
റായ്പൂര്‍ – അടിമുടി മാറിയ ഓസ്ട്രേലിയയെ നാലാം ട്വന്റി20യില്‍ 20 റണ്‍സിന് തോല്പിച്ച് ഇന്ത്യ അഞ്ചു മത്സര ട്വന്റി20 പരമ്പരയില്‍ അജയ്യമായ 3-1 ലീഡ് സ്വന്തമാക്കി. ടൂര്‍ണമെന്റിലാദ്യമായി കളിക്കുന്ന ജിതേശ് ശര്‍മയും റിങ്കു സിംഗുമാണ് സാവധാനം തുടങ്ങിയ ഇന്ത്യക്ക് പൊരുതാനുള്ള സ്കോര്‍ സമ്മാനിച്ചത്. അവസാന 15 പന്തില്‍ അഞ്ച് വിക്കറ്റെടുത്തത് ഇന്ത്യ 200 കടക്കുന്നത് ഓസ്ട്രേലിയ തടഞ്ഞു. ലോകകപ്പ് ഹീറോ ട്രാവിസ് ഹെഡ് പിന്നീട് കനത്ത പ്രത്യാക്രമണമഴിച്ചുവിട്ടെങ്കിലും സ്പിന്നര്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തോടെ സന്ദര്‍ശകരെ ഇന്ത്യ മെരുക്കി. സ്പിന്നര്‍മാരായ അക്ഷര്‍ പട്ടേലും (4-0-16-3) രവി ബിഷ്ണോയിയും (4-0-17-1) എട്ടോവറില്‍ 33 റണ്‍സ് മാത്രം വഴങ്ങി നാല് മുന്‍നിര വിക്കറ്റെടുത്തു. സ്കോര്‍: ഇന്ത്യ ഒമ്പതിന് 174, ഓസ്ട്രേലിയ ഏഴിന് 154.
ഹെഡിന്റെ കുതിപ്പ് അവസാനിപ്പിച്ച അക്ഷര്‍ പട്ടേലാണ് ഇന്ത്യയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ബിഷ്ണോയ് തന്റെ ആദ്യ പന്തില്‍ ഓപണര്‍ ജോഷ് ഫിലിപ്പിനെ (8) ബൗള്‍ഡാക്കി. ബെന്‍ മക്ഡര്‍മട്ടിന്റെയും (22 പന്തില്‍ 19) ആരണ് ഹാര്ദിയുടെയും (8) കുറ്റികള്‍ അക്ഷര്‍ തെറിപ്പിച്ചു. ടിം ഡേവിഡിനെയും (19) മാത്യു ഷോടിനെയും (22) ദീപക് ചഹര്‍ (4-0-44-2) പുറത്താക്കി. ഹെഡ് അഞ്ചാം ഓവറില്‍ പുറത്തായ ശേഷം ഓസീസ് മത്സരത്തിലേയുണ്ടായിരുന്നില്ല. രണ്ടോവര്‍ ശേഷിക്കെ അവര്‍ക്ക് 40 റണ്‍സ് വേണമായിരുന്നു. ക്യാപ്റ്റന്‍ മാത്യു വെയ്ഡ് (23 പന്തില്‍ 36 നോട്ടൗട്ട്) ക്രീസിലുണ്ടായിരുന്നു. എന്നാല്‍ മുകേഷ്കുമാര്‍ 19ാം ഓവറില്‍ ഒമ്പത് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. അവസാന ഓവവറില്‍ അവേഷ് ഖാന് 10 റണ്‍സും. കഴിഞ്ഞ കളിയില്‍ അവസാന ഓവറുകളിലാണ് ഇന്ത്യ ജയം കൈവിട്ടത്.
