
തൃശൂർ> നൃത്തം അവതരിപ്പിക്കാൻ ഹിന്ദുവെന്ന ജാതി രേഖപ്പെടുത്തണമെന്ന് തീട്ടുരമിറക്കിയ കൂടൽമാണിക്യം ക്ഷേത്രത്തിലെ നൃത്തോത്സവം ബഹിഷ്കരിച്ച് നർത്തകി അഞ്ജു അരവിന്ദ്. കലയ്ക്ക് ജാതിയും മതവും ഇല്ല എന്ന പൂർണ ബോധ്യമുണ്ട്. കല അവതരിപ്പിക്കാൻ ‘ഹിന്ദുവാണ്’ എന്ന് എഴുതി സമ്മതിച്ച് ആ വേദിയിൽ നൃത്തം അവതരിപ്പിക്കാൻ എനിക്ക് സാധിക്കില്ലെന്നും ഫേസ്ബുക്കിൽ കുറിച്ചു. കോട്ടക്കൽ സ്വദേശിനിയായ അഞ്ജു അരവിന്ദ് ക്ലാസിക്കൽ ഡാൻസറും ഗവേഷകയുമാണ്.
കമ്മിറ്റിയുടെ നിബന്ധനകളിൽ പറയുന്ന പോലെ അഹിന്ദുക്കളെ പ്രവേശിപ്പിക്കാൻ പാടില്ലെന്ന ‘പുരാതനമായ’ നിയമം ഉണ്ടെന്നിരിക്കെ മൻസിയയുടെ അപേക്ഷ ആദ്യം പരിഗണിച്ചു. ഫോട്ടോ ഉൾപ്പെടെ വാങ്ങിച്ചു നോട്ടീസിൽ പ്രിന്റ് ചെയ്തു പുറത്തിറക്കി, പിന്നീട് മത വിശ്വാസി അല്ല എന്ന ഒറ്റകാരണം കൊണ്ടാണ് അവസരം നിഷേധിച്ചത്. പ്രോഗ്രാം സ്ഥിരീകരിക്കാൻ പോയ എന്റെ സുഹൃത്തിനോട് ‘ഞാൻ ഹിന്ദു ആണ്’ എന്ന് എഴുതി ഒപ്പിടാൻ പ്രേരിപ്പിച്ചത്.
‘സമർപ്പണ’ കലാപരിപാടിയിൽ ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത നിബന്ധനകളും കാരണങ്ങളും പറഞ്ഞു പക്കമേള കലാകാരന്മാരെയും ഒഴിവാക്കുന്നു. ഈ നിബന്ധനകൾ ഒന്നും കഴിഞ്ഞ വർഷങ്ങളിലെ നൃത്തോത്സവങ്ങളിൽ ഉണ്ടായിരുന്നില്ല.
പക്കമേളക്കാർക്കുള്ള പ്രതിഫലം പോലും സംഘാടകർ നൽകില്ല എന്നറിഞ്ഞിട്ടാണ് താൻ നൃത്തപരിപാടി ചെയ്യാൻ ആഗ്രഹിച്ചതും അതിനായി പ്രയത്നിച്ചതും. എന്നാൽ നിബന്ധനകൾ വച്ച്, ഞാൻ ഹിന്ദു ആണ് എന്ന് എഴുതി ഒപ്പിട്ടുകൊടുക്കേണ്ട സാഹചര്യത്തിൽ കാര്യങ്ങളെത്തി. ഇത് അംഗീകരിക്കനാവില്ല. തനിക്ക് എപ്രിൽ 21ന് ലഭിച്ച നൃത്താവസരം ബഹിഷ്കരിക്കുകയാണെന്നും ഫേസ്ബുക്കിൽ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]