
ഇതരഭാഷാ താരങ്ങളോടും മലയാളി താരങ്ങളോടും മലയാളി സിനിമാപ്രേമികള്‍ക്കുള്ള സമീപനത്തിലെ വ്യത്യാസത്തെക്കുറിച്ച് റസൂല്‍ പൂക്കുട്ടി. ഇതരഭാഷയിലെ പ്രമുഖ താരങ്ങളുടെ ചിത്രങ്ങള്‍ക്ക് വലിയ കൈയടിയും കളക്ഷനും കൊടുക്കുന്ന മലയാളി സിനിമാപ്രേമി ഇവിടുത്തെ ഒരു താരം തങ്ങളുടെ പ്രതീക്ഷയ്ക്ക് അപ്പുറത്തേക്ക് പോയാല്‍ അംഗീകരിക്കാറില്ലെന്ന് പറയുന്നു റസൂല്‍ പൂക്കുട്ടി. ഭരദ്വാജ് രംഗന് അവതാരകനായ ഗലാട്ട പ്ലസിന്റെ മലയാളം റൗണ്ട്ടേബിളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“മലയാളി പ്രേക്ഷകരില്‍ ഞാന്‍ കണ്ട, എനിക്ക് മനസിലാവാത്ത ഒരു കാര്യമുണ്ട്. ഒരു വിജയ് ചിത്രമോ ഒരു അല്ലു അര്ജുന് ചിത്രമോ ഒരു രജനികാന്ത് ചിത്രമോ മുഴുവന്‍ ഹൃദയവും കൊടുത്താണ് അവര്‍ കാണുക. നാനൂറോ അഞ്ഞൂറോ തിയറ്ററുകളിലാവും റിലീസ്. അവരത് ആസ്വദിക്കും, കോടിക്കണക്കിന് രൂപ കൊടുക്കുകയും ചെയ്യും. പക്ഷേ ഒരു മലയാളി നടന് അവരുടെ പ്രതീക്ഷയ്ക്ക് പുറത്തേക്ക് പോയാല്‍ അവരതിനെ കൊല്ലും. അവര്‍ ആ സിനിമയ്ക്ക് പോവില്ല, അതിനെ അംഗീകരിക്കില്ല. വളരെ വിചിത്രമാണ് ഇത്”, റസൂല്‍ പൂക്കുട്ടി പറഞ്ഞു. മഹേഷ് നാരായണന്, കുഞ്ചാക്കോ ബോബന്, രജിഷ വിജയന്, സോഫിയ പോള്‍, ബേസില്‍ ജോസഫ് എന്നിവരും പങ്കെടുത്ത ചര്‍ച്ചയിലായിരുന്നു റസൂലിന്റെ അഭിപ്രായപ്രകടനം.
ഇതരഭാഷാ ചിത്രങ്ങള്‍ സമീപകാലത്ത് വലിയ കളക്ഷനാണ് കേരളത്തില്‍ നേടുന്നത്. രജനികാന്ത് ചിത്രം ജയിലര്‍, വിജയ് ചിത്രം ലിയോ എന്നിവ കേരളത്തില്‍ നിന്ന് 50 കോടിയിലേറെ നേടിയിരുന്നു. 60 കോടിക്ക് മുകളില്‍ നേടിയ ലിയോ ആണ് നിലവില്‍ കേരളത്തില്‍ നിന്ന് ഏറ്റവുമധികം കളക്റ്റ് ചെയ്ത തമിഴ് സിനിമ. കേരളത്തില്‍ നിന്നുള്ള കളക്ഷനില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടുള്ളതിനാല്‍ പുതിയ ഇതരഭാഷാ ചിത്രങ്ങള്‍ മികച്ച പ്രൊമോഷനോടെയാണ് അവയുടെ നിര്‍മ്മാതാക്കള്‍ കേരളത്തില്‍ ഇപ്പോള്‍ റിലീസ് ചെയ്യുന്നത്.
Last Updated Nov 29, 2023, 4:52 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]