
ഇന്നും ഭേദപ്പെട്ട തുടക്കം സ്വന്തമാക്കിയ ഇന്ത്യൻ വിപണി തിരിച്ചു വരവിന്റെ ലക്ഷണങ്ങൾ കാണിച്ചെങ്കിലും മുന്നേറാനാകാതെ നഷ്ടം കുറിച്ചു. എച്ച്ഡിഎഫ്സി ബാങ്കിന്റെയും ബജാജ് ഫിൻസെർവിന്റെയും എച്ച്സിഎൽ ടെക്കിന്റെയും 3%ൽ കൂടുതൽ വീഴ്ചകളും ഇൻഫോസിസിന്റെയും ടിസിഎസിന്റെയും ഐസിഐസി ബാങ്കിന്റെയും മൂന്ന് ശതമാനത്തിനടുത്ത് വീഴ്ചകളുമാണ് ഇന്ത്യൻ വിപണിയെ തകർത്തത്.
നിഫ്റ്റി 23,565 പോയിന്റ് വരെ മുന്നേറിയ ശേഷം 353 പോയിന്റുകൾ തകർന്ന് 23165 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 1390 പോയിന്റുകൾ നഷ്ടമാക്കി 76,024 പോയിന്റിലും ക്ളോസ് ചെയ്തു.
ഫിനാൻഷ്യൽ സർവീസസ്, ഐടി, റിയൽറ്റി, കൺസ്യൂമർ സെക്ടറുകൾ 2%ൽ കൂടുതൽ വീണപ്പോൾ നിഫ്റ്റി ബാങ്ക്, നിഫ്റ്റി മിഡ് ക്യാപ്, നിഫ്റ്റി-500, നിഫ്റ്റി നെക്സ്റ്റ്-50 സൂചികളും ഇന്ന് ഓരോ ശതമാനത്തിൽ കൂടുതൽ വീണു. ഓയിൽ&ഗ്യാസ് മാത്രമാണ് ഇന്ന് ഇന്ത്യൻ വിപണിയിൽ നേട്ടമുണ്ടാക്കിയത്.
വാഹന വില്പന
അശോക് ലൈലാൻഡും, ടിവിഎസ് മോട്ടോഴ്സും അടക്കമുള്ള കമ്പനികളുടെ മാർച്ചിലെ വിൽപന നേട്ടം ഓഹരികൾക്ക് അനുകൂലമായി. മാരുതി മുൻവർഷത്തിൽ നിന്നും 3% വളർച്ചയോടെ 192,984 കാറുകളാണ് മാർച്ചിൽ വില്പന നടത്തിയത്. അതേ സമയം അശോക് ലെയ്ലാൻഡ് 6% വളർച്ചയോടെ 24050 വാഹനങ്ങളും വില്പന നടത്തി. എം&എം മാർച്ചിൽ 23% വില്പന വർധന കുറിച്ചപ്പോൾ വിഎസ്ടി റ്റില്ലേഴ്സിന്റെ വാർഷിക വില്പന വളർച്ച 63% ആണ്.
ടിവിഎസ് മോട്ടോഴ്സ് മാർച്ചിൽ മുൻ വർഷത്തിൽ നിന്നും 17% വില്പന വർധനവ് നേടി.
ഐടി, ഫാർമ, ഓട്ടോ
അമേരിക്കൻ താരിഫ് പ്രഖ്യാപനങ്ങൾ നടക്കാനിരിക്കെ ഐടി, ഫാർമ സെക്ടറുകൾ ഇന്നും 2%ൽ കൂടുതൽ വീണു. ഇന്ത്യൻ ഐടി, ഫാർമ സെക്ടറുകളെയും ട്രംപ് താരിഫ് ലക്ഷ്യം വച്ചേക്കാമെന്ന ഭയമാണ് ഇരു സെക്ടറുകൾക്കും കെണിയാകുന്നത്.
അമേരിക്കൻ താരിഫിന് മുൻപ് തന്നെ ടെസ്ലക്ക് വഴിയൊരുക്കാനായി വാഹന ഇറക്കുമതി തീരുവയിൽ ഇന്ത്യ ഇളവനുവദിച്ചേക്കാനുള്ള സാധ്യത വാഹന വില്പനക്കണക്കുകളുടെ പിന്തുണയിൽ ഇന്ന് വലിയ നഷ്ടമൊഴിവാക്കിയ ഓട്ടോ സെക്ടറിന് ഭീഷണിയാണ്.
