

നടി ലെനയെ സോഷ്യല്‍ മീഡിയയിലൂടെ പരിഹസിക്കുന്നവര്‍ക്കാണ് യഥാര്‍ഥത്തില്‍ വട്ടെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. വലിയ വലിയ കാര്യങ്ങള്‍ പറയുമ്പോള്‍ ചിലര്‍ക്ക് ദഹിക്കില്ലെന്നും ആ അസൂയയില്‍ നിന്നുണ്ടാകുന്ന വിമര്‍ശനമാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രത്യോതി നികേതന്‍ കോളജില്‍ നടന്ന പരിപാടിക്കിടിയാണ് സുരേഷ്ഗോപിയുടെ പരാമര്‍ശം.
‘നാട്ടുകാര്‍ പലതും പറയും. വട്ടാമെന്ന് പറയും, കിളിപോയിരിക്കാണെന്ന് പറയും. ആ പറയുന്ന ആളുകളുടെ കിളിയാണ് പോയത്. അസൂയ മൂത്ത് പറയുന്നതാണ് ഇതൊക്കെ. രാഷ്ട്രീയത്തില്‍ ഇതിന് കുരുപൊട്ടുക എന്ന് പറയും. കുരുവോ കിണ്ടിയോ എന്തുവേണമെങ്കിലും പൊട്ടട്ടെ. നമുക്ക് അതിലൊരു കാര്യവുമില്ല. നല്ല ജീവിതം നമുക്ക് ഉണ്ടാകണം. മനസ് കെട്ടുപോകാതെ എപ്പോഴും ഒരു കവചം ഉണ്ടായിരിക്കണം.ഇവരൊന്നും മതത്തിന്റെ വക്താക്കളല്ല. ഇങ്ങനെയുളള അൻപത് പേരുടെ പേര് പറയാം. ഇവരെയൊക്കെ വിളിച്ച് കുട്ടികളുടെ ഇന്ററാക്ഷൻ നടത്തണം. എല്ലാ കുഞ്ഞുങ്ങളും രാജ്യത്തിന്റെ സമ്പത്തായി തീരട്ടെ. ഇക്കാര്യം ഞാൻ തന്നെ ലെനയെ വിളിച്ചു പറയാം. ലെനയ്ക്ക് എപ്പോഴാണ് വരാന്‍ പറ്റുന്നതെന്ന് നോക്കി ഒരു ഇന്ററാക്ഷന് സെഷന് വയ്ക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു
.
ലെനയ്ക്ക് മതമില്ലെന്നും. നമുക്കും അങ്ങനെയൊരു ഫോക്കസ് വേണമെന്നും സുരേഷ് ഗോപി പറഞ്ഞു. മയക്കുമരുന്നിന് അടിമപ്പെടാതെ മറ്റെവിടെയെങ്കിലും നമ്മളൊന്ന് അടിമപ്പെടണമെന്നും സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ ജന്മത്തില് താന്‍ ഒരു ബുദ്ധസന്ന്യാസി ആയിരുന്നുവെന്നും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണെന്നുമെല്ലാമുള്ള ലെനയുടെ പരാമര്‍ശങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു ലെന തന്റെ ആധ്യാത്മിക അനുഭവങ്ങളെ കുറിച്ചും വിഷാദത്തിന്റെ നാള്‍വഴികളെ കുറിച്ചും അതിനെ മറികടന്നതിനെ കുറിച്ചുമെല്ലാം വെളിപ്പെടുത്തിയത്