

ഹമാസ്- ഇസ്രായേൽ യുദ്ധം ആരംഭിച്ചതു മുതൽക്കെ ഹമാസ് ഭീകരരുടെ കൊടുംക്രൂരതകൾ ഒരോന്നായി പുറത്തു വന്നിരുന്നു. സ്ത്രീകളോടും പിഞ്ചു കുഞ്ഞുങ്ങളോടുമടക്കം ഹമാസിന്റെ ഭാഗത്തു നിന്നുണ്ടായ കണ്ണിൽ ചോരയില്ലാത്ത ക്രൂരതകളെ പാലസ്തീന് വേണ്ടി നടത്തുന്ന പോരാട്ടമെന്നോണമാണ് ചിലർ മഹത്വവൽക്കരിച്ചത്. എന്നാൽ, ഹമാസ് ഭീകരർ നടത്തിയ കൊടുംക്രൂരത നേരിൽ കണ്ട ഒരു ദൃസാക്ഷിയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നത്. ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഭയാനകമായ നേർചിത്രമാണ് തീവ്രവാദികളുടെ തോക്കിൻ മുനയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരു യുവാവ് തുറന്നു പറയുന്നത്.
നോവ മ്യൂസിക് ഫെസ്റ്റിവലിലെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവരിൽ ഒരാളായ യോനി സാഡോണാണ് ദി സൺഡേ ടൈംസിനോട് താൻ കണ്ട ക്രൂര ദൃശ്യങ്ങൾ വെളിപ്പെടുത്തിയത്. തലയ്ക്ക് വെടിയേറ്റ ഒരു സ്ത്രീയുടെ മൃതശരീരത്തിനടിയിൽ ഒളിച്ചിരിക്കുകയും ആ സ്ത്രീയുടെ രക്തം സ്വയം പുരട്ടി മരിച്ചപോലെ കിടക്കുകയായിരുന്നു യോനി സാഡോൺ. ആക്രമണസമയത്തും അതിനുശേഷവും താൻ കണ്ട ബലാത്സംഗത്തിന്റെയും കൊലപാതകത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് 39-കാരൻ ബ്രിട്ടീഷ് പത്രവുമായി പങ്കിട്ടത്. മാലാഖയുടെ മുഖമുള്ള ഒരു പെൺകുട്ടിയെ എട്ടോളം ഭീകരർ മർദ്ദിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്നത് തനിക്ക് കാണേണ്ടി വന്നുവെന്ന് അദ്ദേഹം പറയുന്നു.
“മാലാഖയുടെ മുഖമുള്ള ഒരു പെൺകുട്ടി. അവളെ എട്ട്- പത്ത് ഭീകരർ ചേർന്ന് അടിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്യുന്നത് ഞാൻ കണ്ടു. അവൾ നിലവിളിച്ചുകൊണ്ടിരുന്നു.
അരുത് നിർത്തൂ…! ഞാൻ എന്തായാലും മരിക്കും, എന്നെ കൊല്ലൂ!” -എന്നായിരുന്നു അവൾ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നത്.
അവളത് പറയുമ്പോൾ അവർ ചിരിക്കുകയായിരുന്നു. ക്രൂരമായി പീഡിപ്പിച്ച ശേഷം അവർ അവളുടെ തലയ്ക്ക് വെടി വച്ച് കൊലപ്പെടുത്തി. അത് എന്റെ പെൺമക്കളിൽ ഒരാളായിരുന്നെങ്കിലോ എന്ന് ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു.
തലയ്ക്ക് വെടിയേറ്റ ഒരു സ്ത്രീയുടെ ശരീരം ദേഹത്ത് വലിച്ചുകയറ്റി കിടക്കുമ്പോഴാണ് ഞാനീ ഭയാനകമായ പ്രവൃത്തി കണ്ടത്. മരിച്ചെന്ന് തോന്നിപ്പിക്കാൻ ഞാൻ ആ സ്ത്രീയുടെ രക്തം മുഖത്തും ദേഹത്തുമെല്ലാം പുരട്ടിയിരുന്നു.
എനിക്ക് ആ കുട്ടിയുടെ മുഖം ഒരിക്കലും മറക്കാൻ സാധിക്കില്ല. എല്ലാ രാത്രിയിലും ഞാൻ അവളെ സ്വപ്നം കണ്ട് ഭയന്ന് ഉണരുന്നു. ഒന്നും ചെയ്യാൻ കഴിയാത്തതിൽ ഞാൻ അവളോട് ക്ഷമ ചോദിക്കുന്നു.
മാപ്പ്…..ആ മോളോട് മാപ്പ്. ഞാനും ഒരു അച്ഛനാണ്.
അവിടെ നിന്നും ഓടിമാറി പിന്നെ ഞാനൊരു കുറ്റിക്കാട്ടിൽ അഭയം പ്രാപിച്ചു. അവിടെ ഒളിച്ചിരുന്ന് എല്ലാ അക്രമങ്ങളും ഞാൻ നിസഹായനായി കണ്ടുകൊണ്ടിരുന്നു. രണ്ട് ഹമാസ് ഭീകരർ ഒരു സ്ത്രീയുടെ വസ്ത്രം കീറാൻ ശ്രമിക്കുകയായിരുന്നു. അവൾ അത് തടുത്തു. അവർ അവളെ നിലത്തേക്ക് വലിച്ചെറിഞ്ഞു. ഒരു തീവ്രവാദി അവളുടെ തല അറുത്തു. അവളുടെ തല നിലത്തുകൂടി ഉരുണ്ടു. ഞാൻ ആ തലയും ദിവസവും സ്വപ്നം കാണുന്നു”- യോനി സാഡോണ് മാദ്ധ്യമത്തോട് പറഞ്ഞു.