെത്തി. 2024 ഫെബ്രുവരി 14ന് ശേഷം ഏറ്റവും താഴ്ന്ന നിലയാണിത്.
നിഫ്റ്റിയാകട്ടെ 488 പോയിന്റ് ഇടിഞ്ഞ് 22,231ലുമെത്തി. 2025 ഏപ്രിൽ ഏഴിന് ശേഷം ഇത്ര താഴ്ചയിൽ എത്തുന്നത് ഇതാദ്യം.
എല്ലാ മേഖലകളിലും ഇന്നലെ വിൽപന സമ്മർദം പ്രകടമായിരുന്നു. ഇന്ന് മഹാവീർ ജയന്തിയെ തുടർന്ന് ഓഹരി വിപണി അവധിയിലാണ്.
മാർച്ചില്‍ വിപണി നേരിട്ടത് 2020 മാർച്ചിൽ കോവിഡിന് പിന്നാലെയുണ്ടായ ഇടിവിനേക്കാൾ മോശം പ്രകടനം.
പശ്ചിമേഷ്യയിലെ യുദ്ധം ക്രൂഡ് ഓയിൽ വില കുത്തനെ ഉയർത്തിയിരുന്നു. ഇതോടെ ഇന്ത്യയുടെ വളർച്ചാ സാധ്യത മങ്ങുകയും പണപ്പെരുപ്പ ഭീഷണി വർധിക്കുകയും ചെയ്തു.
ഇതാണ് വിപണി കുത്തനെ ഇടിയാൻ കാരണമെന്നാണ് വിലയിരുത്തൽ.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യത്തില്‍ വലിയ ഇടിവുണ്ടായി. ഇറാനിൽ യുഎസ് – ഇസ്രയേൽ ആക്രമണമുണ്ടാകുന്നതിന് തൊട്ടുമുമ്പുള്ള വ്യാപാര ദിനത്തിൽ കമ്പനികളുടെ വിപണി മൂല്യം 463 ലക്ഷം കോടി രൂപയായിരുന്നു.
ഇന്നലെ ഇത് 412 ലക്ഷം കോടി രൂപയിലെത്തി. ഉണ്ടായ നഷ്ടം 51 ലക്ഷം കോടി.
മാർച്ചിൽ വിദേശ നിക്ഷേപകർ 1.12 ലക്ഷം കോടി രൂപ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ചതായും കണക്കുകൾ പറയുന്നു.
യുഎസ് വിപണി ഇന്നലെ ചാഞ്ചാട്ടത്തിലായിരുന്നു. എസ് ആൻഡ് പി 0.39 ശതമാനവും നാസ്ഡാക് സൂചിക 0.73 ശതമാനവും നഷ്ടത്തിലായി.
എന്നാൽ ഡോ സൂചിക 0.11 ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ പ്രധാന യൂറോപ്യൻ ഓഹരി സൂചികകൾ ഇന്നലെ നേട്ടത്തിലായിരുന്നു.
ഇന്ന് ഏഷ്യൻ വിപണികൾ സമ്മിശ്രമായാണ് പ്രതികരിക്കുന്നത്.
ദക്ഷിണ കൊറിയൻ വിപണിയായ കോസ്പി 1.5 ശതമാനത്തോളം നഷ്ടത്തിലായി. എന്നാൽ നിക്കെയ്, ഹോങ്കോങ്, ഷാൻഹായ് സൂചികകൾ നേട്ടത്തിലാണ്.
കുതിക്കാൻ സ്വര്‍ണം
യുദ്ധത്തിന്റെ ആഘാതം ക്രൂഡ് ഓയിലിൽ മാത്രം ഒതുങ്ങില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
പശ്ചിമേഷ്യയിലെ അലുമിനിയം നിർമാണ കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ അലുമിനിയം വില കുതിച്ചു.
നാല് വർഷത്തെ ഉയർന്ന നിരക്കിലെത്തി. വിപണിയിൽ ലഭ്യത കുറവുണ്ടാകുമെന്ന ആശങ്കയിലാണ് നിക്ഷേപകർ.
ഇന്ന് സ്വർണവും മുന്നോട്ടാണ്. നിലവില്‍ 2 ശതമാനത്തോളം നേട്ടത്തിൽ ഔൺസിന് 4,588 ഡോളറെന്ന നിലയിലാണ് സ്വർണവില.
ക്രൂഡ് ഓയിൽ വില വർധിച്ചത് പണപ്പെരുപ്പ ഭീഷണിയും കൂട്ടിയിട്ടുണ്ട്. ഇതോടെ കേന്ദ്രബാങ്കുകൾ അടിസ്ഥാന പലിശ നിരക്കിൽ കുറച്ചേക്കില്ലെന്നാണ് വിലയിരുത്തൽ.
അത് സ്വർണത്തിന് നല്ലതല്ല. എന്നാൽ തൽകാലം പലിശ നിരക്കിൽ മാറ്റം വരുത്തില്ലെന്നാണ് ഫെഡ് ചെയര്മാൻ ജെറോം പവലിന്റെ നിലപാട്.
ഇതോടെ ഇടിവ് മുതലെടുത്ത് സ്വർണത്തിൽ നിക്ഷേപിക്കാൻ കൂടുതൽ പേർ തയാറാവുകയായിരുന്നു.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രങ്ങൾ ചിത്രം Whitehouse, X.com /Prime Minister of Israel, Ayatollah Mojtaba Khamenei എന്നിവിടങ്ങളിൽ നിന്ന് എടുത്തതാണ്)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