അമേരിക്കൻ താരിഫുകൾ നയിക്കും
അമേരിക്ക റെസിപ്രോക്കൽ താരിഫുകൾ നാളെ പ്രഖ്യാപിക്കാനിരിക്കെ തിങ്കളാഴ്ച്ച ഏഷ്യൻ, യൂറോപ്യൻ വിപണികൾ വലിയ വില്പന സമ്മർദ്ദം നേരിട്ടെങ്കിലും ഏഷ്യൻ വിപണികൾക്ക് പിന്നാലെ യൂറോപ്യൻ വിപണികളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഇന്നലെ 4% നഷ്ടം കുറിച്ച ജാപ്പനീസ് വിപണി ഇന്ന് ഫ്ലാറ്റ് ക്ളോസിങ് നടത്തിയപ്പോൾ കൊറിയൻ വിപണി ഒന്നര ശതമാനത്തിൽ കൂടുതൽ നേട്ടമുണ്ടാക്കി. മികച്ച യൂറോ സോൺ സിപിഐ, തൊഴിലില്ലായ്മ നിരക്കുകളുടെ പിന്തുണയിൽ യൂറോപ്യൻ വിപണികളെല്ലാം നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
ഏപ്രിൽ രണ്ടെന്ന അമേരിക്കൻ താരിഫ് തീയതി നാളെയാണെന്നിരിക്കെ അമേരിക്കൻ സൂചിക ഫ്യൂച്ചറുകൾ വീണ്ടും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഇന്നലെ വലിയ തകർച്ചയോടെ തുടങ്ങിയ അമേരിക്കൻ വിപണി തിരിച്ചു കയറി നഷ്ടം ഒഴിവാക്കിയിരുന്നു.
രൂപ
അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ 85.59/- നിരക്കിലാണ് വ്യാപാരം തുടരുന്നത്. ട്രംപ് താരിഫുകൾ ഡോളറിന് കൂടുതൽ ക്ഷീണം നൽകിയേക്കാമെന്നതും, അടുത്ത ആഴ്ചയിലെ ആർബിഐയുടെ യോഗവും രൂപക്ക് പ്രതീക്ഷയാണ്.
സ്വർണം റെക്കോർഡിൽ
അമേരിക്കൻ താരിഫ് ഭയം സ്വർണത്തിന് വീണ്ടും പുത്തൻ റെക്കോർഡ് ഉയരം നൽകി. ഔൺസിന് 3177 ഡോളർ എന്ന ഉയരം കുറിച്ച സ്വർണ അവധി 3160 ഡോളറിലാണ് വ്യാപാരം തുടരുന്നത്. സ്വർണം 3500 ഡോളറിലേക്ക് കുതിച്ചുയർന്നാലും അതിശയിക്കാനില്ലെന്നാണ് യൂബിഎസിന്റെ പക്ഷം.
ക്രൂഡ് ഓയിൽ
റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് മേൽ പുതിയ താരിഫുകൾ കൂടി ട്രംപ് സൂചിപ്പിച്ചത് ക്രൂഡ് ഓയിലിന് ഇന്ന് വീണ്ടും മുന്നേറ്റം നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ വില 75 ഡോളർ കുറിച്ചു.
ഏപ്രിൽ മുതൽ ക്രൂഡ് ഓയിൽ ഉത്പാദനം വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ള ഒപെകിന്റെ യോഗം ഈയാഴ്ച നടക്കാനിരിക്കുന്നതും പ്രധാനമാണ്.
ഇലക്ട്രോണിക്സ് നിക്ഷേപം
ഇന്ത്യൻ ഇലക്ട്രോണിക്സ് കമ്പനികൾ കാമറയും, ഡിസ്പ്ലേ പാനലുകളും അടക്കമുള്ള ഘടകങ്ങളുടെ ഇറക്കുമതി ഒഴിവാക്കാനായി ഇന്ത്യയിൽ തന്നെ കൂടുതൽ നിക്ഷേപങ്ങൾ നടത്തുന്നത് തത്കാലം ഇലക്ട്രോണിക്സ് നിർമാണ കമ്പനികളുടെ ബുക്കുകൾക്ക് ക്ഷീണമായേക്കാം. കമ്പനികൾ 1000 കോടി വരെ ഘടക നിർമാണത്തിനായി ചെലവഴിക്കുന്നതും, പിഎൽഐ സ്കീം പ്രകാരം 22919 കോടി രൂപ അനുവദിച്ചതും ഇലക്ട്രോണിക്സ് ഘടകങ്ങൾക്കായി ചൈനയെ ആശ്രയിക്കുന്നതിന് ഒരു പരിധി വരെ തടയിട്ടേക്കാം.
ഐഡിയ
സർക്കാരിന് കിട്ടാനുള്ള 36950 കോടി രൂപ കൂടി ഓഹരികളാക്കി മാറ്റിയതിലൂടെ വോഡഫോൺ ഐഡിയയിൽ കേന്ദ്രസർക്കാറിന്റെ ഓഹരി പങ്കാളിത്തം 22.6%ൽ നിന്നും 48.99% ആയി. വാർത്തയെ തുടർന്ന് ഐഡിയയുടെ ഓഹരി വില 20%ൽ കൂടുതൽ മുന്നേറ്റം നേടി.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക