
പഞ്ചാബിലെ ലുധിയാനയിൽ സൊസൈറ്റി കോംപ്ലക്സിനുള്ളിൽ അലഞ്ഞുതിരിഞ്ഞ് പുള്ളിപ്പുലി. സിസിടിവി ദൃശ്യങ്ങളിലാണ് കോംപ്ലക്സിനകത്ത് ചുറ്റിത്തിരിയുന്ന പുള്ളിപ്പുലിയെ കണ്ടത്. ധനികരായ ആളുകളാണ് ഇതിനകത്ത് താമസിക്കുന്നത്. ഏതായാലും ദൃശ്യം കണ്ടതോടെ ഇവിടുത്തെ താമസക്കാര് ഇപ്പോൾ ഞെട്ടിത്തരിച്ചിരിക്കയാണ്.
പത്രപ്രവർത്തകൻ ഗഗൻദീപ് സിംഗ് ഈ സിസിടിവി ദൃശ്യങ്ങൾ എക്സിൽ പോസ്റ്റ് ചെയ്തു, “ലുധിയാനയിലെ പഖോവൽ റോഡിലുള്ള സെൻട്രൽ ഗ്രീൻ സൊസൈറ്റിയിൽ പാതിരാത്രിയിൽ ഒരു പുള്ളിപ്പുലി കേറിവന്നു. സൊസൈറ്റിയിൽ താമസിക്കുന്ന ഒരാൾ പുലിയെ കണ്ടിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സൊസൈറ്റിയിൽ സ്ഥാപിച്ച ക്യാമറകളിൽ പതിഞ്ഞു. സംഭവമറിഞ്ഞ് സദർ പൊലീസ് സ്ഥലത്തെത്തി ഇവിടം സീൽ ചെയ്തു. പുലിയെ പിടികൂടാൻ വനംവകുപ്പിന്റെ നേതൃത്വത്തിൽ ശ്രമം തുടരുകയാണ്. പ്രദേശത്ത് ഇപ്പോൾ പരിശോധന നടക്കുകയാണെന്നാണ് സദർ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഗുർപ്രീത് സിംഗ് പറയുന്നത്” എന്ന് എഴുതിയിട്ടുമുണ്ട്.
എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിൽ പാർക്കിംഗിന്റെ അടുത്തുകൂടി പുലി നടന്നു പോകുന്നത് കാണാം. ഒരു എക്സ് യൂസർ കമന്റ് ചെയ്തിരിക്കുന്നത്, ‘സാധാരണക്കാരായ ജനങ്ങൾക്ക് ഇതിനകത്തേക്ക് പ്രവേശിപ്പിക്കാൻ കഴിയില്ല. ഒരുപാട് നിയന്ത്രണങ്ങളുണ്ട്. പക്ഷേ, പുള്ളിപ്പുലിക്ക് സാധിക്കും’ എന്നാണ്.
ലുധിയാന റേഞ്ച് ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ഓഫീസർ പൃഥ്പാൽ സിംഗ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞത്, സൊസൈറ്റി മാനേജ്മെന്റ് ജില്ലാ ഭരണകൂടത്തെ വിവരം അറിയിച്ചതിനെത്തുടർന്ന് വനം വകുപ്പിൽ നിന്നുമുള്ള സംഘം പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. എന്നാൽ, പുലിയെ കണ്ടെത്താനായില്ല. കൂടുകൾ സ്ഥാപിച്ച് ചുറ്റിനും പരിശോധിക്കുന്നുണ്ട്. സൊസൈറ്റിയിലെ താമസക്കാർ അത്യാവശ്യകാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. ഇല്ലെങ്കിൽ വീട്ടിൽ തന്നെ തുടരാനും അഭ്യർത്ഥിക്കുകയാണ് എന്നാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Dec 8, 2023, 9:18 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]