പനജി: മമ്മൂട്ടി, ജ്യോതിക എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതൽ; ദ കോർ എന്ന ചിത്രം കഴിഞ്ഞ ദിവസം ഇന്ത്യൻ പനോരമയിൽ പ്രദർശനത്തിനെത്തി. ചിത്രത്തിന് വൻ വരവേൽപ്പാണ് മേളയിൽ ലഭിച്ചത്. നിറഞ്ഞസദസ്സിൽ നിറകയ്യടികളോടെയാണ് പ്രേക്ഷകർ മമ്മൂട്ടി-ജിയോ ബേബി ചിത്രത്തെ വരവേറ്റത്.
മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ 2, സുധാൻഷു സരിയ സംവിധാനം ചെയ്ത സനാ തുടങ്ങിയ ചിത്രങ്ങളും ഇന്നലെ ഇന്ത്യൻ പനോരമയിൽ പ്രദർശനത്തിനെത്തി. ഇതിൽ സനാ എന്ന ചിത്രം അന്താരാഷ്ട്ര മത്സര വിഭാഗത്തിന്റെയും ഭാഗമാണ്.
മയാൻ റിപ്പ് സംവിധാനം ചെയ്ത ഇസ്രായേലി ചിത്രം ദ അതർ വിഡോ, വ്രെഗാസ് ഭനുതേജ സംവിധാനം ചെയ്ത അന്ത്രഗോജി എന്നീ ചിത്രങ്ങളാണ് അന്തരാഷ്ട്ര മത്സരവിഭാഗത്തിൽ പ്രദർശനത്തിനെത്തിയ മറ്റ് ചിത്രങ്ങൾ. നാടകത്തിൽ വസ്ത്രലങ്കാരം ചെയ്യുന്ന എല്ലാ എന്ന യുവതിയുടെ കഥ പറയുന്ന ചിത്രമാണ് തെ അതർ വിഡോ. എല്ലയുടെ കാമുകന്റെ പെട്ടെന്നുള്ള മരണവും മറ്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു ബ്ലാക്ക് കോമഡി ചിത്രമായാണ് അതർ വിഡോ ഒരുക്കിയിരിക്കുന്നത്.
ഒരു സ്കൂൾ ടീച്ചറുടെ കഥ പറയുന്ന ചിത്രമാണ് അന്ത്രഗോജി. ഒരു ഭക്ഷണശാലയിൽ ക്യൂവിൽ നിൽകുമ്പോൾ വരി തെറ്റിച്ചു കയറിയവരോട് തട്ടിക്കയറുകയും ബഹളമുണ്ടക്കുകയും ചെയ്യുന്ന പ്രാണി എന്ന സ്കൂൾ ടീച്ചറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. അതിന് ശേഷം അവരുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളും മറ്റുമാണ് ചിത്രത്തിൽ പറയുന്നത്.
രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട്, വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം തുടങ്ങിയ ചിത്രങ്ങൾ ഇന്ന് ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കും.
മരിൻ കോവിക് സംവിധാനം ചെയ്ത ക്രൊയേഷ്യൻ-ജർമൻ ചിത്രം ബോസ്നിയൻ പോട്ട്, അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ ഇന്ന് പ്രദർശനത്തിനെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]