
റായ്പൂര്‍: ഇന്ത്യ-ഓസ്ട്രേലിയ നാലാം ട്വന്റി 20 ഇന്ന് റായ്പൂരിൽ. വൈകിട്ട് ഏഴിനാണ് മത്സരം ആരംഭിക്കുക. റായ്പൂരില്‍ ആറരയ്ക്ക് ടോസ് വീഴും. നാലാം ടി20 ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് സൂര്യകുമാര്‍ യാദവും സംഘവും ഇറങ്ങുന്നത്. ഗ്ലെന്‍ മാക്സ്വെൽ വെടിക്കെട്ടിൽ ഗുവാഹത്തിയിൽ കൈവിട്ട ജയം റായ്പൂരിൽ സ്വന്തമാക്കി പരമ്പര പിടിക്കാനാണ് ടീം ഇന്ത്യ ഇറങ്ങുന്നതെങ്കില്‍ ആവേശ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഓസ്ട്രേലിയ എത്തിയിരിക്കുന്നത്. റായ്പൂര്‍ സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര ട്വന്റി മത്സരം ത്രില്ലര്‍ പോരാട്ടമാകുമെന്നുറപ്പ്.
ഗുവാഹത്തിയിലെ മൂന്നാം ടി20യില്‍ 222 റണ്‍സുണ്ടായിട്ടും പ്രതിരോധിക്കാൻ പറ്റാത്ത ഇന്ത്യൻ ബൗളിംഗ് നിരയിൽ ഇന്ന് മാറ്റങ്ങൾ ഉറപ്പിക്കാം. കല്യാണത്തിനായി മൂന്നാം ട്വന്റി 20യിൽ നിന്ന് അവധിയെടുത്ത പേസര്‍ മുകേഷ് കുമാര്‍ തിരിച്ചെത്തുന്നത് ഡെത്ത് ബൗളിംഗിന് മൂര്‍ച്ച കൂട്ടും. അവസാന രണ്ട് മത്സരങ്ങൾക്കായി ടീമിലെടുത്ത ദീപക് ചഹാറും ഇലവനിൽ ഇടം ഉറപ്പിക്കും എന്ന് പ്രതീക്ഷിക്കാം. മൂന്നാം പേസറായി ആവേശ് ഖാന് അവസരം കിട്ടാനാണ് സാധ്യത. അതേസമയം ബാറ്റിംഗിൽ ഒരു മാറ്റം ഉറപ്പ്. വൈസ് ക്യാപ്റ്റൻ സ്ഥാനത്തോടുകൂടി ശ്രേയസ് അയ്യര്‍ തിരിച്ചെത്തുമ്പോൾ തിലക് വര്‍മ്മയ്ക്കായിരിക്കും അവസരം നഷ്ടമാവുക.
ഏകദിന ലോകകപ്പ് കളിച്ച താരങ്ങളായ ഗ്ലെൻ മാക്സ്വെൽ, മാര്‍ക്കസ് സ്റ്റോയിനിസ്, ജോഷ് ഇൻഗ്ലിസ് തുടങ്ങിയവര്‍ നാട്ടിലേക്ക് മടങ്ങിയതിനാൽ ഓസീസ് ടീമിൽ അടിമുടി മാറ്റമുണ്ടാകും. പരമ്പര നഷ്ടമാകാതിരിക്കാൻ മാത്യു വെയ്ഡിനും സംഘത്തിനും ഇത് ജീവന്മരണ പോരാട്ടമാണ്. ആദ്യ മൂന്ന് മത്സരങ്ങളിലെ പോലെ റണ്‍മഴ പെയ്യുന്ന പിച്ച് തന്നെയായിരിക്കും റായ്പൂരിലേതും. 123 ഫോറും 65 സിക്സുമാണ് ഇതുവരെ പരമ്പരയിൽ പിറന്നത്. ഇന്നും ബൗണ്ടറികൾക്ക് ഒരു കുറവും ഉണ്ടാകില്ല എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ജിയോ സിനിമയും സ്പോര്‍ട്സ് 18നും വഴി ആരാധകര്‍ക്ക് മത്സരം ഇന്ത്യയില്‍ കാണാം.
Last Updated Dec 1, 2023, 7:33 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]