
കോഴിക്കോട്
വിവിധ നവോത്ഥാന പ്രസ്ഥാനങ്ങളെ കോർത്തിണക്കിയുള്ള നവകേരളത്തിന് സർക്കാർ നേതൃത്വംനൽകുമെന്നും വെറുപ്പും പകയും പ്രചരിപ്പിച്ച് നേട്ടമുണ്ടാക്കുന്നവരുള്ള രാജ്യത്ത് എല്ലാവരേയും ഒന്നിച്ച് നിർത്തുന്ന മാതൃകാ പ്രവർത്തനമാണ് സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെപിഎംഎസ് സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മലാബാർ മഹാസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
നവോന്ഥാന പ്രവർത്തനങ്ങൾക്ക് കേരളത്തിൽ പിന്തുടർച്ചയായത് ദേശീയ പ്രസ്ഥാനത്തിന്റെയും തുടർന്നുണ്ടായ കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളുടെയും പ്രവർത്തനഫലമായാണ്. 1957ൽ അധികാരത്തിലെത്തിയ ഇടതുപക്ഷ സർക്കാർ പാവപ്പെട്ടവരുടെ ജീവിത ഉയർച്ചക്ക് നിരവധി കാര്യങ്ങൾ നടപ്പാക്കി. പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തി എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതിനാണ് 2016 ലെ എൽഡിഎഫ് സർക്കാർ പരിഗണന നൽകിയത്. തുടർന്ന് ഉന്നത വിദ്യാഭ്യാസ രംഗത്തും കൂടുതൽ കോഴ്സുകളും അവസരങ്ങളും ഫെലോഷിപ്പും ഉറപ്പാക്കുകവഴി ഇത്തരം മേഖലകളിലും പാവപ്പെട്ടവരുടെ ഇടം ഉറപ്പിക്കാൻ സർക്കാരിന് കഴിഞ്ഞു.
ആരോഗ്യരംഗത്ത് ആർദ്രം പദ്ധതി നടപ്പാക്കിയതോടെയാണ് കോവിഡ്കാലത്ത് എല്ലാവർക്കും സൗജന്യമായ ചികിത്സ ഉറപ്പാക്കാനായത്. വികസിത രാജ്യങ്ങളിൽപ്പോലും വെന്റിലേറ്ററില്ലാതെ രോഗവ്യാപനംകൊണ്ട് പൊറുതിമുട്ടിയപ്പോൾ അത്തരം ഗുരുതരാവസ്ഥ കേരളത്തിലില്ലാതാക്കാൻ സർക്കാരിന് കഴിഞ്ഞു. ലൈഫ് മിഷൻ പദ്ധതിയിൽ മൂന്ന് ലക്ഷം കുടുംബങ്ങൾക്കാണ് വീട് നിർമിച്ച് നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കടപ്പുറത്തെ മഹാത്മാ അയ്യൻകാളി നഗറിൽ നടന്ന കേരള പുലയർ മഹാസഭയുടെ സംഗമത്തിൽ സംസ്ഥാന പ്രസിഡന്റ് എൽ രമേശൻ അധ്യക്ഷനായി. മന്ത്രി പി എ മുഹമ്മദ് റിയാസ്, മന്ത്രി കെ രാജൻ, എം കെ രാഘവൻ എംപി, പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ, ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്, എംഇഎസ് പ്രസിഡന്റ് പി എ ഫസൽ ഗഫൂർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ സ്വാഗതവും രഞ്ജിത്ത് ഒളവണ്ണ നന്ദിയും പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]