വ്യവസായ, വാണിജ്യ മേഖലകൾ മാത്രമല്ല ജനങ്ങളാകെത്തന്നെ അനുഭവിക്കുന്നത് വായ്പ നിരക്കുകളുടെ ഉയർന്ന നിരക്കു മൂലമുള്ള അധിക ബാധ്യത.  കഴിഞ്ഞ സാമ്പത്തിക വർഷം റിസർവ് ബാങ്ക് (ആർബിഐ) 0.25% ഇളവു പ്രഖ്യാപിച്ചെങ്കിലും അതിന്റെ പൂർണമായ നേട്ടം ഇടപാടുകാരിലേക്ക് എത്തിയിട്ടില്ലെന്ന യാഥാർഥ്യം നിലനിൽക്കുന്നു.

അഞ്ചു വർഷത്തിനു ശേഷമുണ്ടായ ഇളവാകട്ടെ തീർത്തും അപര്യാപ്തവുമായിരുന്നു. ആ ഇളവിന്റെ തുടർച്ചയായി കൂടുതൽ ഇളവുകൾ അനുവദിക്കാൻ ആർബിഐക്ക് ഈ സാമ്പത്തിക വർഷം സാധ്യമാകുമോ എന്നതു കാത്തിരുന്നു കാണേണ്ട കാര്യമാണ്. കുറഞ്ഞത് 0.75% ഇളവ് ഈ സാമ്പത്തിക വർഷം അനുവദിക്കാൻ ആർബിഐക്കു കഴിയണം. അതാകട്ടെ വലിയ വെല്ലുവിളിയാണ്.

ആർബിഐയുടെ ആറംഗ നിരക്കു നിർണയ സമിതി (എംപിസി) യുടെ ഈ സാമ്പത്തിക വർഷത്തെ ആദ്യ യോഗം അടുത്ത ആഴ്ച ചേരുകയാണ്. സമിതിയുടെ ശുപാർശ 9നു ഗവർണർ പ്രഖ്യാപിക്കും. വാണിജ്യ ബാങ്കുകൾക്ക് ആർബിഐ അനുവദിക്കുന്ന വായ്പയുടെ നിരക്കായ റീപ്പോയിൽ 0.25% ഇളവു പൊതുവേ പ്രതീക്ഷിക്കുന്നുണ്ട്.

പണപ്പെരുപ്പം ഏഴു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 3.61 ശതമാനത്തിലേക്ക് എത്തിയതോടെ 0.25% ഇളവ് അനുവദിക്കാൻ ആർബിഐക്കു കഴിയും. ജനുവരിയിൽ പണപ്പെരുപ്പ നിരക്ക് 4.31 ശതമാനമായിരുന്നിട്ടു കൂടി നിരക്ക് 6.25 ശതമാനത്തിലേക്കു താഴ്ത്താൻ ആർബിഐക്കു സാധിച്ചിരുന്നു.

ഇൻഷുറൻസ് രംഗത്ത് പരിഷ്കാര പ്രതീക്ഷ

പൊതു മേഖലയിലെ രണ്ട് ഇൻഷുറൻസ് കമ്പനികളെ ലയിപ്പിക്കാനും ഒരെണ്ണത്തെ സ്വകാര്യവൽകരിക്കാനുമുള്ള ഉദ്ദേശ്യം സർക്കാർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ നാഷനൽ ഇൻഷുറൻസ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്, ഓറിയന്റൽ ഇന്ത്യ ഇൻഷുറൻസ് എന്നിവയ്ക്കു കൂടുതൽ മൂലധനം അനുവദിക്കാനും പിന്നീടുള്ള പ്രകടനം വിലയിരുത്തിയ ശേഷം സ്വകാര്യവൽകരണത്തിലേക്കു തിരിയാനുമാണ് ഇപ്പോഴത്തെ ആലോചന.

English Summary:

High loan interest rates burden businesses and individuals in India. Will the Reserve Bank of India (RBI) offer further concessions after a small reduction last year? Find out about the upcoming MPC meeting and the potential impact on interest rates.