റിങ്കു-ജിതേഷ് വെടിക്കെട്ട്
മധ്യനിരയില്‍ ആഞ്ഞടിച്ച റിങ്കു സിംഗും (29 പന്തില്‍ 46) ജിതേഷ് ശര്‍മയുമാണ് (19 പന്തില്‍ 35) ഇന്ത്യയെ കരകയറ്റിയത്. ഇവരെ കൂടാതെ രണ്ടക്കത്തിലെത്തിയത് ഓപണര്‍മാരായ യശസ്വി ജയ്സ്വാളും (28 പന്തില്‍ 37) ഋതുരാജ് ഗെയ്കവാദും (28 പന്തില്‍ 32) മാത്രം. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും (1) പരമ്പരയിലാദ്യമായി കളിക്കുന്ന വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും (8) പരാജയപ്പെട്ടു.
രണ്ട് സിക്സറും നാല് ബൗണ്ടറിയുമായി റിങ്കുവും മൂന്നു സിക്സറും ഒരു ബൗണ്ടറിയുമായി ജിതേഷും കളം വാണു. സിക്സറടിക്കാനുള്ള ശ്രമത്തില്‍ ജിതേഷിനെ ഹെഡ് പിടിച്ച ശേഷം ഇന്ത്യക്ക് തുടരെ വിക്കറ്റ് നഷ്ടപ്പെട്ടു. അവസാന രണ്ടോവറില്‍ 12 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ബെന്‍ ദര്ഷൂയിസും (4-0-40-3) ജെയ്സന് ബെഹറന്‍ഡോഫും (4-0-32-2) സ്പിന്നര്‍മാരായ തന്‍വീര്‍ സംഗ (4-0-30-2) ആരണ് ഹാര്‍ദി (3-1-20-1) എന്നിവരുമാണ് വിക്കറ്റ് നേടിയത്. സ്പിന്നര്‍ ഹാര്‍ദി ആദ്യ ഓവര്‍ മെയ്ഡനാക്കിയാണ് ഓസീസ് ബൗളിംഗ് ഓപണ്‍ ചെയ്തത്.
ടോസ് നേടിയ ഓസ്ട്രേലിയ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. രണ്ട് ടീമുമായി ഒമ്പത് മാറ്റങ്ങള്‍ വരുത്തി. വിക്കറ്റ്കീപ്പര്‍ ഇശാന് കിഷന് വിശ്രമം നല്‍കിയാണ് ജിതേഷ് ശര്‍മക്ക് ഇന്ത്യ അവസരമൊരുക്കിയത്. വൈസ് ക്യാപ്റ്റനായി ശ്രേയസ് അയ്യര്‍ പരമ്പയിലെ ആദ്യ മത്സരത്തിന് ഇറങ്ങി. കഴിഞ്ഞ കളിയില്‍ ഏറെ റണ്‍സ് വഴങ്ങിയ പെയ്സ്ബൗളര്‍മാരായ അര്‍ഷദീപ് സിംഗിനും പ്രസിദ്ധ് കൃഷ്ണക്കും പകരം മുകേഷ്കുമാറും ദീപക് ചഹറും ടീമിലെത്തി. തിലക് വര്‍മക്കു പകരം പെയ്സ്ബൗളര്‍ അവേഷ് ഖാനെ ഉള്‍പെടുത്തി. ജിതേഷ് ഏഷ്യന്‍ ഗെയിംസില്‍ ടീമിലുണ്ടായിരുന്നു.
മാര്‍ക്കസ് സ്റ്റോയ്നിസ്, ഗ്ലെന്‍ മാക്സ്വെല്, ജയ് റിച്ചാഡ്സന്‍ എന്നിവര്‍ക്കു പകരം ക്രിസ് ഗ്രീന്‍, ബെന്‍ ദ്വാര്‍ഷൂയിസ്, ബെന്‍ മക്ഡര്‍മട് എന്നിവരും ഓപണറായി ജോഷ് ഫിലിപ്പും ഓസീസ് ടീമിലെത്തി. ഗ്രീനിന് ട്വന്റി20 അരങ്ങേറ്റമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
